Latest Videos

'പൊതുസുരക്ഷാനിയമം', അച്ഛൻ കൊണ്ടുവന്ന കരിനിയമം നാലുപതിറ്റാണ്ടുകൾക്കിപ്പുറം മകനെ തിരിഞ്ഞു കുത്തുമ്പോൾ

By Web TeamFirst Published Feb 8, 2020, 12:29 PM IST
Highlights

42  വർഷം മുമ്പ് ഷേക്ക് അബ്ദുള്ള ഉറയിൽ നിന്നൂരിയ ഇരുതലമൂർച്ചയുള്ള വാൾ കൊണ്ട് ഇന്ന് ഉടലാകെ മുറിഞ്ഞിരിക്കുന്നത് ഷേക്ക് അബ്ദുള്ളയുടെ മകൻ ഫാറൂഖ് അബ്ദുള്ളയ്ക്കാണ്.

1978 -ൽ അന്നത്തെ ജമ്മു കശ്മീർ മുഖ്യമന്ത്രിയായിരുന്ന ഷേക്ക് അബ്ദുള്ള കൊണ്ടുവന്ന നിയമമാണ് 'പൊതു സുരക്ഷാ നിയമം' അഥവാ 'പബ്ലിക് സേഫ്റ്റി ആക്ട്. അന്ന് താഴ്വരയിലെ അനധികൃത തടി കള്ളക്കടത്തുകാരെ വരുതിക്ക് നിർത്താൻ വേണ്ടി ഷേക്ക് അബ്ദുള്ള കൊണ്ടുവന്ന ഈ നിയമം പിന്നീട് അതാതുകാലങ്ങളിൽ ഭരിക്കുന്ന സർക്കാരുകൾ ദുരുപയോഗപ്പെടുത്താൻ തുടങ്ങിയപ്പോൾ ആംനെസ്റ്റി ഇന്റർനാഷണൽ അടക്കമുള്ള മനുഷ്യാവകാശ സംഘടനകൾ 'നിയമസാധുതയില്ലാത്ത നിയമം' (lawless law) എന്ന് പേരിട്ടു വിളിച്ചു അതിനെ.

ഒട്ടും മനുഷ്യപ്പറ്റില്ലാത്തതും, പൗരന്മാരുടെ മൗലികാവകാശങ്ങൾ ഹനിക്കുന്നതുമായ ഒരു കരിനിയമമാണ് പൊതു സുരക്ഷാ നിയമം എന്ന് സകലരും മുറവിളി കൂട്ടി. എന്നിട്ടും അത് സംസ്ഥാനത്ത നിയമങ്ങളുടെ കൂട്ടത്തിൽ റദ്ദാക്കപ്പെടാതെ നിർബാധം തുടർന്നു. നിരവധി യുവാക്കളെ രാഷ്രീയപകപോക്കലിന്റെ ഭാഗമായി സർക്കാർ ഈ നിയമം ചുമത്തി ദീർഘകാലം തടവിലിട്ട് പീഡിപ്പിച്ചു. നാല് പതിറ്റാണ്ടു മുമ്പ് ഷേക്ക് അബ്ദുള്ള ഉറയിൽ നിന്നൂരിയ ഇരുതലമൂർച്ചയുള്ള വാൾ കൊണ്ട് ഇന്ന് ഉടലാകെ മുറിഞ്ഞിരിക്കുന്നത് ഷേക്ക് അബ്ദുള്ളയുടെ മകൻ ഫാറൂഖ് അബ്ദുള്ളയ്ക്കാണ്. അദ്ദേഹത്തിന്റെ മകൻ ഒമർ അബ്ദുള്ളയ്ക്കാണ്. കശ്മീരിൽ മിക്ക പ്രാദേശിക നേതാക്കളെയും എത്രകാലത്തേക്കു വേണമെങ്കിലും കരുതൽ തടങ്കലിൽ സൂക്ഷിക്കാൻ വേണ്ടി ഇന്ന് കേന്ദ്രം എടുത്തുപയോഗിച്ചിരിക്കുന്നത് ഇതേ പൊതു സുരക്ഷാ നിയമമാണ്. 

2010 -ലെ വിന്റർ സെഷനിൽ ഇന്ന് നാഷണൽ കോൺഫറൻസിലുള്ള, അന്ന് പിഡിപിയുടെ ഭാഗമായിരുന്ന ബഷാറത്ത് ബുഖാരി ഈ നിയമത്തിന് ഒരു ഭേദഗതി നടത്താൻ വേണ്ടി ബിൽ കൊണ്ടുവന്നു. ഇത് കശ്മീർ താഴ്‌വരയിൽ ഏറ്റവും ദുരുപയോഗം ചെയ്യപ്പെടുന്ന ഒരു നിയമമാണ് എന്നും, ഇന്ന് കശ്മീരിൽ നിലവിലുള്ള അരക്ഷിതാവസ്ഥയ്ക്ക് ഒരു പ്രധാന കാരണം, ഈ നിയമത്തിന്റെ ദുരുപയോഗവും, അനവസരത്തിലുള്ള ഉപയോഗവും, അമിതമായ ഉപയോഗവുമാണ് എന്നുകൂടി അദ്ദേഹം ബില്ലിന്റെ അവതരണത്തിനിടെ ഊന്നിയൂന്നിപ്പറഞ്ഞു. " വികസിതമായ പൗരബോധം നിലവിലുള്ള, ഒരു സമൂഹവും ഈ നിയമത്തിന്റെ 10(a) എന്ന വകുപ്പ് പോലുള്ള ജനാധിപത്യവിരുദ്ധമായ ചട്ടങ്ങൾ നിലനിർത്താറില്ല. ആ അനുച്ഛേദം പറയുന്നത്, ഒരാളെ അറസ്റ്റു ചെയ്യാൻ വേണ്ടി പറഞ്ഞിരിക്കുന്ന കാരണം, അവ്യക്തമോ, അവാസ്തവമോ, അപ്രസക്തമോ ആയിരുന്നാൽ പോലും ആ അറസ്റ്റ് റദ്ദാക്കപ്പെടുന്നില്ല എന്നാണ്. അതിന്റെയർത്ഥം ന്യായമായ ഒരു കാരണം പോലുമില്ലാതെ ആരെയും സർക്കാരുകൾക്ക് ഈ കരിനിയമം ചുമത്തി അകത്തിടാം എന്നാണ്. ഉന്നയിക്കുന്ന ആരോപണങ്ങളുമായി അറസ്റ്റുചെയ്യപ്പെടുന്ന വ്യക്തിക്ക് പുലബന്ധം പോലുമില്ല എങ്കിൽ പോലും. എന്തൊരു ദുരന്ത നിയമമാണിത്..? " അദ്ദേഹം ശക്തമായി അന്ന് നിയമസഭയിൽ വാദിച്ചു. 

എന്നാൽ അന്നത്തെ നിയമമന്ത്രി അലി മുഹമ്മദ് സാഗർ പറഞ്ഞത്  കശ്മീർ പോലെ കലാപകലുഷിതമായ ഒരു സംസ്ഥാനം നടത്തിക്കൊണ്ടു പോകാൻ ഇങ്ങനെ ഒരു നിയമം അത്യന്താപേക്ഷിതമാണ് എന്നാണ്. അന്ന് നിയമസഭയിൽ ആ ബിൽ പോയവഴിക്ക് പുല്ലു കിളിർത്തില്ല എന്നുമാത്രമല്ല, അടുത്തതവണ ഭരണം കിട്ടി  ബഷാറത്ത് ബുഖാരി തന്നെ നിയമമന്ത്രി ആയപ്പോഴേക്കും അദ്ദേഹത്തിന് ഈ ഭേദഗതിയുടെ കാര്യത്തിൽ സെലക്ടീവ് അംനേഷ്യ ബാധിച്ചു കഴിഞ്ഞിട്ടുമുണ്ടായിരുന്നു. 

2010 മേയിൽ അന്നവിടെ ഡെപ്യൂട്ടേഷനിൽ ഉണ്ടായിരുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ സാമുവൽ വർഗീസ് ഐഎഎസ് പറഞ്ഞത്, " ചില ഉപദ്രവകാരികളെ 'ഔട്ട് ഓഫ് സർക്കുലേഷൻ' ആക്കാൻ ഇങ്ങനേ ഒരു നിയമം കൂടിയേ തീരൂ." എന്നായിരുന്നു. ഈ നിയമത്തിന് അന്നോളം വന്ന ഏറ്റവും മനോഹരമായ ന്യായീകരണങ്ങളിൽ ഒന്ന്, വർഗീസിന്റെ തന്നെയായിരുന്നു. 

അന്ന് ബിൽ അവതരിപ്പിച്ച  ബഷാറത്ത് ബുഖാരിയും, അപ്പോൾ അതിനെ എതിർത്ത അലി മുഹമ്മദ് സാഗറും, ഫാറൂഖ് അബ്ദുള്ളയും, മെഹ്ബൂബ മുഫ്തിയും, ഒമർ അബ്ദുള്ളയും എന്നുവേണ്ട കശ്മീർ താഴ്‌വരയിൽ രാഷ്ട്രീയത്തിൽ ഒരുവിധം പേരെടുത്തവരായ എല്ലാ നേതാക്കളും ഇപ്പോള്‍ ഇതേ നിയമം ചുമത്തപ്പെട്ട് 'ഔട്ട് ഓഫ് സർക്കുലേഷൻ' ആയിരിക്കുകയാണ്. 

കശ്മീരിൽ നിന്ന് പേര് വെളിപ്പെടുത്താൻ തയ്യാറില്ലാത്ത ഒരു പത്രപ്രവർത്തകൻ പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു, " കർമ്മ ഈസ് എ ബിച്ച്..! ഏത് മാളത്തിൽ പോയി ഒളിച്ചിരുന്നാലും അത് നിങ്ങളെ തേടിവരും. നിങ്ങളുടെ പാപങ്ങൾ മരണം വരെ നിങ്ങളെ വേട്ടയാടും." 
 

click me!