എഐ റോബോട്ടിലും ലിംഗവിവേചനം; ഒരേ ജോലി എന്നിട്ടും സ്ത്രീകൾക്ക് പ്രതിഫലക്കാര്യത്തിൽ 10.25% കുറവെന്ന് പഠനം

Published : Oct 09, 2026, 10:24 PM IST
AI Robots

Synopsis

അയർലൻഡിലെ യൂണിവേഴ്‌സിറ്റി ഓഫ് ലിമെറിക്കിൽ നടന്ന പഠനത്തിൽ നിർമിതബുദ്ധിയിലും മനുഷ്യരുടെ ലിംഗവിവേചനം പ്രതിഫലിക്കുന്നതായി കണ്ടെത്തി. ഒരേ ജോലി ചെയ്തിട്ടും പുരുഷരൂപത്തിലുള്ള എഐയെക്കാൾ 10.25 ശതമാനം കുറഞ്ഞ പ്രതിഫലമാണ് സ്ത്രീരൂപത്തിലുള്ള എഐക്ക് ലഭിച്ചത്. എഐ രൂപകൽപ്പന ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

മനുഷ്യരുടെ ലിംഗവിവേചനം നിർമിതബുദ്ധിയിലേക്കും പടരുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരേ ശേഷിയും ഒരേ ജോലിയുമായിരുന്നിട്ടും സ്ത്രീരൂപത്തിലുള്ള എഐ ഏജന്‍റിന് കുറഞ്ഞ പ്രതിഫലം നൽകിയതായി പഠനം. നിർമിതബുദ്ധി (എഐ) നിഷ്പക്ഷമാണെന്ന ധാരണയെ ചോദ്യം ചെയ്ത് പുതിയ പഠനം. ഒരേ ജോലി ചെയ്തിട്ടും സ്ത്രീയുടെ രൂപത്തിലുള്ള എഐ സഹായിക്ക് പുരുഷന്‍റെ രൂപത്തിലുള്ള സഹായിയെക്കാൾ 10.25 ശതമാനം കുറവ് പ്രതിഫലമാണ് ലഭിച്ചതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അയർലൻഡിലെ യൂണിവേഴ്‌സിറ്റി ഓഫ് ലിമെറിക്കിലെ ഗവേഷകരാണ് പഠനം നടത്തിയത്.

എങ്ങനെയായിരുന്നു പരീക്ഷണം?

189 ജീവനക്കാരെ വെർച്വൽ റിയാലിറ്റി ഓഫീസിൽ ഉൾപ്പെടുത്തി വിവിധ ജോലികൾ ചെയ്യിപ്പിച്ചായിരുന്നു പരീക്ഷണം. ടെക്സ്റ്റ് ചാറ്റ്ബോട്ട്, മേശപ്പുറ റോബോട്ട്, മനുഷ്യരൂപത്തിലുള്ള രണ്ട് എഐ സഹായികൾ എന്നിവരുമായി പങ്കാളികൾ ഇടപെട്ടു. ജോഹാൻ (Johan), ജോഹന്ന (Johanna) എന്നിങ്ങനെ പേരിട്ട മനുഷ്യരൂപത്തിലുള്ള സഹായികളിൽ ആദ്യത്തേത് പുരുഷരൂപത്തിലും രണ്ടാമത്തേത് സ്ത്രീരൂപത്തിലുമാണ് അവതരിപ്പിച്ചത്.

ഇരുവർക്കും ഒരേ സാങ്കേതികവിദ്യയും പ്രവർത്തനശേഷിയുമായിരുന്നു. ജോലികൾ പൂർത്തിയാക്കിയ ശേഷം പങ്കാളികൾക്ക് യഥാർഥ പണം നൽകി. അത് തങ്ങൾക്കും എഐ സഹായികൾക്കുമിടയിൽ പ്രതിഫലമായി വിഭജിക്കാന്നുള്ള നിർദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു. ഫലം ഞെട്ടിക്കുന്നതായിരുന്നു. ഒരേ ജോലി ചെയ്ത ജോഹന്നയ്ക്ക് ജോഹാനെക്കാൾ ശരാശരി 10.25 ശതമാനം കുറഞ്ഞ തുകയാണ് ലഭിച്ചത്. പുരുഷരൂപത്തിലുള്ള സഹായിയെ കൂടുതൽ മനുഷ്യസമാനമായും പങ്കാളികൾ വിലയിരുത്തുകയായിരുന്നു.

മുൻവിധികളിൽനിന്ന് മുക്തമല്ല എഐയും

തങ്ങളുടെ തീരുമാനങ്ങളിൽ ലിംഗം സ്വാധീനിച്ചിട്ടില്ലെന്ന് പറഞ്ഞ ചിലർ പോലും പുരുഷരൂപത്തിലുള്ള സഹായിക്ക് കൂടുതൽ പണം നൽകിയതായും കണ്ടെത്തി. എഐയുടെ രൂപകൽപ്പനയും അവതരണവും മനുഷ്യരിലെ മുൻവിധികളെ ഉണർത്താമെന്ന് പഠനത്തിന്‍റെ സഹരചയിതാവായ ഡോ. മേരി ഹൗസ്ഫെൽ പഠനത്തിൽ മുന്നറിയിപ്പ് നൽകുന്നു. ജോലി സ്ഥലങ്ങളിൽ എഐയുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്നും അവർ ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ ഒരുപോലെയാണെന്നത് കൊണ്ടുമാത്രം വിവേചനം ഇല്ലാതാക്കില്ലെന്ന സുപ്രധാന സന്ദേശമാണ് പഠനം നൽകുന്നത്.

PREV
Read more Articles on
click me!

Recommended Stories

അതിജീവിതർക്കും മനുഷ്യാവകാശ സംരക്ഷകർക്കുമായി നോബൽ പുരസ്‌കാരം സമർപ്പിച്ച് നവി പിള്ള
ട്രെയിനിൽ വച്ച് കുഞ്ഞിന്റെ ഡയപ്പർ തീർന്നു, അതിവേ​ഗത്തിൽ സഹായമെത്തിച്ച് ‘റെയിൽ മദാദ്’; അനുഭവം