പ്രതിമാസം 38,000 രൂപ ശമ്പളത്തിൽ ജോലി ചെയ്യുകയായിരുന്ന യുവാവാണ് കഴിഞ്ഞ മേയിൽ ജോലി രാജിവച്ച് ചായക്കട തുടങ്ങിയത്. സ്ഥിരതയുള്ള ജോലി ഉപേക്ഷിച്ചപ്പോൾ പലരും ഇതൊരു തെറ്റായ തീരുമാനമാണെന്ന് വിമർശിച്ചിരുന്നു. എന്നാൽ, ആ വിമർശകരുടെയെല്ലാം വായടപ്പിക്കുന്ന വിജയമാണ് യുവാവ് നേടിയിരിക്കുന്നത്.

ഈ ജോലി ഉപേക്ഷിച്ച് സ്വന്തമായി എന്തെങ്കിലുമൊക്കെ തുടങ്ങണം. പലരും ഇങ്ങനെയൊക്കെ ആ​ഗ്രഹിക്കും. പക്ഷേ, മാസം ലഭിച്ചുകൊണ്ടിരുന്ന സ്ഥിരവരുമാനമുള്ള ജോലി ഉപേക്ഷിച്ച് അത്തരത്തിൽ ഒരു റിസ്കെടുക്കാൻ നിങ്ങൾ തയ്യാറാകുമോ? എന്നാൽ, അത്തരത്തിലൊരു തീരുമാനമെടുത്ത് വലിയ വിജയം കൈവരിച്ച ഒരാളുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

അങ്കിത് പാണ്ഡെ എന്ന യുവാവാണ് എക്സ് (ട്വിറ്റർ) ൽ തന്റെ അയൽക്കാരന്റെ പ്രചോദനാത്മകമായ ഈ അനുഭവം പങ്കുവെച്ചത്. ടെലിപെർഫോമൻസ് എന്ന കമ്പനിയിൽ പ്രതിമാസം 38,000 രൂപ ശമ്പളത്തിൽ ജോലി ചെയ്യുകയായിരുന്ന യുവാവാണ് കഴിഞ്ഞ മേയിൽ ജോലി രാജിവച്ച് ചായക്കട തുടങ്ങിയത്. സ്ഥിരതയുള്ള ജോലി ഉപേക്ഷിച്ചപ്പോൾ പലരും ഇതൊരു തെറ്റായ തീരുമാനമാണെന്ന് വിമർശിച്ചിരുന്നു. എന്നാൽ, ആ വിമർശകരുടെയെല്ലാം വായടപ്പിക്കുന്ന വിജയമാണ് യുവാവ് നേടിയിരിക്കുന്നത്.

ഒരു ഓട്ടോ സ്റ്റാൻഡിന് സമീപം ഏകദേശം 2 ലക്ഷം രൂപ നിക്ഷേപിച്ചാണ് ഇയാൾ ചായക്കട ആരംഭിച്ചത്. ചായ തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി രണ്ട് വനിതാ ജീവനക്കാരെയും നിയമിച്ചു. 10 രൂപയുടെ സാധാരണ ചായയും 20 രൂപയുടെ പ്രീമിയം ചായയുമാണ് പ്രധാനമായും വിൽക്കുന്നത്.

ദിവസം ശരാശരി 400 കപ്പ് ചായ, അതായത്, ദിവസേന 6,000 രൂപയുടെ വിൽപ്പന നടക്കുന്നുണ്ട്. അതിനാൽ വരുമാനം ഏകദേശം 1.8 ലക്ഷം രൂപ. വാടക - 25,000, ജീവനക്കാരുടെ ശമ്പളം - 30,000, വൈദ്യുതി, മറ്റ് വസ്തുക്കൾ - 25,000 എന്നിങ്ങനെയാണ് ചിലവ്. എല്ലാ ചെലവുകളും കഴിഞ്ഞ് മാസം ഒരു ലക്ഷത്തോളം രൂപ ലാഭം കിട്ടും!

കച്ചവടം നല്ല രീതിയിൽ മുന്നേറിയതോടെ വടപാവും സമോസയും ജലേബിയും വിൽക്കുന്ന പുതിയ കൗണ്ടറുകൾ കൂടി ചായക്കടയോടൊപ്പം ഇയാൾ ആരംഭിച്ചു. ബിസിനസ് വിപുലീകരിച്ചതിന്റെ സന്തോഷം പങ്കുവെക്കാൻ അയൽക്കാരൻ പാണ്ഡെയ്ക്ക് മധുരം നൽകാൻ എത്തിയപ്പോഴാണത്രെ ഈ വിവരങ്ങളെല്ലാം പറഞ്ഞിരിക്കുന്നത്.

Scroll to load tweet…

'ജോലിയിൽ തന്നെ തുടർന്നിരുന്നെങ്കിൽ അയാൾക്ക് ഇപ്പോഴും 38,000 രൂപ ശമ്പളത്തിൽ അടുത്ത പ്രൊമോഷനും കാത്തിരിക്കേണ്ടി വന്നേനെ. ചിലപ്പോൾ നമ്മൾ സ്വയം നൽകുന്ന പ്രൊമോഷനായിരിക്കും ജീവിതത്തിലെ ഏറ്റവും വലിയ ഉയർച്ച' എന്നും അങ്കിത് പാണ്ഡെ കുറിച്ചു. 'വലിയൊരു ബിസിനസ് കെട്ടിപ്പടുക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെങ്കിൽ 38,000 രൂപയുടെ ജോലി നിങ്ങൾ ഉപേക്ഷിക്കുമോ?' എന്ന ചോദ്യത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ഇത്തരം ചെറിയ മുതൽമുടക്കുള്ള ചില സംരംഭങ്ങൾ നല്ല രീതിയിൽ പോയാൽ എളുപ്പത്തിൽ ലാഭമുണ്ടാക്കിത്തരുന്നവയാണ് എന്ന് പലരും അഭിപ്രായപ്പെട്ടു.