
ഇന്ത്യയിൽ പരസ്പരസമ്മതപ്രകാരമുള്ള ബന്ധങ്ങളുടെ നിയമപരമായ പ്രായം 18 വയസാണ്. ഈ പ്രായത്തിന് താഴെയുള്ളവരോടുള്ള ബന്ധങ്ങൾ പോക്സോ കേസിന്റെ പരിധിയിൽ വരും. എന്നാൽ, സമ്മതത്തിനുള്ള (consent) പ്രായം 16 ആക്കണമെന്ന് കാണിച്ച് സമർപ്പിച്ചിരിക്കുന്ന ഹർജിയിലെ വാദം നവംബർ 12 -ന് സുപ്രീം കോടതിയിൽ ആരംഭിക്കാനിരിക്കെ വലിയ ചർച്ചയാണ് ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഇതിനെ അനുകൂലിച്ചും എതിർത്തും ആളുകൾ പോസ്റ്റുകൾ ഷെയർ ചെയ്യുന്നുണ്ട്.
'നിപുൻ സക്‌സേന vs യൂണിയൻ ഓഫ് ഇന്ത്യ' കേസിൽ സുപ്രീം കോടതിയെ സഹായിക്കുന്നത് മുതിർന്ന അഭിഭാഷകയായ ഇന്ദിര ജെയ്‌സിംഗാണ്. കൺസെന്റിനുള്ള പ്രായം 16 വയസാക്കണമെന്നാണ് ഇന്ദിര ജെയ്സിംഗിന്റെ വാദം. 18 വയസ് എന്ന നിലവിലെ നിയമം കൗമാരക്കാർക്കിടയിലെ പരസ്പര സമ്മതത്തോടെയുള്ള പ്രണയബന്ധങ്ങളെപ്പോലും കുറ്റകരമാക്കുന്നുവെന്നും ഭരണഘടന നൽകിയിരിക്കുന്ന അവരുടെ അവകാശങ്ങളെ ലംഘിക്കുന്നതാണെന്നുമാണ് ഇന്ദിര ജെയ്സിംഗ് വാദിച്ചത്.
അതേസമയം, സോഷ്യൽ മീഡിയയിൽ ആളുകൾ വലിയ വിമർശനമാണ് ഇതുമായി ബന്ധപ്പെട്ട് ഉയർത്തുന്നത്. 16 വയസ് എന്നത് വളരെ ചെറിയ പ്രായമാണ് എന്നും അത് ബന്ധങ്ങൾക്ക് സമ്മതം മൂളാനുള്ള പ്രായമായി കണക്കാക്കാനാവില്ല എന്നും പലരും കുറിച്ചു. 16 വയസ് എന്നാൽ പത്തോ പതിനൊന്നോ ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് എന്നും പെൺകുട്ടികൾക്ക് നേരെയുള്ള ലൈംഗിക ചൂഷണങ്ങൾക്ക് ഇത് കാരണമായിത്തീരുമെന്നും ആളുകൾ വാദിക്കുന്നു. ഇന്ത്യയിൽ മദ്യപിക്കണമെങ്കിലും, വാഹനമോടിക്കണമെങ്കിലും, വോട്ട് ചെയ്യണമെങ്കിലും ഒക്കെ നിയമപ്രകാരമുള്ള പ്രായമായി പറയുന്നത് 18 വയസാണ്. പിന്നെന്തിനാണ് സമ്മതം നൽകാനുള്ള പ്രായം 16 വയസാക്കുന്നത് എന്നും ആളുകൾ ചോദിക്കുന്നു.
അതേസമയം, കൺസെന്റ് നൽകാനുള്ള പ്രായം 16 ആക്കുന്നതിനെ അനുകൂലിക്കുന്നവരുമുണ്ട്. പരസ്പരസമ്മത പ്രകാരം കുട്ടികൾ പ്രണയത്തിലാവുകയും എന്നാൽ, ആൺകുട്ടികൾ പോക്സോ കേസ് പ്രകാരം അകത്തുപോവുകയും ചെയ്യുന്ന അനേകം സംഭവങ്ങളുണ്ട് എന്ന് ഇതിനെ അനുകൂലിക്കുന്നവർ വാദിക്കുന്നു.