വിവാഹ വേദിയിലേക്ക് കയറവേ മരിച്ച് പോയ മകന്‍റെ ഹൃദയമിടിപ്പ് കേട്ട് വധു; അസാധാരണമായ അനുഭവം

Published : Jun 09, 2025, 11:29 AM ISTUpdated : Jun 09, 2025, 11:33 AM IST
Kaci Wilson and Saleh Ahmad

Synopsis

രണ്ട് വര്‍ഷം മുമ്പ് ഒരു അപകടത്തിൽ മരിച്ച് പോയ തന്‍റെ മകന്‍റെ ഹൃദയമിടിപ്പ് മറ്റൊരു കുട്ടിയില്‍ കേട്ട് കൊണ്ടായിരുന്നു കാസി, വിവാഹ വേദിയിലേക്ക് കയറിയത്.

ഓരോ മനുഷ്യരും സങ്കീര്‍ണ്ണമായ ജീവിതമാണ് നയിക്കുന്നത്. നമ്മുക്ക് ഒപ്പം നില്‍ക്കുന്നയാൾ സങ്കീര്‍ണ്ണമായ മാനസികാവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്ന് പലപ്പോഴും നമ്മൾ തിരിച്ചറിയാറില്ല. അത്തരം അവിസ്മരണീയമായ ഒരു അനുഭവത്തിലൂടെയാണ് കഴിഞ്ഞ ദിവസം ഒരു വധു കടന്ന് പോയത്. യുഎസ് സ്വദേശിയ 24 -കാരി കാസി വിൽസനാണ് അസാധരണമായ ജീവിത മൂഹുര്‍ത്തത്തിലൂടെ കടന്ന് പോയത്. കാസിയുടെ മകന്‍ രണ്ട് വര്‍ഷം മുമ്പ് മരിച്ചിരുന്നു. അവന്‍റെ ഹൃദയം സ്വീകരിച്ച ഏഴ് വയസുള്ള കുട്ടി കാസിയെ കാണാനായി അവളുടെ വിവാഹ ദിവസം എത്തിയതായിരുന്നു ആ അവിസ്മരണീയ സംഭവം. "വളരെ വളരെ മധുരമുള്ള ഒരു നിമിഷമായിരുന്നു അത്," 24 കാരിയായ കാസി വിൽസൺ, തന്‍റെ അനുഭവത്തെ കുറിച്ച് സംസാരിക്കവെ പീപ്പിളിനോട് പറഞ്ഞു.

2023 ഏപ്രിൽ 18 -ന്, കാസി വിൽസന്‍റെ മൂന്ന് ആൺമക്കളിൽ ഒരാൾ ഒരു റോഡപകടത്തിൽ മരിച്ചു. വിൽസൺ തന്‍റെ 4 വയസ്സുള്ള ഇരട്ടക്കുട്ടികളെയും 1 വയസ്സുള്ള കുഞ്ഞിനെയും കൊണ്ട് കിയ കാർണിവലുമായി നോർത്ത് കരോലിനയിലൂടെ പോകുമ്പോൾ ഒരു ട്രക്ക് വാഹനത്തിൽ വന്ന് ഇടിക്കുകയായിരുന്നു. കാസിയുടെ ഇരട്ടക്കുട്ടികളില്‍ ഒരാളായ മൈല്‍സ് ഗോഡ്ഫ്രൈ, അപകടത്തെ തുടര്‍ന്ന് തലച്ചോറിനേറ്റ ആഘാതത്തില്‍ മരിച്ചു. മരണാനന്തരം മൈല്‍സിന്‍റെ അവയവങ്ങൾ കാസി ദാനം ചെയ്തു. ഏഴ് വയസുകാരന്‍ സാലിഹ് അഹമ്മദ് ഉൾപ്പെടെ നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ ഇതിലൂടെ കഴിഞ്ഞു.

 

 

അവയവദാനം കഴിഞ്ഞ് വര്‍ഷം രണ്ട് കഴിഞ്ഞു. കാസി വീണ്ടും വിവാഹിതയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അവൾ വിവാഹ വേദിയിലേക്ക് നടക്കുമ്പോഴാണ് സാലിഹ് അഹമ്മദ് എന്ന ഏഴ് വയസുകാരനെ കാസി ഇടനാഴിയില്‍ വച്ച് കണ്ടത്. ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു അത്. വൈകാരികമായ ആ നിമിഷത്തില്‍ മകന്‍റെ ഹൃദയമിടിപ്പ് കേൾക്കണോയെന്ന് സാലിഹിന്‍റെ അച്ഛനുമമ്മയും കാസിയോട് ചോദിച്ചു. അവൾക്ക് ഹൃദയമിടിപ്പ് കേൾക്കാനായി അവരൊരു സ്റ്റെതസ്കോപ്പും കൊണ്ടായിരുന്നു വന്നതെന്ന് പിപ്പിൾസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കാസി വില്‍സണ്‍ സാലിഹിനെ അതിന് മുമ്പ് ഒരിക്കല്‍ പോലും കണ്ടിരുന്നില്ല. എന്നാല്‍ ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു. അത്തരമൊരു ഫോണ്‍ കോളിലാണ് ജോർജിയയില്‍ വച്ച് നടക്കുന്ന തന്‍റെ വിവാഹത്തിന് സാലിഹിനെയും കുടുംബത്തെയും കാസി ക്ഷണിച്ചത്. 'ആ കുട്ടി സന്തോഷം കൊണ്ട് കരയുകയായിരുന്നു. അവര്‍ ചിരിച്ചു. എല്ലാവരെയും കെട്ടിപ്പിടിച്ചും ചുംബിച്ചും കൊണ്ടിരുന്നു. ‌ഞങ്ങൾക്ക് സങ്കടമുണ്ടായിരുന്നു. പക്ഷേ. അവന്‍റെ സന്തോഷം കണ്ടപ്പോൾ ഞ‌ങ്ങൾക്കും സന്തോഷമായി.' തന്‍റെ അവിസ്മരണീയ നിമിഷങ്ങൾ വിവരിക്കവെ കാസി കൂട്ടിച്ചേര്‍ത്തു. ഒപ്പം അവയവദാനത്തെ കുറിച്ച് ചിന്തിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് തന്‍റെ അനുഭവം ഒരു പ്രചോദനമാകട്ടെയെന്നും അവൾ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'വിവാഹം അടുത്ത മാസം, അച്ഛനുമമ്മയും കരയുകയാണ്'; കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വിഗ്ഗി ഡെലിവറി ഏജൻറായ സുഹൃത്തിനെ കുറിച്ച് കുറിപ്പ്
കള്ളൻ വിഴുങ്ങിയത് ഒന്നുംരണ്ടുമല്ല 17 ലക്ഷം വിലയുള്ള പെൻഡൻ്റ്, കാവലിരുന്ന് പൊലീസ്!