
അഞ്ച് പേര് അടങ്ങുന്ന ഒരു കുടുംബത്തിന് ബ്രേക്ക് ഫാസ്റ്റിന് എത്ര രൂപ ചെലവാകും? 400 - 500 ? എന്നാൽ കേട്ടോളൂ ഡിസ്നിലാന്‍ഡില്‍ ഇത് 900 ഡോളർ വരും. ജോണ്‍ റോക്ക് ആന്‍റ് റോൾ ടോൾകിന്‍ എന്ന എക്സ് ഉപയോക്താവാണ് തനിക്ക് ലഭിച്ച ബില്ല് പങ്കുവച്ചത്. 'എന്‍റെ കുട്ടികൾക്കൊപ്പം ഡിസ്നിലാന്‍ഡില്‍ 'രാജകീയ ഭക്ഷണം'. ഞാന്‍ കാപ്പി ഏതാണ്ട് തുപ്പിക്കളയാൻ പോയി' ബില്ല് പങ്കുവച്ച് കൊണ്ട് അദ്ദേഹം എഴുതി. അദ്ദേഹം പങ്കുവച്ച ബില്ലില്‍ ആകെ തുക 937 ഡോളർ ( ഏകദേശം 77,796 രൂപ) ആണെന്ന് കാണിക്കുന്നു. അതിൽ 150 ഡോളര്‍ ടിപ്പും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ ഓണ്‍ലൈനില്‍ പങ്കുവച്ചത് മുതൽ ഡിസ്നിലാൻഡ് ഭക്ഷണ ബില്ലിന്‍റെ ചിത്രം 15 ദശലക്ഷം പേരാണ് കണ്ടത്. ചിത്രവും കുറിപ്പും വൈറലായതിന് പിന്നാലെ യുഎസിലെ കുതിച്ചുയരുന്ന ജീവിത ചെലവുകളെ കുറിച്ചും ഡിസ്നിലാന്‍ഡ് പണത്തിന് മൂല്യമുള്ള ഒരു സ്ഥലമാണോ എന്നതിനെ കുറിച്ചുമുള്ള സജീവ ചര്‍ച്ചയാണ് നടന്നത്.
1955 ജൂലൈ 17 ന് കാലിഫോർണിയയിലെ അനാഹൈമിൽ വാൾട്ട് ഡിസ്നി തുറന്ന തീം പാര്‍ക്കാണ് ഡിസ്നിലാന്‍ഡ്. ഇന്ന് പാരീസ്, ടോക്കിയോ, ഹോങ്കോംഗ്, ഷാങ്ഹായ് എന്നിവിടങ്ങളിലും ഡിസ്നിലാൻഡ് പാർക്കുകളുണ്ട്. പ്രധാനമായും മൂന്ന് കോഴ്സ് ബ്രേക്ക് ഫാസ്റ്റുകളാണ് ഡിസ്നിലാന്‍ഡില്‍ വിളമ്പുന്നത്. പ്രിൻസസ് ബ്രേക്ക്ഫാസ്റ്റ് , പ്രിൻസസ് ജാസ്മിന്‍റെ ബനാന റാപ്പ്, ചിക്കൻ, മിക്കി വാഫിൾസ്, ഏരിയലിന്‍റെ ഡിംഗിൾ ഹോപ്പർ വാനില കേക്ക് പോപ്‌സ് തുടങ്ങിയവയാണ് ആ ഡിസ്നിലാന്‍ഡില്‍ ലഭിക്കുന്ന മൂന്ന് കോഴ്‌സ് ബ്രേക്ക്ഫാസ്റ്റുകൾ.
'ബ്രോ, ബുക്ക് ചെയ്യുമ്പോൾ തന്നെ വില പറയും, എന്നിട്ടും അത്ഭുതപ്പെട്ടാൽ അത് നിങ്ങളുടെ ബാധ്യതയാണ്,' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. കോവിഡ് കാരണം ഡിസ്നി അടച്ചുപൂട്ടിയിരിക്കുകയാണെന്ന് എന്‍റെ മകൾ ഇപ്പോഴും വിശ്വസിക്കുന്നത് അതുകൊണ്ടാണെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. എന്തിനാണ് ഇത്ര വിലയുള്ള ഭക്ഷണം കഴിക്കുന്നത് ? വേണ്ടെന്ന് പറയൂ. ഭക്ഷണത്തിന് ഇത്തരത്തില്‍ വില ഈടാക്കുന്നത് ശുദ്ധ മോഷണമാണ്. ഉപഭോക്താക്കളോടുള്ള അവരുടെ അവജ്ഞ വ്യക്തമാണെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. അതേസമയം ഡിസ്നിലാൻഡിലെ ഏറ്റവും ചെലവേറിയ ഭക്ഷണങ്ങളിലൊന്നാണ് പ്രിൻസസ് ബ്രേക്ക്ഫാസ്റ്റ് എന്ന് പലരും ചൂണ്ടിക്കാട്ടി.