
നാം ഒരേ കമ്പനിയിൽ എത്ര വർഷം ജോലി ചെയ്യും? അഞ്ച്, പത്ത്, പതിനഞ്ച്? എന്നാൽ, ബ്രസീലിലെ ഒരാൾ ഒരേ കമ്പനിയിൽ ജോലി ചെയ്‍തത് 84 വർഷമാണ്. വാൾട്ടർ ഓർത്ത്‍മാൻ (Walter Orthmann) എന്ന അദ്ദേഹത്തിനിപ്പോൾ 100 വയസായി. ഏറ്റവും നീണ്ട കാലം ഒരേ കമ്പനിയിൽ തന്നെ ജോലി ചെയ്‍തതിന് ഗിന്നസ് വേൾഡ് റെക്കോർഡും (Guinness World Records) അദ്ദേഹം നേടി. 2022 ജനുവരി ആറിന് റെക്കോർഡ് സ്ഥിരീകരിച്ചു. ആ സമയത്ത് വാൾട്ടർ 84 വർഷവും ഒമ്പത് ദിവസവുമായിരുന്നു അതേ കമ്പനിയിൽ ജോലി ചെയ്‍തു തുടങ്ങിയിട്ട്.
വാൾട്ടർ, ബ്രസീലിലെ സാന്താ കാറ്ററിനയിലെ Industrias Renaux SA എന്ന ടെക്സ്റ്റൈൽ കമ്പനിയിൽ ഷിപ്പിംഗ് അസിസ്റ്റന്റായിട്ടാണ് ജോലി തുടങ്ങിയത്. അന്ന് അദ്ദേഹത്തിന് 15 വയസാണ് പ്രായം. ബ്രസീലിലെ സാന്താ കാതറിനയിലെ ഒരു ചെറിയ പട്ടണമായ ബ്രൂസ്‌ക്വിലാണ് അദ്ദേഹം ജനിച്ചത്. നഗ്നപാദനായിട്ടാണ് അവൻ സ്കൂളിൽ പോയിരുന്നത്. വീട്ടിലെത്തിയ ശേഷവും പഠിച്ചതെല്ലാം പരിശീലിച്ച് നോക്കും. മികച്ച ഓർമ്മയും സൂക്ഷ്മമായി കാര്യങ്ങളെ ഗ്രഹിക്കാനുള്ള കഴിവും അദ്ദേഹത്തിന് അന്ന് മുതൽ എന്നുമുണ്ടായിരുന്നു.
സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന കുടുംബത്തെ പിന്തുണക്കുന്നതിന് വേണ്ടി വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന് ജോലിക്ക് പോകേണ്ടി വന്നു. പ്രസ്തുത കമ്പനിയിൽ ജോലിക്ക് അദ്ദേഹത്തെ എടുക്കുന്നത് ജർമ്മൻ ഭാഷയിലുള്ള അറിവ് കാരണമാണ്.
ജോലിക്ക് കയറി അധികം വൈകാതെ തന്നെ അദ്ദേഹം സെയിൽസിലേക്ക് പ്രോമോട്ട് ചെയ്യപ്പെട്ടു. അവിടെനിന്നും അധികം താമസിയാതെ സെയിൽസ് മാനേജരായി. "എനിക്ക് ഒരു സെയിൽസ്‌പേഴ്‌സണായി ജോലി ചെയ്യാൻ അവസരം ലഭിച്ചു. ഞാൻ സാവോ പോളോയിലേക്ക് പോയി, ഒരാഴ്‌ചയ്‌ക്കുള്ളിൽ മൂന്ന് മാസത്തെ ജോലിക്ക് തുല്യമായ ഓർഡറുകൾ കൊണ്ട് വന്നു" വാൾട്ടർ ഗിന്നസ് വേൾഡ് റെക്കോർഡിനോട് പറഞ്ഞു.
ഒരു ജോലിയുള്ളതിന്റെ ഏറ്റവും നല്ല ഭാഗം അത് നിങ്ങൾക്ക് ലക്ഷ്യബോധവും പ്രതിബദ്ധതയും പതിവായി എന്തെങ്കിലും ചെയ്യാനും നൽകുന്നു എന്നതാണ് എന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഒരു നല്ല ജീവനക്കാരനാവുന്നതിന് എപ്പോഴും അപ് ടു ഡേറ്റായിരിക്കണം എന്നും അദ്ദേഹം വിശ്വസിക്കുന്നു.
ഏപ്രിൽ 19 -നാണ് അദ്ദേഹത്തിന് 100 വയസ് തികഞ്ഞത്. സഹപ്രവർത്തകർക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം അദ്ദേഹം പിറന്നാൾ ആഘോഷിച്ചു. അദ്ദേഹം എല്ലാ ദിവസവും വ്യായാമം ചെയ്യുന്നു. ആരോഗ്യത്തോടെയിരിക്കുന്നു. നല്ല ഓർമ്മയും ഉണ്ട്. നിരന്തരം നമ്മെ പ്രചോദിപ്പിക്കുന്ന കമ്പനിയിലാവണം നാം തുടരേണ്ടത് എന്ന് അദ്ദേഹം പറയുന്നു.
'താനൊരുപാട് പ്ലാൻ ചെയ്യുന്ന ആളല്ല. നാളെയെ കുറിച്ച് ചിന്തിക്കുന്നതിന് പകരം ഇന്നിനെ കുറിച്ച് ചിന്തിക്കും. വ്യായാമം ചെയ്യും, ജോലിക്ക് പോകും, എപ്പോഴും ബിസിയായിരിക്കാൻ നോക്കും. ഇന്നലകളെ കുറിച്ചോ ഭാവിയെ കുറിച്ചോ ആലോചിക്കാറില്ല. അന്നന്നത്തെ ജീവിതം ആസ്വദിക്കുകയാണ്' എന്നും അദ്ദേഹം പറയുന്നു.