
പരീക്ഷാ ഹാളിലേക്ക് പുറപ്പെടുമ്പോൾ ഹാൾ ടിക്കറ്റ് മറന്നുപോവുകയോ പരീക്ഷാ കേന്ദ്രത്തിൽ വൈകിയെത്തുകയോ ചെയ്യുന്നത് ഉദ്യോഗാർത്ഥികളുടെ പതിവ് ആശങ്കകളാണ്. എന്നാൽ, അപേക്ഷാ സമർപ്പണത്തിനിടയിൽ പറ്റിയ ഒരു സാങ്കേതിക അബദ്ധം മൂലം പരീക്ഷയ്ക്ക് മുൻപേ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് ഒരു ഉദ്യോഗാർത്ഥി. ഓൺലൈൻ അപേക്ഷാ പോർട്ടലിൽ 'ബനിയൻ' മാത്രം ധരിച്ചു നിൽക്കുന്ന ചിത്രം അപ്‌ലോഡ് ചെയ്യപ്പെട്ടതാണ് ഉദ്യോഗാർത്ഥിയെ വെട്ടിലാക്കിയത്.
അപേക്ഷാ നടപടികൾക്കിടയിൽ വെറുമൊരു മുഖം തിരിച്ചറിയൽ പരിശോധനയ്ക്ക് മാത്രമാണ് ലൈവ് ഫോട്ടോ ചോദിക്കുന്നതെന്ന് തെറ്റിദ്ധരിച്ചാണ് ഇയാൾ അബദ്ധത്തിൽ പെട്ടത്. വീട്ടിലിരിക്കുമ്പോൾ ബനിയൻ മാത്രം ധരിച്ച് എടുത്ത സെൽഫി ഇയാൾ പോർട്ടലിൽ നൽകുകയായിരുന്നു. തനിക്കുണ്ടായ ഈ അബദ്ധം പരീക്ഷാർത്ഥി തന്നെയാണ് എക്സിലൂടെ പങ്കുവെച്ചത്. "പോർട്ടലിൽ എന്‍റെ മുഖം ക്യാപ്ചർ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ, ഫേഷ്യൽ റെക്കഗ്നിഷൻ ആവശ്യത്തിന് മാത്രമായിരിക്കും ഇതെന്നാണ് ഞാൻ കരുതിയത്. അതുകൊണ്ട് വെറുമൊരു ബനിയൻ മാത്രം ധരിച്ച് ഞാൻ ഫോട്ടോ ക്ലിക്ക് ചെയ്തു. എന്നാൽ, അത് പിന്നീട് മാറ്റാൻ സാധിക്കാത്ത വിധം അപേക്ഷയിൽ സ്ഥിരമായി സേവ് ചെയ്യപ്പെടുകയായിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ ഔദ്യോഗിക അഡ്മിറ്റ് കാർഡിലും ഇതേ ഫോട്ടോ തന്നെയാണ് വന്നിരിക്കുന്നത്," അദ്ദേഹം കുറിച്ചു.
The exam portal asked me to capture my face. I thought it was only for facial recognition, so I clicked the picture while wearing just a baniyan. Now the system has processed and saved that photo in my application, and there’s no option to change it. Same photo on admit card 😭
— Jahazi (@Oye_Jahazi) July 16, 2026
ട്വിറ്ററിൽ പങ്കുവെച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ലക്ഷത്തിനടുത്ത് ആളുകളാണ് ഈ പോസ്റ്റ് കണ്ടത്. ഇതോടെ സംഭവം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി മാറുകയും ചെയ്തു. രസകരമായ നിരവധി കമന്‍റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. "പരീക്ഷയ്ക്ക് കോപ്പി അടിച്ചു പിടിക്കപ്പെട്ടാൽ പോലും നിങ്ങൾക്ക് പറയാം, ഞാൻ തുടക്കം മുതലേ തികച്ചും സുതാര്യനായിരുന്നു എന്ന്" എന്നും "ഭാഗ്യത്തിന് ബനിയൻ എങ്കിലും ഉണ്ടായിരുന്നുവല്ലോ" എന്നും "ഇനി അഡ്മിറ്റ് കാർഡിലെ ചിത്രവുമായി പൊരുത്തപ്പെടാൻ ബനിയൻ ഇട്ട് തന്നെ പരീക്ഷ എഴുതാൻ പോകേണ്ടി വരും" എന്നിങ്ങനെയായിരുന്നു തമാശ നിറഞ്ഞ കുറിപ്പുകൾ. അതേസമയം, സമാനമായ അനുഭവങ്ങൾ ഉണ്ടായ മറ്റു ചില പരീക്ഷാർത്ഥികളും തങ്ങളുടെ കഥകളുമായി രംഗത്തെത്തി.