ഡേറ്റിംഗ് ട്രെന്‍ഡുകള്‍ മാറിമറയുകയാണോ? ബന്ധത്തില്‍ കൂടുതല്‍ വ്യക്തത തേടുകയാണോ യുവാക്കള്‍? ഇതാ ചില ഡേറ്റിംഗ് ഡ്രേന്‍ഡുകള്‍.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സോഷ്യൽ മീഡിയയും ഡേറ്റിംഗ് ആപ്പുകളും സജീവമാണ്. ഇവയുടെ അമിതമായ ഉപയോഗമാവട്ടെ ആളുകളുടെ ഡേറ്റിംഗ് രീതികളെ തന്നെ സ്വാധീനിക്കുകയും ചെയ്തു. അത് കാരണം പല ബന്ധങ്ങളിലും വ്യക്തത (clarity) കുറവും വന്നു. പലപ്പോഴും ബന്ധങ്ങളിൽ നിന്നും ബന്ധങ്ങളിലേക്ക് എളുപ്പത്തിൽ സഞ്ചരിക്കുകയും അവസാനം ഡേറ്റിംഗ് തന്നെ മടുപ്പായി മാറുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. എന്നാൽ, 2026 ആകുമ്പോഴേക്കും ഈ അവസ്ഥയ്ക്ക് മാറ്റം സംഭവിക്കുമോ? ചെറിയ തോതിലെങ്കിലും ഡേറ്റിംഗിനോടും പ്രണയബന്ധങ്ങളോടുമൊക്കെയുള്ള ആളുകളുടെ കാഴ്ച്ചപ്പാട് മാറാൻ തുടങ്ങിയിട്ടുണ്ട് എന്നാണ് ചില ഡേറ്റിംഗ് ട്രെൻഡുകൾ സൂചിപ്പിക്കുന്നത്. യുവാക്കൾ ഇപ്പോൾ കൂടുതൽ വ്യക്തതയുള്ളതും ലളിതവുമായ ബന്ധങ്ങളിലേക്കാണ് തിരിയുന്നത് എന്നർത്ഥം.
6-7 ഡേറ്റിംഗ് (The 6-7 Dating Trend)
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു ട്രെൻഡാണിത്. കാണാൻ സിനിമാ നടന്മാരെ പോലെയോ നടിമാരെ പോലെയോ ഒക്കെയിരിക്കുന്ന സുന്ദരന്മാരും സുന്ദരികളും. എന്നാൽ, പ്രേമത്തിന്റെ കാര്യത്തിൽ പലർക്കും യാതൊരു സ്ഥിരതയുമില്ല, അത്തരത്തിലുള്ള പങ്കാളികളെ തേടാതിരിക്കുക എന്നതാണ് ഈ ഡേറ്റിംഗ് രീതി. പകരം, കാണാൻ നാട്ടുകാരുടെ കണ്ണിലെ 'സുന്ദരന്മാരെയും സുന്ദരികളെ'യും തേടുന്നതിന് പകരം അവർ 6 അല്ലെങ്കിൽ 7 സ്കോർ നൽകാവുന്ന, എന്നാൽ മാനസികമായി പക്വതയുള്ളവരും വിശ്വസ്തരുമായ പങ്കാളികളെ തിരഞ്ഞെടുക്കുന്ന രീതിയാണിത്. ആവേശമൊക്കെ ഇത്തിരി കുറവാണെങ്കിലും സമാധാനമുള്ള ബന്ധങ്ങൾക്കാണ് ഇവിടെ മുൻഗണന.
ക്ലിയർ-കോഡിംഗ് (Clear-coding)
'ഓ, ഇത് എന്തായിത്തീരുമെന്ന് നമുക്ക് നോക്കാം', അല്ലെങ്കിൽ, 'എന്തുണ്ടാവുമെന്ന് നോക്കാം' എന്നൊക്കെ ബന്ധങ്ങളിൽ പറയുന്നവരുണ്ട്. ഇവർക്ക് ബന്ധത്തിന്റെ കാര്യത്തിൽ ഒരു വ്യക്തതയും ഇല്ല എന്ന് അർത്ഥം. ഇങ്ങനെ അവ്യക്തമായ മറുപടികൾക്ക് പകരം, തനിക്ക് എങ്ങനെയുള്ള ബന്ധമാണ് വേണ്ടതെന്ന് തുടക്കത്തിൽ തന്നെ വ്യക്തമാക്കുന്ന രീതിയാണിത്.

ഗൗരവമായ ബന്ധമാണോ അതോ താൽക്കാലികമായിട്ടുള്ള സൗഹൃദമാണോ വേണ്ടതെന്ന് പ്രൊഫൈലിൽ തന്നെ കൃത്യമായി രേഖപ്പെടുത്തുന്നതിനെയാണ് ഈ ഡേറ്റിംഗ് രീതി സൂചിപ്പിക്കുന്നത്.
ഫ്രണ്ട്‌ഫ്ലുവൻസ് (Friendfluence)
പങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ അല്പം ജാഗ്രത കൂടി സൂക്ഷിക്കുന്ന ഡേറ്റിംഗ് രീതിയാണ് ഇത്. സുഹൃത്തുക്കളുടെ അഭിപ്രായത്തിന് ഇവിടെ പഴയതിനേക്കാൾ പ്രാധാന്യം നൽകുന്നു.

ഡേറ്റിംഗ് ആപ്പുകളിലെ പ്രൊഫൈലുകൾ തങ്ങളുടെ സുഹൃത്തുക്കളെ കൊണ്ട് വെരിഫൈ ചെയ്യിക്കുകയും, ഗ്രൂപ്പ് ചാറ്റുകളിൽ ആ വ്യക്തിയെക്കുറിച്ച് ചർച്ച ചെയ്ത ശേഷം മാത്രം ഡേറ്റിംഗിന് പോവുകയും ചെയ്യുന്ന രീതിയാണിത്.
ഡ്രൈ ഡേറ്റിംഗ് (Dry Dating)
ആദ്യത്തെ ഡേറ്റിന് പോകുമ്പോൾ തന്നെ മദ്യപിക്കുന്നവരും ഒരുമിച്ച് മദ്യം കഴിക്കാൻ താല്പര്യപ്പെടുന്നവരും ഒക്കെയുണ്ട്. എന്നാൽ, ഇത്തരത്തിൽ മദ്യമോ മറ്റ് ലഹരികളോ ഇല്ലാതെ ഡേറ്റിംഗിന് പോകുന്ന രീതിയാണിത്. പങ്കാളിയെ കൃത്യമായി മനസ്സിലാക്കാനും കൂടുതൽ സത്യസന്ധമായ സംഭാഷണങ്ങൾക്കും വേണ്ടിയാണ് ഇവിടെ മദ്യവും മറ്റ് ലഹരിയും ഒക്കെ ഒഴിവാക്കുന്നത്. കോഫി ഡേറ്റുകൾ അല്ലെങ്കിൽ പാർക്കിലൂടെയുള്ള നടത്തം ഒക്കെയും ഇതിന്റെ ഭാഗമാണ്.

എന്തായാലും, ഈ പുതു ട്രെൻഡുകൾ കാണിക്കുന്നത് പലരും നേരംകൊല്ലി ബന്ധങ്ങളിൽ നിന്നും മാറി കൂടുതൽ വ്യക്തവും ആഴവുമുള്ള ബന്ധങ്ങളിലേക്ക് പോകാനായി ആഗ്രഹിക്കുന്നുണ്ട് എന്നാണ്.
