വരന്റെ അച്ഛന്‍ വിവാഹ പന്തലില്‍ മദ്യപിച്ച് എത്തിയതിനെ തുടര്‍ന്നുണ്ടായ കലഹത്തിനൊടുവിൽ വധു വിവാഹത്തില്‍ നിന്നും പിന്മാറി. 

ലക്‌നൗ: വരന്റെ അച്ഛന്‍ വിവാഹ പന്തലില്‍ മദ്യപിച്ച് എത്തിയതിനെ തുടര്‍ന്നുണ്ടായ കലഹത്തിനൊടുവിൽ വധു വിവാഹത്തില്‍ നിന്നും പിന്മാറി. ഉത്തര്‍പ്രദേശിലെ ബിന്നാവ ഗ്രാമത്തിലാണ് സംഭവം. അവിനാഷ് എന്ന യുവാവുമൊത്തുള്ള വിവാഹത്തില്‍ നിന്നും വിജയ് കുമാര്‍ ശ്രീവാസ്തവയുടെ മകള്‍ കുശ്ബുവാണ് പിന്മാറിയത്. 

അവിനാഷിന്റെ പിതാവ് സുരേഷ് ശ്രീവാസ്തവയാണ് മദ്യപിച്ച് ലക്കില്ലാതെ വിവാഹ പന്തലിൽ എത്തിയത്. വിവാഹ ഒരുക്കങ്ങൾ ശരിയായ രീതിയില്‍ നടത്തിയില്ലെന്ന് ആരോപിച്ച് ഇയാൾ വധുവിന്റെ കുടുംബത്തോട് തർക്കിച്ചു. ഇതോടെ അവിനാഷും ഇക്കാര്യം ആരോപിച്ച് രംഗത്തെത്തി. തുടർന്ന് ഇരുവീട്ടുകാരും തമ്മിൽ വാക്കേറ്റമായി. എന്നാൽ മദ്യലഹരിയിൽ ആയിരുന്ന സുരേഷ് ശ്രീവാസ്തവ വധുവിന്റെ വീട്ടുകാരോട് മേശമായ വാക്കുകൾ പറയുകയും കൈയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തുവെന്ന് ബറേലിയിലെ സര്‍ക്കിൾ ഓഫീസര്‍ വിനീത് സിങ് പറഞ്ഞു.

തുടർന്ന് സംഭവം അറിഞ്ഞെത്തിയ കുശ്ബു വിവാഹത്തിൽ നിന്നും പിന്മാറുന്നതായി എല്ലാവരുടെയും മുന്നിൽ വെച്ച് അറിയിക്കുകയായിരുന്നു. തന്റെ കുടുംബത്തിന്റെ പൂർണ്ണ പിന്തുണയോടെയാണ് കുശ്ബു വിവാഹത്തിൽ നിന്നും പിന്മാറിയത്. പിന്നീട് സംഭവം ഗ്രാമ കമ്മിറ്റിയിൽ വെയ്ക്കുകയും ചെയ്തു. ഇവിടെ വെച്ച് വിവാഹ ഒരുക്കങ്ങൾക്കായി ചെലവായ മുഴുവൻ തുകയും വരന്റെ കുടുംബം നൽകണമെന്ന് കുശ്ബുവിന്റെ വീട്ടുകാർ അറിയിച്ചു. അവരുടെ ആവശ്യം അവിനാഷിന്റെ വീട്ടുകാർ അംഗീകരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.