തൊണ്ണൂറുകളിൽ കശ്മീരി പണ്ഡിറ്റുകളെ കൊന്നു തള്ളിയ ഭീകരന്മാർ പിന്നീട് 'രാഷ്ട്രീയ'ക്കാരായത് എങ്ങനെ ?

By Web TeamFirst Published Feb 8, 2020, 2:23 PM IST
Highlights

അടുത്തുപരിചയമുള്ളവർ അടങ്ങിയ ഒരു സംഘമാണ് സ്വന്തം വീട്ടിനു മുന്നിലിട്ട് പോയിന്റ് ബ്ലാങ്കിൽ ടിക്കൂവിനെ വെടിവെച്ചു കൊന്നത്. പലരും അയാളുടെ അയൽവാസികൾ തന്നെയായിരുന്നു. സ്‌കൂട്ടറിൽ പോകുമ്പോൾ വഴിക്കുവെച്ച് അയാൾ ലിഫ്റ്റ് പോലും കൊടുത്തിട്ടുള്ളവർ.

'ബിട്ട കരാട്ടെ' എന്നറിയപ്പെടുന്ന ഫാറൂഖ് അഹമ്മദ് ഡാർ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (JKLF)ന്റെ ചെയർമാനാണ്. ഒരിക്കൽ 'കശ്മീരിലെ കശാപ്പുകാരൻ' എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ബിട്ടയ്ക്ക് ഇന്നുള്ള മേൽവിലാസം കുറച്ചു കൂടി പരിഷ്കൃതവും സമൂഹത്തിൽ സ്വീകാര്യവുമായ ഒന്നാണ്. അത്, 'മുൻ തീവ്രവാദി' എന്നതാണ്. 

'ബിട്ട' എന്നത് ഫാറൂഖ് അഹമ്മദ് ഡാറിന്റെ വീട്ടിലെ വിളിപ്പേരായിരുന്നു. ചെറുപ്പം മുതൽ മാർഷ്യൽ ആർട്സിൽ കമ്പമുണ്ടായിരുന്ന അവനെ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയതോടെ നാട്ടുകാർ 'ബിട്ട കരാട്ടെ' എന്ന് വിളിച്ചുതുടങ്ങി. 1988 -ൽ  അന്നത്തെ ജെകെഎൽഎഫ് കമാൻഡർ ആയിരുന്ന അഷ്‌ഫാക്ക് മജീദ് വാണി ആണ് യൗവ്വനത്തിന്റെ പടിവാതിലെത്തി നിന്ന ബിട്ടയെ സ്വാധീനിച്ച് തനിക്കൊപ്പം പാക് അധീന കശ്മീരിലെ ഭീകരവാദ പരിശീലന കേന്ദ്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത്. കണ്ണും മൂടിക്കെട്ടി വാഹനത്തിൽ കയറ്റി അങ്ങോട്ട് കൊണ്ടുപോയ ബിട്ട, അതേ പോലെ അവിടെ എത്തിപ്പെട്ട ഒരു സംഘം കശ്മീരി യുവാക്കൾക്കൊപ്പം 32 ദിവസം നീണ്ട സായുധപരിശീലനത്തിന് വിധേയനാക്കപ്പെട്ടു. ഐഎസ്‌ഐയുടെ ആ തീവ്രവാദ പരിശീലന ക്യാമ്പിൽ നിന്ന് ബിട്ട തിരികെ കശ്മീരിലേക്ക് എത്തിയത് എല്ലാം തികഞ്ഞ ഒരു ഭീകരവാദിയായിട്ടാണ്. 

ബിട്ടയെന്ന ഈ പേര് അന്താരാഷ്ട്ര മാധ്യമങ്ങൾ ശ്രദ്ധിക്കുന്നത് ഒരു വിഡിയോയിൽ അയാൾ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾക്ക് ശേഷമാണ്. മുഖം മറയ്ക്കാതെ, കയ്യിൽ ഒരു റിവോൾവറും കൊണ്ട് താഴ്‌വരയിൽ ചുറ്റിനടന്ന് താൻ കശ്മീരി പണ്ഡിറ്റുകളെ വെടിവെച്ചു കൊന്നതിന്റെ വീരസ്യങ്ങൾ അയാൾ ആ അഭിമുഖത്തിൽ വിവരിച്ചു. കാശ്മീരികളെ മണത്തു കണ്ടുപിടിക്കാനും, ഉന്നം തെറ്റാതെ വെടിവെച്ചു കൊല്ലാനുമുള്ള സ്വന്തം കഴിവിൽ അയാൾ അഭിമാനം കൊണ്ടിരുന്നു. 

താഴ്‌വരയിൽ ബിസിനസ്സുകാരനായ സതീഷ് കുമാർ ടിക്കൂ എന്ന തന്റെ ആത്മമിത്രത്തെ തന്നെയായിരുന്നു, തൊണ്ണൂറുകളുടെ തുടക്കത്തിൽ ബിട്ട ആദ്യമായി വെടിവെച്ചു കൊന്നത്. ടിക്കുവിനെ അയാളുടെ വീടിന്റെ മുന്നിൽ വെച്ചാണ് ബിട്ട പോയന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊന്നുകളഞ്ഞത്. ആരെയൊക്കെയാണ് കൊല്ലേണ്ടത് എന്നുള്ള കൃത്യമായ നിർദേശം അഷ്‌ഫാക്ക് മജീദ് വാണിയും മറ്റുള്ള ജെകെഎൽഎഫ് കമാൻഡർമാരുമാണ് ബിട്ടയ്ക്ക് നൽകിക്കൊണ്ടിരുന്നത്. കൃത്യമായ നിർദേശമില്ലാതെ ദിവസങ്ങൾ പിന്നിട്ടാൽ തന്റെ തോക്കും കയ്യിലേന്തി താഴ്‌വരയിൽ കറങ്ങി മുന്നിൽ വന്നുപെടുന്ന കശ്മീരി പണ്ഡിറ്റുകളിൽ ആരെയെങ്കിലുമൊക്കെ അയാൾ വെടിവെച്ചു കൊല്ലുമായിരുന്നു. 'പണ്ഡിറ്റുകൾക്കു നേരെ റിവോൾവറും, ഇന്ത്യൻ സൈന്യത്തിനെതിരെ എകെ 47  യന്ത്രത്തോക്കും' എന്നതായിരുന്നു ബിട്ടയുടെ നയം. കശ്മീരി പണ്ഡിറ്റുകളുടെ പലായനകാലത്ത് ചുരുങ്ങിയത് 20 പേരെയെങ്കിലും ഇങ്ങനെ കൊന്നിട്ടുണ്ട് ഇയാളെന്നാണ് പറയപ്പെടുന്നത്.  അത് ഔദ്യോഗിക കണക്ക്. പാനൂൻ കശ്മീർ എന്ന സംഘടനാ പറയുന്നത് ചുരുങ്ങിയത് 42 പേരെയെങ്കിലും ബിട്ട കൊന്നിട്ടുണ്ട് എന്നാണ്. 

എന്നാൽ പിന്നീട്, സംഗതി കുഴയും നിയമനടപടി വരും എന്നൊക്കെ ആയപ്പോൾ ബിട്ട വീഡിയോയിലെ തന്റെ അവകാശവാദങ്ങൾ ഒക്കെ നിഷേധിച്ചു. ഒക്കെ സമ്മർദ്ദത്തിന്റെ ഫലമായി പറഞ്ഞതാണെന്നും, താൻ ഒരു പണ്ഡിറ്റിനെപ്പോലും കൊന്നിട്ടില്ല എന്നും പിന്നീട് ബിട്ട പറഞ്ഞു. 

1990 ജൂൺ 20 -ന് ശ്രീനഗറിൽ വെച്ച് ബിഎസ്എഫ് ആണ് ബിട്ടയെ ആദ്യമായി അറസ്റ്റുചെയ്യുന്നത്. അന്ന് അയാൾക്കു മേൽ പൊതു സുരക്ഷാ നിയമം ചുമത്തപ്പെട്ടു. ഭീകരവാദവുമായി ബന്ധപ്പെട്ട 19 കേസുകളുണ്ടായിരുന്നു അന്ന് ബിട്ടയുടെ തലയ്ക്കുമീതെ. ആ കേസുകളിന്മേൽ വിചാരണ തുടരവേ ബിട്ട അടുത്ത 16 കൊല്ലത്തോളം ജയിലിൽ കഴിച്ചുകൂട്ടി. കോട്ട് ഭൽവാൾ, കത്വ, ജോധ്പുർ, ആഗ്ര തുടങ്ങിയ പല ജയിലുകളിലുമായിട്ടാണ് അത്രയും കാലം ബിട്ട കഴിഞ്ഞത്. എന്നാൽ 2006 -ൽ സ്‌പെഷ്യൽ ടാഡ കോടതി അനിശ്ചിതകാലത്തേക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ബിട്ടയെ റിലീസ് ചെയ്തു. അന്ന് കശ്മീരിലെ പണ്ഡിറ്റുകളുടെ സംഘടനകളിൽ പലതും ഈ റിലീസിനെ എതിർത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. 

ബിട്ടയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് എൻഡി വാണി നടത്തിയ പരാമർശം ശ്രദ്ധേയമാണ്, "കുറ്റാരോപിതനെതിരെ കോടതിക്ക് മുന്നിൽ വന്നിട്ടുള്ള ആരോപണങ്ങളുടെ ഗൗരവം മനസ്സിലാക്കാതെയല്ല കോടതി ഇപ്പോൾ ജാമ്യം അനുവദിക്കുന്നത്. പല കുറ്റങ്ങളും തെളിയിക്കപ്പെടുന്ന പക്ഷം ആരോപിതന് വധശിക്ഷ പോലും കിട്ടാൻ സാധ്യതയുണ്ട്. എന്നാൽ, ഈ കേസ് ഫലപ്രദമായി വാദിക്കാനോ മുന്നോട്ട് കൊണ്ടുപോകാനോ പ്രോസിക്യൂഷന് യാതൊരു താത്പര്യവുമില്ല എന്നാണ് കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നത്. പ്രോസിക്യൂഷന്റെ വാദത്തിന് ബലമില്ലാത്തതാണ് ജാമ്യം അനുവദിക്കാനുള്ള പ്രധാന കാരണം. മിതമായ ഭാഷയിൽ പറഞ്ഞാൽ ഇത് ആർട്ടിക്കിൾ 21 -ന്റെ ലംഘനമാണ്. " 

1977 -ൽ മുഹമ്മദ് മഖ്ബൂൽ ഭട്ട് തുടങ്ങിയ സംഘടനയാണ് ജമ്മുകശ്മീർ ലിബറേഷൻ ഫ്രണ്ട്. പേര് സൂചിപ്പിക്കും പോലെ ജമ്മു കശ്മീരിന്റെ 'ലിബറേഷൻ' അഥവാ സ്വാതന്ത്രപ്രാപ്തി ആണ് സംഘടനയുടെ സ്ഥാപിത ലക്‌ഷ്യം. 1985 -ൽ തീവ്രവാദപ്രവർത്തനങ്ങളുടെ പേരിൽ സ്ഥാപകനേതാവായ മഖ്ബൂൽ ഭട്ടിനെ ഇന്ത്യൻ ഗവണ്മെന്റ് തീഹാർ ജയിലിൽ തൂക്കിലേറ്റിയപ്പോൾ, JKLF ഒരു തീവ്രവാദ സംഘടനയുടെ രൂപം ധരിച്ചു. 1989 -1993 വരെ താഴ്‌വരയിൽ അവർ അക്രമങ്ങൾ അഴിച്ചുവിട്ടു, നിരവധിപേരെ കൊന്നുതള്ളി. കാശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയ്ക്ക് പിന്നിൽ ഇതേ സംഘടനയാണ്. എന്നിട്ടും, 1993 -ന് ശേഷം അവർ മുഖ്യധാരയിലേക്ക് കടന്നുവരുന്നതായി പ്രഖ്യാപിച്ചപ്പോൾ അതിനും കശ്മീർ താഴ്‌വരയിൽ രാഷ്ട്രീയ സാധുത കല്പിച്ചു നൽകപ്പെട്ടു. 

രാഹുൽ പണ്ഡിത എഴുതിയ മൈ മൂൺ ഹാസ് ബ്ലഡ് ക്ളോട്ട്സ് (Our Moon Has Bloodclots) എന്ന പുസ്തകത്തിൽ ബിട്ടയെപ്പറ്റിയുള്ള വിസ്തരിച്ചുള്ള വർണ്ണനകളുണ്ട്. " ഫെബ്രുവരി രണ്ടാം തീയതിയായിരുന്നു ടിക്കൂവിന്റെ കൊല നടന്നത്. അടുത്തുപരിചയമുള്ളവർ അടങ്ങിയ ഒരു സംഘമാണ് സ്വന്തം വീട്ടിനു മുന്നിലിട്ട് പോയിന്റ് ബ്ലാങ്കിൽ ടിക്കൂവിനെ വെടിവെച്ചു കൊന്നത്. പലരും അയാളുടെ അയൽവാസികൾ തന്നെയായിരുന്നു. സ്‌കൂട്ടറിൽ പോകുമ്പോൾ വഴിക്കുവെച്ച് അയാൾ ലിഫ്റ്റ് പോലും കൊടുത്തിട്ടുള്ളവർ.

ആദ്യം വെടിയുതിർത്ത ബിട്ട അയാളുടെ ആത്മസുഹൃത്ത് തന്നെയായിരുന്നു.  പോക്കറ്റിൽ നിന്ന് ബിട്ട തന്റെ റിവോൾവർ പുറത്തെടുക്കുന്നത് കണ്ടപ്പോൾ തന്നെ ടിക്കൂവിന് തന്റെ അന്ത്യമടുത്തു എന്നത് ബോധ്യപ്പെട്ടു. കയ്യിലിരുന്ന ലോട്ടയെടുത്ത് ആ റിവോൾവർ ലക്ഷ്യമാക്കി എറിഞ്ഞു എങ്കിലും അത് ഉന്നം തെറ്റി. ആദ്യത്തെ വെടിയുണ്ട വന്നു കൊണ്ടത് ടിക്കൂവിന്റെ താടിക്കായിരുന്നു. അയാൾ താഴെ വീണപ്പോൾ, അടുത്തുവന്ന് ശരീരത്തിൽ അവർ വീണ്ടും എട്ടുപത്തുണ്ടകൾ കൂടി നിക്ഷേപിച്ചു. 

ഈ കേസിൽ, ബിട്ടാ കരാട്ടെ എന്ന ഫാറൂഖ് അഹമ്മദ്  ഡാർ, ജൂണിൽ അറസ്റ്റിലായി. അധികം താമസിയാതെ താഴ്വരയിലെ ഒരു ടെലിവിഷൻ ചാനലിന് അയാൾ നൽകിയ ഒരു അഭിമുഖത്തിന്റെ ദൃശ്യങ്ങളും പുറത്തായി. ആ ഇന്റർവ്യൂവിൽ നിന്നുള്ള പ്രസക്ത സംഭാഷണങ്ങൾ ഇതാ, 

ചോദ്യം: എത്ര പേരെ കൊന്നിട്ടുണ്ട് നിങ്ങൾ ?
ബിട്ട കരാട്ടെ : കൃത്യമായി ഓർക്കുന്നില്ല. 

ചോദ്യം: ഓർമ്മപോലും നിൽക്കാത്തത്ര അധികം ആളുകളെ കൊന്നുതള്ളിയോ നിങ്ങൾ?
ബിട്ട കരാട്ടെ : ചുരുങ്ങിയത് പത്തുപന്ത്രണ്ടെങ്കിലും വരും.

ചോദ്യം:  പത്തുപന്ത്രണ്ടു അതോ ഇരുപതോ?
ബിട്ട കരാട്ടെ :  വേണമെങ്കിൽ ഇരുപതെന്നും പറയാം.

ചോദ്യം:  എല്ലാം കശ്മീരി പണ്ഡിറ്റുകൾ തന്നെ ആയിരുന്നോ അതോ മുസ്ലീങ്ങളെയും കൊന്നിട്ടുണ്ടോ?
ബിട്ട കരാട്ടെ :  ഒന്നോ രണ്ടോ മുസ്ലീങ്ങളുമുണ്ട്. 

ചോദ്യം: കൂടുതലും പണ്ഡിറ്റുകൾ തന്നെ, അല്ലെ ?
ബിട്ട കരാട്ടെ : അതെ.

ചോദ്യം: അതെന്താ അങ്ങനെ? അവരോടു വല്ല വിരോധവും?
ബിട്ട കരാട്ടെ : എനിക്ക് അങ്ങനെ ചെയ്യാനുള്ള ഓർഡറുകൾ വന്നിരുന്നു.

ചോദ്യം:  ആദ്യം കൊന്നത് ആരെയാണ് ?
ബിട്ട കരാട്ടെ : സതീഷിനെ ആണെന്ന് തോന്നുന്നു. 

ചോദ്യം: ഏത് സതീഷ്?
ബിട്ട കരാട്ടെ : സതീഷ് കുമാർ ടിക്കൂ 

ചോദ്യം: എന്തിന്?
ബിട്ട കരാട്ടെ : മുകളിൽ നിന്ന് അയാളെ തട്ടാൻ ഓർഡർ വന്നിരുന്നു. അതുകൊണ്ട്.

ചോദ്യം: എത്ര പേരെ കൊന്നിട്ടുണ്ട് നിങ്ങൾ ?
ബിട്ട കരാട്ടെ : കൃത്യമായി ഓർക്കുന്നില്ല. "

കാശ്മീരി പണ്ഡിറ്റുകളെ പട്ടാപ്പകൽ, മുഖം പോലും മറക്കാതെ കൊന്നുതള്ളിയിട്ടും, അതേപ്പറ്റി ഇത്ര കൃത്യമായ വെളിപ്പെടുത്തലുകൾ നടത്തിയിട്ടും 'ബിട്ട കരാട്ടെ' എന്ന ഫാറൂഖ് അഹമ്മദ് ഡാർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടില്ല. വിചാരണക്കാലയളവിലെ പതിനാറുകൊല്ലത്തെ ജയിൽവാസത്തിനു ശേഷം  അയാൾ പുറത്തിറങ്ങി. ജയിൽ മോചിതനായ ബിട്ടയെ കാത്തിരുന്നത് തന്റെ ഗ്രാമവാസികളിൽ നിന്നുളള ഊഷ്മളമായ സ്വീകരണമാണ്. നൂറുകണക്കിന് റോസാപ്പൂച്ചെണ്ടുകളുമായാണ് പതിനാറു വർഷങ്ങൾക്കുശേഷം അവരയാളെ എതിരേറ്റത്.. അയാൾ വിവാഹിതനായി. അയാൾക്ക് കുട്ടികളുണ്ടായി. സുദീർഘമായ ജയിൽ വാസത്തിനു ശേഷം തിരികെ താഴ്വരയിലെത്തിയ ഫാറൂഖ് അഹമ്മദ് ഡാർ നേരെ പ്രവേശിച്ചത് ജെകെഎൽഎഫിലേക്കാണ്. അപ്പോഴേക്കും രാഷ്ട്രീയപ്പാർട്ടി ആയിക്കഴിഞ്ഞിരുന്ന JKLF 'ലൂടെ അയാൾ വളരെ വേഗം സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുവന്ന് സ്വാഭാവിക ജീവിതം നയിച്ചുതുടങ്ങി. അവിടെ പെട്ടെന്നുപെട്ടെന്ന് സ്ഥാനക്കയറ്റങ്ങൾ നേടിയ ബിട്ട അധികം താമസിയാതെ ചെയർമാൻ സ്ഥാനം വരെയെത്തി. ബിട്ട കരാട്ടെയുടേത് ഒരു ഒറ്റപ്പെട്ട കേസല്ല. അയാളെപ്പോലെ കശ്മീരി പണ്ഡിറ്റുകളെ കൊന്നൊടുക്കിയ നൂറുകണക്കിന് കൊലപാതകികൾ നിയമത്തിനുമുന്നിൽ ഒരിക്കലും കൊണ്ട് നിർത്തപ്പെട്ടില്ല. അങ്ങനെ നിർത്തപ്പെട്ട ചുരുക്കം ചിലർ തന്നെ പ്രോസിക്യൂഷന്റെ ഉദാസീനമായ വാദം കാരണം കുറച്ചുകാലം ജയിലിൽ കിടന്ന ശേഷം മോചിതരായി. അവരും ബിട്ടയെപ്പോലെ സമൂഹത്തിലേക്ക് തിരിച്ചെത്തി. 
 
ഏറെക്കാലത്തിനു ശേഷം ഒടുവിൽ 2019 മാർച്ചിൽ നരേന്ദ്ര മോദി സർക്കാർ വീണ്ടും JKLF നെ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചുകൊണ്ട് അതിനെ നിരോധിച്ചു. 2019 -ൽ തന്നെ എൻഐഎ ബിട്ട എന്ന ഫാറൂഖ് അഹമ്മദ് ഡാറിനെ, 'ഭീകരവാദത്തിന് ഫണ്ടിങ് ചെയ്യുന്നു' എന്ന ആരോപണത്തിന്മേൽ വീണ്ടും അറസ്റ്റു ചെയ്തു. 'സർക്കാരിനെതിരെ കലാപത്തിന് കോപ്പുകൂട്ടുന്നു' എന്നതാണ് NIA'യുടെ പ്രധാന ആരോപണം. എന്തായാലും ചെയ്ത കുറ്റങ്ങൾക്കുള്ള വിചാരണ എങ്ങുമെത്തിയില്ലെങ്കിലും തൽക്കാലം അയാൾ വീണ്ടും ഇരുമ്പഴിയ്ക്കുള്ളിലാണ്.  

 

click me!