മണ്ണിനടിയില്‍നിന്ന് ബി എസ് എഫിന് മൂന്ന് കുപ്പികള്‍ കിട്ടി,  തുറന്നപ്പോള്‍ 57 കോടി വിലയുള്ള പാമ്പിന്‍വിഷം!

By Web TeamFirst Published Sep 13, 2021, 3:09 PM IST
Highlights

മണ്ണിനടിയില്‍ കുഴിച്ചിട്ട കുപ്പികളിലൊന്ന് തുറന്നപ്പോള്‍, ഒരു തരം പൊടി. മറ്റേതില്‍ ഒരു ദ്രാവകം. വേറൊന്നില്‍ പരല്‍ രൂപത്തിലുള്ള ദ്രവ്യം. മൂന്നും പുറത്തെടുത്തു പരിശോധിച്ചപ്പോള്‍ പാമ്പിന്‍ വിഷം. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 57 കോടി രൂപ വില മതിക്കുന്ന പാമ്പിന്‍വിഷം!

മണ്ണിനടിയില്‍ കുഴിച്ചിട്ട കുപ്പികളിലൊന്ന് തുറന്നപ്പോള്‍, ഒരു തരം പൊടി. മറ്റേതില്‍ ഒരു ദ്രാവകം. വേറൊന്നില്‍ പരല്‍ രൂപത്തിലുള്ള ദ്രവ്യം. മൂന്നും പുറത്തെടുത്തു പരിശോധിച്ചപ്പോള്‍ പാമ്പിന്‍ വിഷം. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 57 കോടി രൂപ വില മതിക്കുന്ന പാമ്പിന്‍വിഷം!

പശ്ചിമ ബംഗാളിലെ ദിനജ്പൂര്‍ ജില്ലയില്‍ ഇന്തോ ബംഗ്ലാദേശ് അതിര്‍ത്തിയിലെ ദോംഗി ഗ്രാമത്തിലാണ് സംഭവം. ഇവിടെയുള്ള പണി തീരാത്ത വീട്ടിന്റെ മുറ്റത്ത് ചാക്കിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു സ്ഫടിക കുപ്പികള്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് അതിര്‍ത്തി സുരക്ഷാ സേനയാണ് ഇവിടെ പരിശോധന നടത്തി പാമ്പിന്‍ വിഷം കണ്ടെത്തിയത്. 

 

ബി എസ് എഫിന്റെ 137 ബറ്റാലിയനാണ് ഇവിടെയെത്തി പരിശോധന നടത്തിയത്. 7.03 കിലോഗ്രാം വിഷമാണ് ഇവിടെ നിന്നും ലഭിച്ചത്. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ 57 കോടി രൂപ വിലയുണ്ടാകുമെന്നാണ് കരുതുന്നതെന്ന് അതിര്‍ത്തി രക്ഷാ സേന വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

ജാറുകള്‍ക്കു മുകളില്‍ മേഡ് ഇന്‍ ഫ്രാന്‍സ് എന്നെഴുതിയിട്ടുണ്ടെന്ന് ബി എസ് എഫ് അറിയിച്ചു. ഫ്രാന്‍സില്‍ നിര്‍മിച്ച് ബംഗ്ലാദേശ് വഴി ഇന്ത്യയിലേക്ക് കടത്തിയതാവും എന്നാണ് കരുതുന്നത്. ഇവിടെ നിന്നും അതിര്‍ത്തി കടന്ന് ചൈനയിലേക്ക് ഇതെത്തിക്കുകയാണ് കള്ളക്കടത്തുകാരുടെ പദ്ധതി. ചൈനയിലെ പാരമ്പര്യ മരുന്ന് നിര്‍മാതാക്കള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പാമ്പിന്‍ വിഷം. കാന്‍സര്‍ ചികില്‍സയില്‍ നിര്‍ണായകമായ കീമോ തെറാപ്പി മരുന്നുകളില്‍ ചൈനക്കാര്‍ പാമ്പിന്‍ വിഷം ഉപയോഗിക്കുന്നതായി പറയുന്നു.  

ഈ വര്‍ഷമാദ്യം ഫെബ്രുവരിയിലും ബംഗാളിലെ അതിര്‍ത്തി ഗ്രാമത്തില്‍നിന്നും പാമ്പിന്‍ വിഷം പിടികൂടിയിരുന്നു. റായിഗഞ്ചില്‍ വെച്ചാണ് അന്ന് വിഷം പിടികൂടിയത്. 24 കോടി വില മതിക്കുന്ന ആ പാമ്പിന്‍ വിഷവും ഫ്രാന്‍സില്‍ നിര്‍മിച്ചതായിരുന്നു. 

 

click me!