
എന്തൊക്കെ പുത്തൻ വിഭവങ്ങൾ അവതരിപ്പിച്ചാലും ഇന്ത്യക്കാർക്ക് എന്നും പ്രിയം ബിരിയാണിയോട് തന്നെ. 2025 -ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്തത് ബിരിയാണിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗി. തുടർച്ചയായ പത്താം വർഷമാണ് സ്വിഗ്ഗിയിൽ ഏറ്റവും കൂടുതൽ ഓർഡർ ചെയ്യപ്പെട്ട വിഭവങ്ങളുടെ പട്ടികയിൽ ബിരിയാണി ഒന്നാം സ്ഥാനം നിലനിർത്തുന്നത്.
സ്വിഗ്ഗിയുടെ വാർഷിക റിപ്പോർട്ട് പ്രകാരം ഈ വർഷം 9 കോടി 30 ലക്ഷം ബിരിയാണി ഓർഡറുകളാണ് ഇന്ത്യക്കാർ നൽകിയത്. അതായത് ഓരോ 3.25 സെക്കൻഡിലും ഒരു ബിരിയാണി വീതം ഓർഡർ ചെയ്യപ്പെട്ടു. ബിരിയാണിയിൽ തന്നെ ചിക്കൻ ബിരിയാണിക്കാണ് ആരാധകർ ഏറെ. 5 കോടി 77 ലക്ഷം ഓർഡറുകളാണ് ചിക്കൻ ബിരിയാണിക്ക് ലഭിച്ചത്. എന്തൊക്കെ പുത്തൻ ട്രെൻഡുകൾ വന്നു പോയാലും ഭക്ഷണ ലോകത്തെ രാജാവ് ബിരിയാണി തന്നെയെന്ന് അടിവരയിടുകയാണ് ഈ കണക്കുകൾ
മറ്റ് ചില വിഭവങ്ങളോടും ഇന്ത്യക്കാർക്ക് താൽപര്യം കൂടുതലാണ്. 4 കോടി 42 ലക്ഷം ഓർഡറുകളുമായി ബർഗറുകൾ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, ഏകദേശം 4 കോടി 01 ലക്ഷം ഓർഡറുകളുമായി പിസ്സ തൊട്ടുപിന്നാലെയുണ്ട്. ആഗോളതലത്തിൽ പ്രചാരത്തിലുള്ള ഈ ഭക്ഷണങ്ങൾ ഇന്ത്യക്കാരുടെ തീൻമേശകളിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2 കോടി 62 ദശലക്ഷം ഓർഡറുകളുമായി വെജ് ദോശയ്ക്കും ആരാധകർ ഏറെയുണ്ട്. ബിരിയാണി പോലുള്ള വിഭവങ്ങൾക്കൊപ്പം തന്നെ പാശ്ചാത്യ ഭക്ഷണങ്ങളും പ്രാദേശിക രുചികളും ഇന്ത്യയിൽ ഒരുപോലെ ആസ്വദിക്കപ്പെടുന്നുണ്ടെന്ന് സ്വിഗ്ഗിയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഉച്ച സമയമോ രാത്രിയോ അല്ലെങ്കിൽ ആഘോഷവേളകളോ എന്തുമാകട്ടെ ഇന്ത്യക്കാർ അവരുടെ പ്രിയപ്പെട്ട സമയം ഭക്ഷണത്തോടൊപ്പം ആഘോഷിക്കാൻ ഇഷ്ടപ്പെടുന്നുവെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു.