അമേരിക്കയ്ക്കും ഓസ്‌ട്രേലിയയ്ക്കും ഇടയിൽ മരണവും കാത്ത് ഒരു വെള്ളരിപ്രാവ്‌

By Web TeamFirst Published Jan 15, 2021, 3:28 PM IST
Highlights

എത്രയും പെട്ടെന്ന് തന്നെ അവനെ വെടിവെച്ചു കൊന്നുകളയണം എന്നാണ് ഓസ്‌ട്രേലിയൻ ക്വാറന്റീൻ അധികാരികൾ പറയുന്നത്. 

ചിത്രത്തിൽ കാണുന്നത് ജോ എന്ന് പേരായ ഒരു പ്രാവാണ്. തവിട്ടും വെള്ളയും കലർന്ന നിറം. ജോ ഒരു അമേരിക്കൻ പന്തയപ്രാവാണ് എന്നും, അമേരിക്കയിലെ ഒറിഗോണിൽ നിന്ന് അവൻ പസഫിക് സമുദ്രം താണ്ടി, 13,000 കിലോമീറ്റർ പാറിപ്പറന്നു വന്നാണ് മെൽബണിലെ ഒരു വീടിന്റെ മേൽക്കൂരയിൽ വന്നിരുന്നത് എന്നുമാണ് ഓസ്‌ട്രേലിയൻ അധികാരികൾ പറയുന്നത്. ജോയുടെ കാലിൽ കെട്ടിയിട്ടുള്ള ഒരു അമേരിക്കൻ റേസിംഗ് ബാൻഡ് ആണ് അവരുടെ ഈ നിഗമനത്തിനു പിന്നിൽ. അമേരിക്കയിൽ നിന്ന് പറന്നുവന്നതാണ് ജോ എങ്കിൽ, എത്രയും പെട്ടെന്ന് തന്നെ അവനെ വെടിവെച്ചു കൊന്നുകളയണം എന്നാണ് ഓസ്‌ട്രേലിയൻ ക്വാറന്റീൻ അധികാരികൾ പറയുന്നത്. അമേരിക്കയിൽ കൊവിഡ് ഭീഷണി ഇപ്പോഴും ഏറെ ശക്തമായി നിൽക്കുന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയൻ മണ്ണിലെ ജോയുടെ സാന്നിധ്യം 'ബയോ-ഹസാർഡ്' എന്ന് പരിഗണിക്കാവുന്ന ഒരു സാഹചര്യമാണ് ഉള്ളത് എന്നാണ് അവർ കഴിഞ്ഞ വ്യാഴാഴ്ച അറിയിച്ചത്. ആ പ്രാവ് സ്വമേധയാ തിരികെ അമേരിക്കയിലേക്ക് പറന്നു പോയില്ലെങ്കിൽ അതിനെ കൊന്നുകളയും എന്നായിരുന്നു കഴിഞ്ഞ ദിവസം അധികാരികൾ പറഞ്ഞത്. 

എന്നാൽ, അമേരിക്കയിലെ ഒക്ലഹോമ സ്വദേശിയും അമേരിക്കൻ റേസിംഗ് പിജിയൻ യൂണിയന്റെ ബിസിനസ് ഡെവലപ്പ്മെന്റ് മാനേജരും ആയ ഡിയോൺ റോബർട്സ്, ആ ടാഗിൽ കാണുന്ന നമ്പർ പരിശോധിച്ച ശേഷം അറിയിച്ചത്, പ്രസ്തുത ടാഗ് വ്യാജമാണ് എന്നും, ജോ ഒരു അമേരിക്കൻ, പന്തയപ്രാവല്ല എന്നുമാണ്. ജോയുടെ കാലിൽ കാണുന്ന ബാൻഡ് നമ്പർ ഒരു അമേരിക്കൻ ബ്ലൂ ബാർ പന്തയപ്രാവിന്റെതാണ്. അത് എന്തായാലും ജോ അല്ല എന്നാണ് ഡിയോൺ പറയുന്നത്. പ്രാവുകളെ ഉപയോഗിച്ചുള്ള പന്തങ്ങൾ വൻ തുകയുടെ ഇടപാട് നടക്കുന്ന പരിപാടികൾ ആയി പരിണമിച്ച ഇന്നത്തെ സാഹചര്യത്തിൽ അമേരിക്കൻ റേസിംഗ് ടാഗുകൾക്ക് ഓസ്‌ട്രേലിയൻ മണ്ണിൽ തന്നെ സൈബറിടങ്ങളിലൂടെ വ്യാജ പതിപ്പുകൾ ഉണ്ടായിരിക്കാനുള്ള സാധ്യത വളരെ അധികമാണ് എന്നും അവർ പറഞ്ഞു..

ജോ ഒരു അമേരിക്കൻ പ്രാവ് അല്ല എന്നതാണ് വാസ്തവം എന്നും, അതുകൊണ്ടുതന്നെ ജോയെ കൊല്ലേണ്ടതില്ല എന്നുമാണ് റേസിംഗ് യൂണിയന്റെ അഭിപ്രായം. എന്നാൽ, വ്യവസ്ഥാപിതമായ മാർഗങ്ങളിലൂടെ അല്ലാതെ ഓസ്‌ട്രേലിയൻ മണ്ണിലേക്ക് വരുന്ന മൃഗങ്ങളുടെ കാര്യത്തിൽ, അവ ഇനി എത്ര സെലിബ്രിറ്റി ആയാലും, ഓസ്‌ട്രേലിയൻ അധികാരികൾ വളരെ കർശനമായ നിലപാടുകളാണ് സ്വീകരിച്ചു പോരുന്നത്.

ഇതിനു മുമ്പ് ജോണി ഡെപ്പും മുൻ ഭാര്യയും കൂടി അനധികൃതമായി രാജ്യത്തെത്തിച്ച യോർക്ക്‌ഷെയർ ടെറിയർ നായ്ക്കുട്ടികളായ പിസ്റ്റലിനെയും ബൂവിനെയും, അമ്പതു മണിക്കൂറിനുള്ളിൽ രാജ്യം വിട്ടില്ലെങ്കിൽ ദയാവധത്തിന് വിധേയമാക്കും എന്ന് ഭീഷണിയുണ്ടായപ്പോൾ, ഡെപ്പിന് ഒടുവിൽ ഒരു വിമാനം തന്നെ ചാർട്ടർ ചെയ്ത് അവരെ തിരികെ അമേരിക്കയിലേക്ക് കൊണ്ടുപോകേണ്ടി വന്നിരുന്നു.  വളരെ കർശനമായ ഓസ്‌ട്രേലിയൻ ക്വാറന്റീൻ സംവിധാനങ്ങൾ ബയോ ഹസാഡ് റിസ്കിന്റെ കാര്യത്തിൽ അപായ സാധ്യത ഒട്ടു വിദൂരമാണെങ്കിൽ പോലും ഒട്ടും അയവുകാണിക്കാറില്ല.

അതുകൊണ്ടുതന്നെ ഇപ്പോഴും ഓസ്‌ട്രേലിയൻ അധികാരികളുടെ ദയ കാത്ത് മെൽബണിലെ ഏതോ മേൽക്കൂരപ്പുറത്ത് ഇരിക്കുക തന്നെയാണ് ജോ. അവന്റെ തലയ്ക്കുമുകളിൽ സംശയാസ്പദമായ ഒരു അമേരിക്കൻ അസ്തിത്വത്തിന്റെ പേരിൽ  ഈ നിമിഷം വരെയും മരണത്തിന്റെ, അതും ക്വാറന്റീൻ അധികാരികളുടെ കൈകൊണ്ടുള്ള ദയാവധത്തിന് ഖഡ്ഗം തൂങ്ങിയാടുക തന്നെയാണ്. 

click me!