കല്യാണത്തിന് ഫോട്ടോഗ്രാഫറില്ല, വധു വിവാഹത്തില്‍നിന്ന് പിന്‍മാറി!

Published : May 30, 2022, 06:24 PM IST
കല്യാണത്തിന് ഫോട്ടോഗ്രാഫറില്ല, വധു വിവാഹത്തില്‍നിന്ന് പിന്‍മാറി!

Synopsis

താലി ചാര്‍ത്തുന്നതിനു തൊട്ടുമുമ്പാണ്, ഫോട്ടോഗ്രാഫര്‍ സ്ഥലത്തില്ലെന്ന് വധു മനസ്സിലാക്കിയത്. സ്വന്തം വിവാഹം നന്നായി നടത്താനറിയാത്ത വരന്‍, തന്നെ എങ്ങനെ ജീവിതകാലം മുഴുവന്‍ നന്നായി നോക്കുമെന്ന് പറഞ്ഞ് വധു മണ്ഡപത്തില്‍നിന്നും ഇറങ്ങി നടക്കുകയായിരുന്നു.

കുറച്ചു നാളായി ഉത്തര്‍പ്രദേശിലെ വിവാഹവേദികളില്‍നിന്ന് വരുന്നത് പല കാരണങ്ങളാല്‍ കല്യാണപ്പെണ്ണ് വിവാഹത്തില്‍നിന്നും പിന്‍മാറിയ വാര്‍ത്തകളാണ്. 

വരന്‍ കണ്ണട ഉപയോഗിക്കുന്നു എന്നറിഞ്ഞ് വധു പിന്‍മാറിയത് അഞ്ച് ദിവസം മുമ്പാണ്. ഉത്തര്‍പ്രദേശിലെ ഔരയ്യ എന്ന സ്ഥലത്തായിരുന്നു സംഭവം. വിവാഹ ചടങ്ങിനിടെ വരന്റെ വിഗ് മാറി കഷണ്ടി വെളിച്ചത്തായതിനെ തുടര്‍ന്ന് വധു പിന്‍മാറിയത് കഴിഞ്ഞ മാസം 22-നായിരുന്നു. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലായിരുന്നു ആ സംഭവം. വരന്റെ പിതാവ് അടിച്ചു ഫിറ്റായി കല്യാണത്തിന് എത്തിയതിനെ തുടര്‍ന്ന് വധു വിവാഹത്തില്‍നിന്ന് പിന്‍മാറിയത് കഴിഞ്ഞവര്‍ഷമായിരുന്നു. യുപിയിലെ ബിന്നാവ ഗ്രാാമത്തിലാണ് ആ സംഭവം നടന്നത്. 

ഇപ്പോഴിതാ യുപിയിലെ ഒരു വിവാഹമണ്ഡപത്തില്‍നിന്നും വ്യത്യസ്തമായ മറ്റൊരു വാര്‍ത്ത വന്നിരിക്കുന്നു. ഇതും വധു വിവാഹത്തില്‍നിന്നും പിന്‍മാറിയത് തന്നെയാണ്. കാരണമാണ് രസകരം, വിവാഹ ചടങ്ങുകള്‍ പകര്‍ത്താന്‍ വരന്‍ ഫോട്ടോഗ്രാഫറെ ഏര്‍പ്പാടാക്കിയില്ല! 

താലി ചാര്‍ത്തുന്നതിനു തൊട്ടുമുമ്പാണ്, ഫോട്ടോഗ്രാഫര്‍ സ്ഥലത്തില്ലെന്ന് വധു മനസ്സിലാക്കിയത്. സ്വന്തം വിവാഹം നന്നായി നടത്താനറിയാത്ത വരന്‍, തന്നെ എങ്ങനെ ജീവിതകാലം മുഴുവന്‍ നന്നായി നോക്കുമെന്ന് പറഞ്ഞ് വധു മണ്ഡപത്തില്‍നിന്നും ഇറങ്ങി നടക്കുകയായിരുന്നു. സംഭവം ഒടുവില്‍ പൊലീസ് സ്‌റ്റേഷനിലെത്തുകയും ഇരു കുടുംബാംഗങ്ങളും പണവും മറ്റ് വില പിടിപ്പുള്ള സമ്മാനങ്ങളും തിരിച്ചു നല്‍കാന്‍ തയ്യാറാവുകയും ചെയ്തതിനെ തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കപ്പെട്ടു. 

കാണ്‍പൂര്‍ ദെഹാത് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഇക്കഴിഞ്ഞ ദിവസം ഈ സംഭവം നടന്നത്. മാള്‍പൂര്‍ പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിലെ കര്‍ഷകന്റെ മകളായിരുന്നു വധു. തൊട്ടുത്ത ഗ്രാമമായ ഭോഗ്‌നിപൂരിലെ ഒരു യുവാവുമായുള്ള വിവാഹമാണ് യുവതിയുടെ വീട്ടില്‍ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ നടക്കാനിരുന്നത്. വിവാഹ മണ്ഡപം അതിഗംഭീരമായി തന്നെ അലങ്കരിച്ചിരുന്നു. വിവാഹത്തിനായി വരന്റെ ആള്‍ക്കാരും എത്തി. വരനും വധുവും ഒന്നിച്ച് വിവാഹ ചടങ്ങുകള്‍ക്കായി മണ്ഡപത്തിലേക്ക് കയറി. 

അപ്പോഴാണ് വധു അക്കാര്യമറിഞ്ഞത്. ഫോട്ടോഗ്രാഫറില്ല! 

വിവാഹത്തിന്റെ മനോഹര മുഹൂര്‍ത്തങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനുള്ള ഫോട്ടോഗ്രാഫറെ വരന്‍ ഏല്‍പ്പിക്കുമെന്നായിരുന്നു ധാരണ. 

വരന്റെ കൂടെ ഫോട്ടോഗ്രാഫറെ കാണാതായതോടെ വധു വിവാഹത്തിന് വിസമ്മതിച്ചു. അവള്‍ മണ്ഡപത്തില്‍നിന്നിറങ്ങി അടുത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് ഒറ്റ നടത്തം. 

ആകെ പ്രശ്‌നമായി. വധുവിന്റെ ബന്ധുക്കള്‍ യുവതിയെ അനുനയിപ്പിക്കാന്‍ ആവുന്നത്ര ശ്രമിച്ചു. അവള്‍ വഴങ്ങിയില്ല. വിവാഹം നന്നായി നടത്താനറിയാത്ത ഒരാള്‍ക്ക് എങ്ങനെയാണ് തന്നെ ജീവിതകാലം മുഴുവന്‍ നന്നായി നോക്കാനാവും എന്നായിരുന്നു വധുവിന്റെ ചോദ്യം. ഇരുപക്ഷത്തുമുള്ള മുതിര്‍ന്നവര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചുവെങ്കിലും യുവതിയുടെ ചോദ്യത്തിന് ഉത്തരം കൊടുക്കാന്‍ ആരുമില്ലാതിരുന്നതിനാല്‍, പ്രശ്‌നം കീറാമുട്ടിയായി തന്നെ തുടര്‍ന്നു. 

തുടര്‍ന്ന് പ്രശ്‌നം പൊലീസ് സ്‌റ്റേഷനിലേക്ക് നീണ്ടു. പൊലീസിന്റെ മധ്യസ്ഥതയ്ക്കു മുന്നിലും യുവതി വഴങ്ങിയില്ല. അതോടെ വിവാഹം ഒഴിവാക്കാന്‍ തീരുമാനമായി. വരനും കൂട്ടരും യുവതിയ്ക്ക് നല്‍കിയ വില കൂടിയ സമ്മാനങ്ങളും മറ്റും അവര്‍ തിരിച്ചു നല്‍കി. വധുവിന്റെ ആര്‍ക്കാര്‍ വരന് നല്‍കിയ പണവും മറ്റും അവരും തിരിച്ചു കൊടുത്തു. അതോടെ പ്രശ്‌നത്തിന് പരിഹാരമായി. വധുവില്ലാതെ, വരനും കൂട്ടരും നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ