
റെഡ്ഡിറ്റിന്റെ സഹസ്ഥാപകനും സെറീന വില്യംസിന്റെ ഭർത്താവുമായ അലക്‌സിസ് ഒഹാനിയൻ അടുത്തിടെ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവച്ചു. ഈ AI- നിർമ്മിത വീഡിയോ വലിയ ശ്രദ്ധയാണ് ഇപ്പോൾ നേടുന്നത്. 2008 -ൽ മസ്തിഷ്കാർബുദം ബാധിച്ച് മരിച്ച തന്റെ അമ്മ അങ്കെ ഒഹാനിയയ്ക്കൊപ്പമുള്ള വീഡിയോയായിരുന്നു അത്.
എക്‌സിലെ (ട്വിറ്റർ) ഒരു പോസ്റ്റിൽ, തന്റെ അമ്മയുടെ ഒപ്പമുള്ള വീഡിയോകളൊന്നും തന്റെ പക്കലില്ല എന്ന് ഒഹാനിയൻ പറഞ്ഞിരുന്നു. അങ്ങനെയാണ് തന്റെ കുട്ടിക്കാലത്തെ വിലയേറിയ ഒരു ഓർമ്മ സൃഷ്ടിച്ചെടുക്കാൻ അദ്ദേഹം കൃത്രിമബുദ്ധിയുടെ സഹായം തേടാൻ തീരുമാനിക്കുന്നത്. മിഡ്ജേണി എഐയാണ് ഇതിന് വേണ്ടി അദ്ദേഹം ഉപയോഗപ്പെടുത്തിയത്.
അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് നിൽക്കുന്ന തന്റെ കുട്ടിയായിട്ടുള്ള ഒരു ഫോട്ടോ നൽകിക്കൊണ്ട് അതൊരു വീഡിയോയാക്കി മാറ്റിത്തരാനാണ് ഒഹാനിയൻ എഐയോട് ആവശ്യപ്പെട്ടത്.
ഇത് എങ്ങനെയായിരിക്കും എന്നറിയുന്നതിന് ഞാൻ ഒരുങ്ങിയിരുന്നില്ല. ഞങ്ങളുടെ കൈവശം ഒരു കാംകോർഡർ ഇല്ലായിരുന്നു, അതുകൊണ്ട് തന്നെ അമ്മയോടൊന്നിച്ചുള്ള ഒരു വീഡിയോയും ഇല്ലായിരുന്നു. ഞങ്ങളൊരുമിച്ചുള്ള എന്റെ പ്രിയപ്പെട്ട ഫോട്ടോകളിൽ ഒന്ന് താൻ മിഡ്ജേണിക്ക് നൽകി. അമ്മ എന്നെ ഇങ്ങനെയാണ് കെട്ടിപ്പിടിച്ചത്. ഈ വീഡിയോ ഞാനൊരു 50 തവണ കണ്ടു എന്നാണ് വീഡിയോയ്ക്കൊപ്പം ഒഹാനിയൻ കുറിച്ചിരിക്കുന്നത്.
10 മില്ല്യണിലധികം ആളുകളാണ് ഇതോടകം തന്നെ ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്. ചിലരെല്ലാം വീഡിയോ മനോഹരമാണ് എന്ന് പറഞ്ഞപ്പോൾ മറ്റ് ചിലർ ഇതിലെ അപകടങ്ങളെ കുറിച്ചും സൂചിപ്പിച്ചു. നിങ്ങളുടെ അമ്മ ഇങ്ങനെയല്ല നിങ്ങളെ കെട്ടിപ്പിടിച്ചത്, തെറ്റായ ഓർമ്മകളാണ് എഐ നിങ്ങൾക്ക് നൽകുന്നത് എന്നായിരുന്നു അതിൽ ഒരാളുടെ കമന്റ്.
എന്നാൽ, എഐ എങ്ങനെയാണ് നമ്മുടെ പ്രിയപ്പെട്ട ചില ഓർമ്മകളെ നമുക്ക് തിരികെ തരുന്നത്, പുനർനിർമ്മിച്ച് തരുന്നത് എന്ന വാസ്തവത്തെ തള്ളിക്കളയാനാവില്ല എന്നും നിരവധിപ്പേരാണ് അഭിപ്രായപ്പെട്ടത്.