ചൈനയിൽ ഓഫീസിലെ ശുചിമുറിയിൽ കുഴഞ്ഞുവീണ് മരിച്ച പ്രോഗ്രാമറുടെ മരണം ജോലി സംബന്ധമായതല്ലെന്ന് അധികൃതർ വിധിച്ചു. കമ്പ്യൂട്ടർ ഓൺ ചെയ്യുന്നതിന് മുൻപാണ് മരണം സംഭവിച്ചതെന്ന വിചിത്രവാദമാണ് അധികൃതർ ഉന്നയിക്കുന്നത്. ഈ തീരുമാനത്തിനെതിരെ യുവാവിൻ്റെ ഭാര്യയും പൊതുജനങ്ങളും രംഗത്തെത്തിയതോടെ സംഭവം വിവാദമായി.
ചൈനയിൽ ഓഫീസിലെ ശുചിമുറിയിൽ കുഴഞ്ഞുവീണ് മരിച്ച 39 -കാരനായ പ്രോഗ്രാമറുടെ മരണം ജോലി സംബന്ധമായതല്ലെന്ന് അധികൃതർ വിധിച്ചു. പിന്നാലെ ഇതിനെ ചൊല്ലി വിവാദം. ഷിങ് എന്ന പേരുള്ള യുവാവിനെയാണ് ഓഫീസിലെ രണ്ടാം നിലയിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി ചെയ്യുന്നതിനിടെ സംഭവിച്ച മരണമെന്ന നിലയിൽ പരിഗണിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടെങ്കിലും ഷെൻഷെൻ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ സെക്യൂരിറ്റി ബ്യൂറോ ആ അപേക്ഷ തള്ളുകയായിരുന്നു.
ശുചിമുറിയിൽ മരിച്ച നിലയിൽ
ഓഫീസിലെത്തിയ ശേഷം ഷിങ് രണ്ടാം നിലയിലെ ശുചിമുറിയിലേക്കുള്ള വഴി ചോദിച്ചാണ് പോയത്. ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ശുചിമുറിയിൽ കുഴഞ്ഞുവീണ നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സിപിആർ അടക്കമുള്ള അടിയന്തര രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം മരണകാരണം ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കമ്പ്യൂട്ടർ ഓണാക്കിയില്ല
ഷിങ് തന്‍റെ വർക്ക്‌സ്റ്റേഷനിലെത്തുകയോ കമ്പ്യൂട്ടർ ഓൺ ചെയ്യുകയോ ചെയ്തിരുന്നില്ലെന്ന് അധികൃതർ പറയുന്നു. അതിനാൽ അദ്ദേഹം ഔദ്യോഗികമായി ജോലിയിൽ പ്രവേശിച്ചിരുന്നില്ലെന്നും ‘ജോലിക്കിടെ’ മരണം സംഭവിച്ചതായി കണക്കാക്കാനാകില്ലെന്നും ബ്യൂറോ വ്യക്തമാക്കി. എന്നാൽ ഭാര്യ ഈ തീരുമാനത്തിനെതിരെ ഭരണപരമായ പുനഃപരിശോധന ആവശ്യപ്പെട്ട് രംഗത്തെത്തി. കമ്പനിയിലെ നാല് വർഷത്തെ സേവനത്തിനിടെ ഭർത്താവ് രാത്രി ഒൻപത് മണിക്ക് ശേഷവും ജോലി ചെയ്തിരുന്നുവെന്നും ഒരിക്കൽ പുലർച്ചെ രണ്ടുമണിവരെ ജോലി ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു.
പരാതിയുമായി ഭാര്യ
ജോലി സംബന്ധമായ മരണമാണെങ്കിൽ കുടുംബത്തിന് സംസ്കാരച്ചെലവും ആശ്രിതർക്കുള്ള ആനുകൂല്യങ്ങളും ഒറ്റത്തവണ നഷ്ടപരിഹാരവും ലഭിക്കും. കമ്പനിയും കുടുംബത്തിന് നഷ്ടപരിഹാരം നൽകിയെങ്കിലും എത്രതുകയാണ് നൽകിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ചൈനീസ് സോഷ്യൽ മീഡിയയിൽ ഈ സംഭവം വ്യാപക വിമർശനത്തിനിടയാക്കി. ഓഫീസിലെ ശുചിമുറി ജോലിസ്ഥലത്തിന്‍റെ ഭാഗമായാണ് പരിഗണിക്കേണ്ടതെന്നും ശുചിമുറി ഉപയോഗിക്കുന്നത് സ്വാഭാവികവും അനിവാര്യവുമായ ശാരീരിക ആവശ്യമാണെന്നും ചൈനീസ് അഭിഭാഷകനായ ഷാങ് ജിയാൻ അഭിപ്രായപ്പെട്ടു.


