കാണാതായ കൊടുംകുറ്റവാളിയും ജയിലുദ്യോ​ഗസ്ഥയും തമ്മിൽ ബന്ധം, വിശ്വസിക്കാനാവാതെ അധികൃതർ...

Published : May 04, 2022, 11:39 AM IST
കാണാതായ കൊടുംകുറ്റവാളിയും ജയിലുദ്യോ​ഗസ്ഥയും തമ്മിൽ ബന്ധം, വിശ്വസിക്കാനാവാതെ അധികൃതർ...

Synopsis

ഏതായാലും വിക്കിയുടെ ജീവനെക്കുറിച്ചുള്ള ആശങ്കകളും തുടരുകയാണ്. കൊലക്കുറ്റത്തിന് ജയിലിൽ കഴിയുന്ന കേസിക്കെതിരെ അതിന് മുമ്പും പല കുറ്റങ്ങൾക്കും ശിക്ഷ ചുമത്തപ്പെട്ടിട്ടുണ്ട്. അത്യന്തം അപകടകാരിയും ക്രൂരനുമായ ആളാണയാൾ. 

കഴിഞ്ഞ ദിവസം യുഎസ്സിൽ നിന്നും കാണാതായ കൊടുംകുറ്റവാളിയും ഒപ്പം കാണാതായ ഉദ്യോ​ഗസ്ഥയും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്ന് അധികൃതർ. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമായി നടക്കുന്നതിനിടെയാണ് ഈ പുതിയ കണ്ടെത്തൽ. കൊലപാതകക്കുറ്റത്തിൽ ജയിലിൽ കഴിയുന്ന കേസി വൈറ്റ് (Casey White -38), ജയിലുദ്യോ​ഗസ്ഥ വിക്കി (Vicky White -56) എന്നിവരെയാണ് കാണാതായത്. കേസിയെ മാനസികനില വിലയിരുത്താനായി കൊണ്ടുപോകുന്നു എന്നും പറഞ്ഞാണ് വിക്കി ഇയാളുമായി ഇറങ്ങിയത്. കേസിയുടെ സഹതടവുകാരാണ് ഇരുവരും തമ്മിൽ ബന്ധമുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. 

എന്നാൽ, ഇരുവരും തമ്മിലുണ്ടായിരുന്നത് പ്രണയമാണോ എന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല. ഇരുവരെയും കാണാതായത് വെള്ളിയാഴ്ചയാണ്. അന്ന് വിക്കിയുടെ ജോലിസ്ഥലത്തെ അവസാനത്തെ ദിവസമായിരുന്നു. അടുത്തിടെയാണ് വിക്കി തന്റെ വീട് വിറ്റത്. സഹപ്രവർത്തകരോട് പറഞ്ഞത് ബീച്ചിൽ കൂടുതൽ സമയം ചെലവഴിക്കാനാ​ഗ്രഹിക്കുന്നു, അതിനാലാണ് വീട് വിറ്റത് എന്നാണ്. 

പ്രോട്ടോക്കോൾ ലംഘിച്ച് വിക്കി തനിയെയാണ് കേസിയെ പുറത്തുകൊണ്ടുപോയത്. ഇപ്പോൾ ജയിലധികൃതർ പറയുന്നത് വിക്കി ഇയാളെ രക്ഷപ്പെടാൻ സഹായിച്ചതാവാം എന്നാണ്. “ഡയറക്ടർ വിക്കി വൈറ്റും തടവുകാരനായ കേസിയും‌ തമ്മിൽ പ്രത്യേക ബന്ധമുണ്ടെന്ന് ലോഡർഡേൽ കൗണ്ടി ഡിറ്റൻഷൻ സെന്ററിലെ അന്തേവാസികളിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു” എന്ന് ഷെരീഫ് റിക്ക് സിംഗിൾട്ടൺ ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ അന്വേഷണം അത് സ്ഥിരീകരിച്ചു എന്നും സിംഗിൾട്ടൺ പറഞ്ഞു. 

കേസിയെ വളരെ അപകടകാരിയായ കുറ്റവാളിയായിട്ടാണ് കണക്കാക്കുന്നത്. പോരാത്തതിന് ഇപ്പോൾ അവരുടെ കയ്യിൽ ഉദ്യോ​ഗസ്ഥയുടെ റൈഫിളും ഷോട്ട്‍​ഗണ്ണും ഉണ്ട്. അയാൾക്കൊന്നും നഷ്ടപ്പെടാനില്ല. അതുകൊണ്ട് അയാളെന്തും ചെയ്യാൻ സാധ്യതയുണ്ട് എന്നാണ് ഉദ്യോ​ഗസ്ഥർ‌ പറയുന്നത്. വിക്കിയുടെ പണമായിരിക്കാം ഇരുവരും ഉപയോ​ഗിക്കുന്നത്. അവരുടെ ഫോണും സ്വിച്ച്ഡ്‍ഓഫാണ്. വിക്കിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നുണ്ട്. 

ലോഡർഡേൽ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ക്രിസ് കോനോലി മാധ്യമപ്രവർത്തകരോട് പറഞ്ഞത് 'വിക്കിയെ താനത്രയും വിശ്വസിച്ചിരുന്നു' എന്നാണ്. 'തങ്ങൾക്ക് ജയിലിൽ നിന്ന് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ, അത് നടപ്പിലാക്കാൻ ആദ്യം തെരഞ്ഞെടുക്കുന്നത് വിക്കിയെയായിരുന്നു. അത്രയും നല്ല ഉദ്യോ​ഗസ്ഥയായിരുന്നു അവർ. അതാണ് ഞങ്ങളെ ഇത്രയധികം ഞെട്ടിക്കുന്നത്' എന്നും ക്രിസ് കോനോലി പറഞ്ഞു. 

ഏതായാലും വിക്കിയുടെ ജീവനെക്കുറിച്ചുള്ള ആശങ്കകളും തുടരുകയാണ്. കൊലക്കുറ്റത്തിന് ജയിലിൽ കഴിയുന്ന കേസിക്കെതിരെ അതിന് മുമ്പും പല കുറ്റങ്ങൾക്കും ശിക്ഷ ചുമത്തപ്പെട്ടിട്ടുണ്ട്. അത്യന്തം അപകടകാരിയും ക്രൂരനുമായ ആളാണയാൾ. കേസി നേരത്തെ കൊല്ലാൻ ശ്രമിച്ച ഒരു സ്ത്രീ പറയുന്നത് അയാൾ രക്ഷപ്പെട്ടുവെന്ന വിവരം അവരെ വല്ലാതെ ഭയപ്പെടുത്തി. പേടികൊണ്ട് അവരും കുടുംബവും ഒളിച്ച് കഴിയുകയാണ് എന്നാണ്. ഒപ്പം വിക്കി ജീവിച്ചിരിപ്പുണ്ടെങ്കിൽ അവരോട് ഒറ്റക്കാര്യമേ പറയാനുള്ളൂ, കഴിയുന്നത്രയും പെട്ടെന്ന് അയാൾക്കരികിൽ നിന്നും ഓടി രക്ഷപ്പെടുക എന്നും അവർ പറയുന്നു. 

PREV
Read more Articles on
click me!

Recommended Stories

വസ്ത്രത്തിന് പകരം കൈമാറിയത് മകന്‍റെ തലച്ചോർ; ഇന്ത്യൻ വംശജയായ ശ്മശാന ഡയറക്ടർക്കെതിരെ കേസ്
വിവാഹത്തിന് രണ്ട് മണിക്കൂർ മുമ്പ് കാമുകനുമായി വധുവിന്‍റെ രഹസ്യ കൂടിക്കാഴ്ച; ഭർത്താവിനെ ഓർത്താണ് ആശങ്കയെന്ന് നെറ്റിസെന്‍സ്