മരണമാല്യമണിയിച്ച് തനു ഛിന്നഭിന്നമായപ്പോൾ സദസ്സിൽ, പിന്നെ 29 വർഷം ജയിലിൽ, രാജീവ് വധത്തിലെ നളിനിയുടെ പങ്ക്

By Web TeamFirst Published Feb 8, 2020, 11:12 AM IST
Highlights

1999 -ൽ സോണിയാ ഗാന്ധി അന്നത്തെ പ്രസിഡന്റായ കെ ആർ നാരായണന് അയച്ച കത്തിൽ, തന്റെ ഭർത്താവിനെ വധിച്ച കുറ്റത്തിന് വധശിക്ഷ കാത്തുകഴിയുന്ന നളിനിയുടെ ശിക്ഷ ജീവപര്യന്തമാക്കി ഇളവുചെയ്തുനൽകണം എന്ന് അപേക്ഷിച്ചിരുന്നു.

രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനകാര്യത്തിൽ തമിഴ്‍നാട് ഗവർണർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നാണ് കേന്ദ്രസർക്കാർ ഇന്നലെ മദ്രാസ് ഹൈക്കോടതിയിൽ അറിയിച്ചത്. നളിനിയും പേരറിവാളനും അടക്കമുള്ള ഏഴു പ്രതികളെയും വിട്ടയക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ നിർദേശത്തെ എതിർക്കുന്നു എങ്കിലും, ഗവർണർക്ക് ഇക്കാര്യത്തിലുള്ള വിവേചനാധികാരത്തെ തങ്ങൾ മാനിക്കുന്നു എന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. അതോടെ മങ്ങിയത് നളിനിയുടെ മോചനത്തിനുള്ള സാധ്യത കൂടിയാണ്. കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി തമിഴ്‌നാട്ടിലെ വെല്ലൂർ സെൻട്രൽ ജയിലാണ് നളിനിക്ക് വീട്. ആരാണ് നളിനി എന്ന നളിനി ശ്രീഹരൻ? എന്തിനാണ് അവർ കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകളായി കാരാഗൃഹത്തിൽ കഴിയുന്നത്? രാജീവ് ഗാന്ധി വാദത്തിന്റെ ഗൂഢാലോചനയിൽ അവർക്കുള്ള പങ്ക് എന്താണ്?

നാടിനെ ഞെട്ടിച്ച ചാവേർ സ്ഫോടനം

1991 മെയ് 21 -ന് രാത്രി പത്തരയോടെയാണ് ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തുകൊണ്ടിരിക്കെ രാജീവ് ഗാന്ധി ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെടുന്നത്. ആ കൊലക്കേസിലെ പ്രതികൾ 1998 ജനുവരിയിൽ സ്‌പെഷ്യൽ ടാഡ കോടതിയിൽ നടന്ന വിചാരണയ്ക്കുശേഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. 1999 മെയ് 11 -ന് മേൽക്കോടതി വധശിക്ഷ ശരിവെച്ചു. കൊലപാതകം നടന്ന് 24 കൊല്ലത്തിനു ശേഷം 2014 -ൽ സുപ്രീം കോടതി നളിനിയടക്കം മൂന്നുപേരുടെ വധശിക്ഷ ജീവപര്യന്തമാക്കി വെട്ടിച്ചുരുക്കി. അവർ സമർപ്പിച്ച ദയാഹർജി കേന്ദ്രം 11 കൊല്ലം വൈകിച്ചു എന്നതായിരുന്നു എന്നതായിരുന്നു അന്ന് കോടതി ചൂണ്ടിക്കാണിച്ച കാരണം. 
 


 

വിശാഖപട്ടണത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം 1991 മേയ് 21-ന് ശ്രീപെരുംപുത്തൂരിലായിരുന്നു അടുത്ത ജാഥ. മദ്രാസിൽ എത്തിയ രാജീവ് ശ്രീപെരുംപുത്തൂരിലേക്ക് വാഹനമാർഗം പുറപ്പെട്ടു. പോകുന്നിടത് പലയിടത്തും വാഹനം നിർത്തി പ്രസംഗിക്കുകയും, ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്ത ശേഷമാണ് അദ്ദേഹം ശ്രീപെരുംപുത്തൂരിലെ വേദിയിൽ എത്തുന്നത്. അവിടെ അദ്ദേഹം കാറിൽ നിന്നിറങ്ങുകയും, വേദിക്കരികിലേക്കു നടന്നു പോവുകയും ചെയ്തു. അവിടെ തടിച്ചുകൂടിയ ജനങ്ങൾ നൽകിയ പൂച്ചെണ്ടുകളും, പൂമാലകളും സ്വീകരിച്ച് അദ്ദേഹം അദ്ദേഹം വേദിക്കരികിലേക്കു നടന്നു. രാത്രി പത്തരയോടടുപ്പിച്ച് തനു എന്ന എൽടിടിഇ ചാവേർ രാജീവ് ഗാന്ധിയെ സമീപിച്ച് അനുഗ്രഹം തേടാനെന്ന വ്യാജേന കാലിൽ തൊടാൻ വേണ്ടി കുനിയുകയും, അതിനിടെ തന്റെ അരയിൽ സ്ഥാപിച്ചിരുന്ന ബെൽറ്റ് ബോംബ് പൊട്ടിക്കുകയും ചേയ്തു. അന്നവിടെ നടന്ന സ്‌ഫോടനത്തിൽ രാജീവ് ഗാന്ധിയെക്കൂടാതെ പതിനാലു പേർ കൂടി കൊല്ലപ്പെട്ടു. 

എന്തായിരുന്നു എൽടിടിഇ'ക്ക് രാജീവിനോടുള്ള വിരോധം ?

എല്ലാം തുടങ്ങുന്നത് രാജീവ് ഗാന്ധി എടുത്ത ഒരു തീരുമാനത്തിലാണ്. 1987 ജൂലൈ 29 - അന്നായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും, ശ്രീലങ്കൻ പ്രധാനമന്ത്രി ജെ ആർ ജയവർധനെ ഇന്തോ-ശ്രീലങ്ക സമാധാന ഉടമ്പടി ഒപ്പുവെക്കുന്നത്. അത് ശ്രീലങ്കയിലെ തമിഴ് വംശജരും സിംഹളരും തമ്മിലുള്ള സംഘർഷം എന്നെന്നേക്കുമായി പരിഹരിക്കുക എന്നതായിരുന്നു. 1983 മുതൽക്കിങ്ങോട്ട് ശ്രീലങ്കയിൽ തമിഴ് വംശജരുടെ സംഘടനയായ എൽടിടിഇയും സിംഹളർക്ക് സ്വാധീനമുള്ള ശ്രീലങ്കൻ ഗവൺമെന്റും തമ്മിൽ വലിയ തോതിൽ സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. ഉടമ്പടി പ്രകാരം ഇന്ത്യ ശ്രീലങ്കയിലേക്ക് ഒരു സമാധാനസേനയെ അയച്ചിരുന്നു. ഇന്ത്യൻ പീസ് കീപ്പിംഗ് കോഴ്സ് അഥവാ IPKF. തുടക്കത്തിലെ എതിർപ്പുകൾക്കു ശേഷം മനസ്സില്ലാമനസ്സോടെ IPKF -നു മുന്നിൽ ആയുധം വെച്ച് കീഴടങ്ങിയ LTTE താമസിയാതെ വീണ്ടും കലാപത്തിനിറങ്ങി. അപ്പോൾ IPKF  അവരെ ഉരുക്കുമുഷ്ടിയോടെ നേരിട്ടു. അവരെ അടിച്ചമർത്താനുള്ള ശ്രമത്തിനിടെ ഏറെ ചോരചിന്തിഅന്ന് ലങ്കയുടെ മണ്ണിൽ.     

അങ്ങനെ ഐപികെഎഫിന്റെ ഇടപെടലിൽ ശ്രീലങ്ക രക്തരൂഷിതമാകാൻ തുടങ്ങിയപ്പോൾ ഇന്ത്യയിലെ തമിഴ് ജനതയിൽ നിന്ന് കേന്ദ്രത്തിലേക്ക് സമ്മർദ്ദമുണ്ടായി. എന്നാൽ അതിനെ മാനിക്കാനോ സേനയെ തിരിച്ചുവിളിക്കാനോ അന്ന്  രാജീവ് ഗാന്ധി വിസമ്മതിച്ചു. 1989 -ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഗവൺമെന്റ് മൂക്കും കുത്തി താഴെവീണു. തുടർന്ന് പ്രധാനമന്ത്രിയായ വിപി സിംഗ് അധികാരത്തിലേറിയ അടുത്ത നിമിഷം തന്നെ  സമാധാനസേനയെ പിൻവലിക്കാനുള്ള ഉത്തരവിറക്കി. 1990 -ൽ പിൻവാങ്ങൽ പൂർണ്ണമായി. അതോടെ എൽടിടിഇയുടെ മുന്നിൽ രാജീവ് ഗാന്ധിക്ക് ഒരു വില്ലൻ പരിവേഷമായി. നയതന്ത്രപരമായ ഒരു ദുരന്തമായിരുന്നു ഇന്ത്യക്ക് ആ സമാധാന ദൗത്യം. 1200 ഇന്ത്യൻ പട്ടാളക്കാർക്ക് ജീവൻ നഷ്ടമായപ്പോൾ, മറുപക്ഷത്ത് അത് 5000 -ൽ അധികമായിരുന്നു.  ഗവൺമെന്റിന് ഏകദേശം ആയിരം കോടിയോളം ചെലവുവന്നു അങ്ങനെയൊരു ദൗത്യം അവസാനിപ്പിച്ച് ഇന്ത്യൻ സൈന്യം തിരികെയെത്തിയപ്പോഴേക്കും. 


 

ഐപികെഎഫ് എന്ന പേരിൽ ഒരു സേനയെ ലങ്കൻ മണ്ണിലേക്കയച്ച് ഈലത്തിലെ തമിഴരുടെ മരണത്തിനു കാരണക്കാരനായ രാജീവ് ഗാന്ധിയോട് എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരന് അടങ്ങാത്ത പ്രതികാരമുണ്ടായിരുന്നു.1991 -ലെ തെരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധി അധികാരത്തിലേറിയാൽ രണ്ടാമതൊരു വട്ടം കൂടി IPKF'നെ ലങ്കയിലേക്കയക്കുമോ എന്ന ഭയം പ്രഭാകരനുണ്ടായിരുന്നു. അതാണ് രാജീവ് ഗാന്ധിക്കെതിരെ ഒരു ചാവേർ ആക്രമണം നടത്താൻ എൽടിടിഇയെ പ്രേരിപ്പിച്ചത്. പ്രധാനമന്ത്രി ആയിക്കഴിഞ്ഞാൽ സെക്യൂരിറ്റി ഇരട്ടിക്കും, പിന്നെ കൊല്ലുക വളരെ പ്രയാസമായിരിക്കും എന്ന് അവർക്ക് അറിയാമായിരുന്നു. അതാണ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ തന്നെ വധിക്കാൻ അവർ പ്ലാനിട്ടത്. 

ഗൂഢാലോചന ഇങ്ങനെ 

തന്റെ ഏറ്റവും വിശ്വസ്തരായ നാല് അനുയായികളെയാണ് പ്രഭാകരൻ ഈ കൃത്യത്തിന്റെ ഗൂഢാലോചന വിശ്വസിച്ചേൽപ്പിച്ചത്. മുരുഗൻ, ശിവരശൻ, സുബ്രഹ്മണ്യൻ, മുത്തുരാജ എന്നിവരായിരുന്നു അവർ. ഇതിൽ സുബ്രഹ്മണ്യനും മുത്തുരാജയും മദ്രാസിലായിരുന്നു ആ സമയം താമസമുണ്ടായിരുന്നത്. മുരുഗൻ എൽടിടിഇയുടെ മുഖ്യ പരിശീലകനായിരുന്നു. അവരുടെ പ്രധാന എക്സ്പ്ലോസീവ്സ് വിദഗ്ധനും. കൃത്യം നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം 'ഒറ്റക്കണ്ണൻ' എന്ന് പിന്നീട് അറിയപ്പെട്ട ശിവരശനായിരുന്നു.
 


 

കൂട്ടത്തിലേക്ക്  രണ്ടു സ്ത്രീകളെ വേണമായിരുന്നു ചാവേറായി ബെൽറ്റ് ബോംബും ധരിച്ച് അവിടെ ഇന്ത്യയിൽ ചെന്ന് പൊട്ടിച്ചിതറാൻ. അതിനായി ശിവരശൻ തെരഞ്ഞെടുത്തത് തന്റെ അടുത്ത ബന്ധുക്കളായ രണ്ടു പേരെതന്നെയായിരുന്നു. പേര്, തനു, ശുഭ.  നളിനി, ഇലക്ട്രോണിക്സ് വിദഗ്ധനായ പേരറിവാളൻ എന്നിങ്ങനെ ചിലർ മദ്രാസിൽ നിന്നും  ഈ പദ്ധതിയുടെ ഭാഗമായി. അവരുടെ ശിക്ഷയാണ് പിന്നീട് കോടതി ജീവപര്യന്തമാക്കി വെട്ടിച്ചുരുക്കിയത്. എൽടിടിഇയുടെ പരീക്ഷണശാലയിൽ ബെൽറ്റുബോംബുകൾ തയ്യാറായി. സംഘം കടൽ മാർഗം ഇന്ത്യയിലേക്ക് കടന്നു. 

പെരുംപുത്തൂരിലെ സ്ഫോടനം 

ആദ്യത്തെ ഡ്രൈ റൺ, 1991 ഏപ്രിൽ 21 ചെന്നൈയിലെ മറീനാ ബീച്ചിൽ വെച്ച് നടന്നു. രണ്ടാമത്തെ ഡ്രൈ റൺ പ്രധാനമന്ത്രി വിപി സിങ്ങും, കരുണാനിധിയുമൊക്കെ പങ്കെടുത്ത മറ്റൊരു ചടങ്ങിൽ വെച്ച് മെയ് 12 -നും നടന്നു. പ്രധാനമന്ത്രി എന്ന നിലയ്ക്ക്, അത്രയ്ക്ക് സുരക്ഷിതത്വം ഉണ്ടായിരുന്നിട്ടും, രാജീവ് ഗാന്ധിയുടെ കാൽ തൊട്ടുവന്ദിച്ചപോലെ തനുവിന് വിപി സിങ്ങിന്റെ കാലും അന്ന് തൊടാൻ സാധിച്ചിരുന്നു. മെയ് 20 -ന് ശിവരശൻ തീരുമാനിച്ചു. ശ്രീപെരുംപുത്തൂരിൽ വെച്ച് കൃത്യം നടത്തണം. കയ്യിലൊരു മാലയുമേന്തി തനു വിഐപി എൻക്ളോഷറിൽ നിൽപ്പുറപ്പിച്ചു. നളിനിയും ശുഭയും സദസ്സിൽ ചെന്നിരുന്നു. ഒരു ബാക്ക് അപ്പ് എന്ന നിലയിൽ കീശയിൽ റിവോൾവറുമായി ശിവരശൻ ആൾക്കൂട്ടത്തിലും. നേരത്തെ തീരുമാനിച്ചുറപ്പിച്ചിരുന്ന പോലെ പത്തുമണിയോടെ രാജീവ് ഗാന്ധി സ്ഥലത്തെത്തി.  തനു തന്റെ മാലയുമായി രാജീവ് ഗാന്ധിക്കടുത്തേക്ക് നീങ്ങി. ഒരു പൊലീസുകാരി അവരെ തടഞ്ഞു നിർത്തി. അതുകണ്ട രാജീവ് അവരോട് "തടയേണ്ട, അവർ വന്നു മാലയിട്ടോട്ടെ" എന്നുപറഞ്ഞു. അവർ കടത്തിവിട്ടു. തനു രാജീവിന്റെ കഴുത്തിൽ ആ മരണമാല്യം അണിയിച്ചു. കാൽക്കൽ കുമ്പിട്ടു തൊഴുതു. നിവരുന്നതിനിടെ അവരുടെ കൈ തന്റെ ബെൽറ്റ് ബോംബിന്റെ ബട്ടണിൽ അമർന്നു. 'ഭും...' ആ ബോംബിന്റെ വിസ്ഫോടന പരിധിയിലുള്ള സകലരും ഭസ്മമായി. 


 

അടുത്ത ദിവസം, അതായത് മെയ് 22 ന് പൊലീസ് സ്ഫോടന സ്ഥലത്തു നിന്ന് ദൃശ്യങ്ങൾ പകർത്തിയ ഒരു ക്യാമറയും, മറ്റു ഫോറൻസിക് തെളിവുകളും ശേഖരിക്കുന്നു. അന്നേ ദിവസം സിബിഐ മുൻ ഡയറക്ടർ ഡി കാർത്തികേയനും സംഭവസ്ഥലം സന്ദർശിക്കുന്നു. സിബിഐ അടുത്ത ദിവസം കാർത്തികേയൻ തലവനായി സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിക്കുന്നു. 

വധത്തിനു ശേഷമുള്ള പരക്കം പാച്ചിൽ 

മെയ് 25 -ന് ശിവരശനും ശുഭയും നളിനിയും മറ്റു രണ്ടുപേരും തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തുന്നു. ശുഭയെ ശിവരശൻ പൊള്ളാച്ചിക്കയക്കുന്നു. എന്നാൽ അധികം താമസിയാതെ ശുഭ വീണ്ടും മദ്രാസിലേക്കുതന്നെ തിരിച്ചെത്തുന്നു. അതിനിടെ അന്വേഷണ സംഘം ജൂൺ 14 -ന് നളിനിയും, ഭർത്താവ് ശ്രീഹരൻ എന്നറിയപ്പെട്ടിരുന്ന എന്ന മുരുകനും അറസ്റ്റിലാകുന്നു. അറസ്റ്റുചെയ്യപ്പെടുമ്പോൾ ഗർഭിണിയായിരുന്ന നളിനി ജയിലിൽ വെച്ച് ഒരു പെൺകുട്ടിക്ക് ജന്മം നൽകുന്നു. കാലിയായ ഒരു ടാങ്കർ ലോറിക്കുള്ളിൽ ഒളിച്ച് ശിവരശനും സംഘവും ചെന്നൈയിൽ നിന്ന് ബാംഗ്ലൂരിലേക്ക് കടക്കുന്നു. ഓഗസ്റ്റ് 18 -ന്, കോനനകുണ്ടെയിലുള്ള  ഒളിത്താവളത്തിൽ വെച്ച് ശിവരശനെയും സംഘത്തെയും അന്വേഷണസംഘം വളയുന്നു. ശിവരശൻ സ്വന്തം തലക്ക് വെടിവെച്ചും, കൂടെയുണ്ടായിരുന്ന ശുഭയും മറ്റ് അഞ്ചുപേരും സയനൈഡ് കഴിച്ചും ആത്മഹത്യ ചെയ്തു. ഓഗസ്റ്റ് 29 -ന് അവശേഷിച്ചിരുന്ന ഏക പ്രതി രംഗനെയും അന്വേഷണ സംഘം അറസ്റ്റുചെയ്യുന്നു. ഗൂഢാലോചനയിൽ പ്രതിചേർക്കപ്പെട്ടിരുന്ന വേലുപ്പിള്ള പ്രഭാകരനെയും, എൽടിടിഇ ഇന്റലിജൻസ് ചീഫ് പൊട്ടു അമ്മനെയും, വനിതാ പുലിസംഘം ചീഫ് അഖിലയെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുന്നു.

പതിറ്റാണ്ടുകൾ നീണ്ട വിചാരണ 

1994 ജനുവരി 19 -ന് തുടങ്ങിയ മാരത്തോൺ വിചാരണ തീരുന്നത് 1997 നവംബർ 5 -നാണ്. കേസ് വിധിപറയാൻ വേണ്ടി ജനുവരി 28 -ലേക്ക് നീട്ടിവെക്കപ്പെടുന്നു. വിചാരണക്കോടതി കസ്റ്റഡിയിൽ എടുക്കപ്പെട്ട 26 പേരും കുറ്റക്കാരാണ് എന്നുകണ്ടെത്തുന്നു. എൽടിടിഇക്ക് സംഭവത്തിലുള്ള ഉത്തരവാദിത്തവും ശരിവെക്കുന്നു. ടാഡ കോടതി മുഴുവൻ പേർക്കും വധശിക്ഷ വിധിക്കുന്നു.  1998 കേസ് സുപ്രീം കോടതികയറുന്നു. 1999 മെയ് 11  സുപ്രീം കോടതി പാനൽ നളിനി, മുരുഗൻ, ശാന്തൻ, പേരറിവാളൻ എന്നിവരുടെ വധശിക്ഷ ശരിവെക്കുന്നു. 

1999 -ൽ സോണിയാ ഗാന്ധി അന്നത്തെ പ്രസിഡന്റായ കെ ആർ നാരായണന് അയച്ച കത്തിൽ, തന്റെ ഭർത്താവിനെ വധിച്ച കുറ്റത്തിന് വധശിക്ഷ കാത്തു കഴിയുന്ന നളിനിയുടെ ശിക്ഷ ജീവപര്യന്തമാക്കി ഇളവുചെയ്തുനൽകണം എന്ന് അപേക്ഷിച്ചിരുന്നു. " എന്റെ രണ്ടു മക്കളും അവരുടെ അച്ഛന്റെ വിയോഗത്തിന്റെ ദുഃഖം അറിഞ്ഞു വളർന്നവരാണ്. ആ ദുഃഖം ഈ ലോകത്ത് മറ്റൊരു കുഞ്ഞിനും ഉണ്ടാകരുത് എന്നുള്ള ആഗ്രഹം എനിക്കുള്ളതുകൊണ്ടാണ് ഞാൻ ഇങ്ങനെ എഴുതുന്നത് " എന്ന് അന്ന് സോണിയ ആ കത്തിൽ എഴുതിയിരുന്നു. അതാണ് അന്ന് നളിനിയുടെ വധശിക്ഷ ഇളവ് ചെയ്യുന്നതിലേക്ക് നയിച്ചത്. 

2006 ജൂണിൽ എൽടിടിഇ രാജീവ് ഗാന്ധി വധത്തിന്റെ ഉത്തരവാദിത്തമേറ്റെടുക്കുന്നു. അതിനു ശേഷം മെയ് 2009 -ൽ നടന്ന രക്തരൂക്ഷിതമായ പട്ടാളനടപടിയിലൂടെ വേലുപ്പിള്ള പ്രഭാകരനെ വധിച്ച് ശ്രീലങ്കൻ സർക്കാർ എൽടിടിഇയെ ലങ്കൻ മണ്ണിൽ നിന്ന് തുടച്ചുമാറ്റുന്നു. 

സുപ്രീം കോടതി വധശിക്ഷ ശരിവെച്ച് 11 വർഷത്തിന് ശേഷം, 2011 ഓഗസ്റ്റ് 11 -ന് അന്നത്തെ രാഷ്‌ട്രപതി പ്രതിഭാസിംഗ് പാട്ടീൽ മുരുഗൻ, ശാന്തൻ, പേരറിവാളൻ എന്നിവരുടെ ദയാഹർജി തള്ളുന്നു. ഓഗസ്റ്റ് 30 -ന് മദ്രാസ് ഹൈക്കോടതി വധശിക്ഷ നടപ്പിലാക്കുന്നത് തടയുന്നു. 2014 ഫെബ്രുവരി 19 -ന് സുപ്രീം കോടതി,  ദയാഹർജി പരിഗണിക്കുന്നതിലുണ്ടായ പതിനൊന്നു വർഷത്തെ കാലതാമസം ചൂണ്ടിക്കാണിച്ച്, അവർ മൂന്നുപേരുടെയും വധശിക്ഷ ജീവപര്യന്തമാക്കി ചുരുക്കി. 

ഫെബ്രുവരിയിൽ തന്നെ, തമിഴ്‌നാട് സർക്കാർ ഈ കേസിൽ 23 വർഷം ജയിലിൽ കഴിച്ചുകൂട്ടിയ നളിനി അടക്കമുള്ളവരെ വിട്ടയക്കാനുള്ള താത്പര്യം കേന്ദ്രത്തെ അറിയിച്ചു. എന്നാൽ, ഫെബ്രുവരി 20 -ന് സുപ്രീം കോടതി തമിഴ്‌നാട് സർക്കാരിന്റെ ആ നീക്കത്തിന് തടയിട്ടുകൊണ്ട് ഉത്തരവിറക്കി. 2019 ജൂലൈ 25 -ന് തന്റെ മകളുടെ വിവാഹത്തിൽ സംബന്ധിക്കാൻ വേണ്ടി നളിനിക്ക് ഒരു മാസത്തെ പരോൾ അനുവദിക്കപ്പെട്ടിരുന്നു.  

 ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 161 പ്രകാരമാണ് ഗവർണർക്ക് ഇങ്ങനെയൊരു തീരുമാനത്തിനുള്ള അധികാരം കൈവരുന്നത്. ശിക്ഷ ഇളവുചെയ്തുകിട്ടാൻ നിയമം അനുശാസിക്കുന്ന ആ വഴി തേടിയാണ് ഇപ്പോൾ നളിനിയും ഇതേ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടക്കുന്ന മറ്റുളളവരും ഗവർണറുടെ വാതിൽക്കൽ മുട്ടിയിരിക്കുന്നത്. അങ്ങനെ രാജ്യത്തെ പിടിച്ചു കുലുക്കിയ ഏറെ കുപ്രസിദ്ധമായ, രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് ഇരുപത്തൊമ്പതു വർഷങ്ങൾക്കപ്പുറം ഇന്ന് നളിനിയുടെ മോചനം ഗവർണറുടെ വിവേചനാധികാരപ്രകാരം തീരുമാനിക്കപ്പെടും എന്നാകുമ്പോൾ അതെന്താകും എന്നറിയാനുള്ള ആകാംക്ഷ ഇന്ത്യയിൽ എല്ലാവർക്കുമുണ്ട്.

click me!