വംശനാശം സംഭവിച്ച ടാസ്മാനിയന്‍ കടുവയുടെ എല്ലും തോലും നഷ്ടപ്പെട്ടെന്ന് കരുതി; 85 വര്‍ഷത്തിന് ശേഷം ട്വിസ്റ്റ് !

By Web TeamFirst Published Dec 6, 2022, 10:53 AM IST
Highlights

പിടികൂടിയ അവസാനത്തെ ടാസ്മാനിയന്‍ കടുവയെ 1936 ല്‍ ഹോബാർട്ട് മൃഗശാലയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇത് മൃഗശാലയില്‍ വച്ച് മരണപ്പെട്ടു.

സ്ട്രേലിയയിലേക്കുള്ള യൂറോപ്യന്‍ അധിനിവേശം ഇല്ലാതാക്കിയത് ആ വലിയ ഭൂഖണ്ഡത്തിലെ മനുഷ്യ ജീവിതങ്ങളെ മാത്രമല്ല, ജീവി വര്‍ഗ്ഗങ്ങളെ കൂടിയാണ്. അതുവരെ തങ്ങളുടെ കാഴ്ചയില്‍ ഇല്ലാതിരുന്ന ജീവി വര്‍ഗ്ഗങ്ങളെയെല്ലാം കുടിയേറ്റക്കാര്‍ വേട്ടയാടി ഇല്ലാതാക്കി. തനത് സംസ്കൃതികളെ ഒന്നാകെ യൂറോപ്യന്‍ ഭാഷയ്ക്കും മതത്തിനും സംസ്കാരത്തിനും കീഴിലാക്കി. ഇതിനിടെ ഓസ്ട്രേലിയന്‍ ഭൂഖണ്ഡത്തിന് സ്വന്തമായിരുന്ന പലതും നഷ്ടമായി. ഇത്തരത്തില്‍ ഭൂമുഖത്ത് നിന്ന് തന്നെ ഇല്ലാതാക്കപ്പെട്ട ടാസ്മാനിയന്‍ കടുവ എന്ന മൃഗത്തിന്‍റെ നഷ്ടപ്പെട്ടെന്ന് കരുതിയ തോലും അസ്ഥിയും 85 വര്‍ഷത്തിന് ശേഷം കണ്ടെത്തിയിരിക്കുകയാണ്. 

1930 -കളിലാണ് ഓസ്ട്രേലിയന്‍ ഭൂഖണ്ഡത്തിന് തെക്ക് കിഴക്കായുള്ള ടാസ്മാനിയന്‍ ദ്വീപില്‍ ജീവിച്ചിരിക്കുന്ന ജീവികളെ അവസാനമായി വേട്ടയാടുന്നത്. ഇക്കൂട്ടത്തില്‍ അവസാനത്തെ ടാസ്മാനിയൻ കടുവയെന്നും ടാസ്മാനിയൻ ചെന്നായയെന്നും യൂറോപ്യന്മാര്‍ വിളിച്ചിരുന്ന മൃഗത്തെയും പിടികൂടി. കൂറിന്ന, കാനുന്ന, ലോറിന്ന, ലൗനാന, കാൻ-നെൻ-നെർ, ലഗുന്ത എന്നിങ്ങനെ വിവിധ ആദിമ ടാസ്മാനിയൻ പേരുകൾ ഈ ജീവിയുടേതായി രേഖപ്പെടുത്തിയിട്ടുണ്ട്, പിടികൂടിയ അവസാനത്തെ ടാസ്മാനിയന്‍ കടുവയെ 1936 ല്‍ ഹോബാർട്ട് മൃഗശാലയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇത് മൃഗശാലയില്‍ വച്ച് മരണപ്പെട്ടു. തുടര്‍ന്ന് ഇതിന്‍റെ അവശിഷ്ടം സൂക്ഷിക്കാനായി ഒരു പ്രദേശിക മ്യൂസിയത്തിന് കൈമാറി. പിന്നീട് ഇതേ കുറിച്ച് ലോകത്തിന് ഒരു വിവരവും ലഭ്യമല്ലാതായി. 

ലോകത്തില്‍ നിന്ന് അതിനകം തുടച്ച് മാറ്റ്പ്പെട്ട ടാസ്മാനിയന്‍ കടുവയുടെ മൃതദേഹാവശിഷ്ടങ്ങളായ തോലും മറ്റ് അസ്ഥികൂടങ്ങളും നഷ്ടപ്പെട്ടന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. അവ കണ്ടെത്തുന്നതിനായി ഏറെപ്പേര്‍ അന്വേഷിച്ചിറങ്ങുക വരെയുണ്ടായി. എന്നാല്‍, ടാസ്മാനിയൻ മ്യൂസിയത്തിനും ആർട്ട് ഗാലറിക്കും ആ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അവ ഉപേക്ഷിക്കപ്പെട്ടതായി രേഖപ്പെടുത്തപ്പെട്ടു. "1936 മുതലുള്ള തൈലാസിൻ വസ്തുക്കളൊന്നും രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ, നിരവധി മ്യൂസിയം ക്യൂറേറ്റർമാരും ഗവേഷകരും വർഷങ്ങളോളം അതിന്‍റെ അവശിഷ്ടങ്ങൾക്കായി തിരച്ചിൽ നടത്തി," 2000-ൽ ഈ ജീവികളുടെ വംശനാശത്തെക്കുറിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിച്ച റോബർട്ട് പാഡിൽ പറഞ്ഞു. 

കഴിഞ്ഞ 85 വര്‍ഷവും ടാസ്മാനിയന്‍ കടുവയുടെ ഭൗതികാവശിഷ്ടങ്ങള്‍ നഷ്ടപ്പട്ടതായി തന്നെ കരുതപ്പെട്ടു. എന്നാല്‍ അതിനിടെ  മ്യൂസിയത്തിന്‍റെ ക്യൂറേറ്റർമാരിൽ ഒരാളും റോബർട്ട് പാഡിലും ചേര്‍ന്ന് യാദൃശ്ചികമായി പ്രസിദ്ധീകരിക്കാത്ത ടാക്സിഡെർമിസ്റ്റിന്‍റെ ഒരു റിപ്പോർട്ട് കണ്ടെത്തി. ഇത് വലിയൊരു നേട്ടമായി കരുതിയ ഇരുവരും മ്യൂസിയത്തിലെ മറ്റ് ശേഖരങ്ങളെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ആരംഭിച്ചു. ഒടുവില്‍ മ്യൂസിയത്തിലെ വിദ്യാഭ്യാസ വകുപ്പിലെ അലമാരയിൽ നിന്ന് 85 വര്‍ഷം മുമ്പ് കാണാതായ ടാസ്മാനിയന്‍ കടുവയുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തി. അവിടെ സൂക്ഷിച്ചിരുന്നത് അവസാനത്തെ ടാസ്മാനിയന്‍ കടുവയുടെ അവശിഷ്ടങ്ങളാണെന്ന് അറിയില്ലെന്നായിരുന്നു മ്യൂസിയം ക്യൂറേറ്റർ കാതറിൻ മെഡ്‌ലോക്ക് പറഞ്ഞത്. 


 

click me!