ഇതാ ഒരത്ഭുതവീട്, 200 വീടുകള്‍ ചാമ്പലാക്കിയ അഗ്‌നിപര്‍വത ലാവയ്ക്കിത് തൊടാനായില്ല!
ചുറ്റുമുള്ളതിനെയെല്ലാം ചാമ്പലാക്കി ഒഴുകിവന്ന അഗ്‌നിപര്‍വ്വത ലാവ കുന്നുപോലെ നില്‍ക്കുന്നു. അതിനു നടുക്ക് ഒന്നും പറ്റാത്തൊരു വീട്. പടിഞ്ഞാറന്‍ സ്‌പെയിനിലെ കാനറി ദ്വീപുകളിലെ ലാ പാല്‍മയിലാണ് അഗ്‌നിപര്‍വ്വതലാവയെ അത്ഭുതകരമായി അതിജീവിച്ച വീട്. അല്‍ഫോന്‍സ എസ്‌കലെറോ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ വീടിന്റെ ചിത്രം അതിവേഗമാണ് ലോകമെങ്ങും പരന്നത്.
കാനറി ദ്വീപിലെ കുംബ്രെ വിയേജ അഗ്‌നിപര്‍വ്വതമാണ് കഴിഞ്ഞ ഞായറാഴ്ച പൊട്ടിത്തെറിച്ചത്. തുടര്‍ന്ന് എല്ലാം ചാമ്പലാക്കിക്കൊണ്ട് ലാവാ പ്രവാഹം ആരംഭിച്ചു.
സമീപപ്രദേശത്തുള്ള 100-ലേറെ വീടുകളെ ഈ ലാവാപ്രവാഹം വിഴുങ്ങി. ഇപ്പോഴും അഗ്‌നിപര്‍വ്വതം കത്തിക്കൊണ്ടിരിക്കുകയാണ്. എന്നാണ് ഇത് അവസാനിക്കുക എന്ന് അറിവായിട്ടില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
അതിനിടെയാണ്, അഗ്‌നിപര്‍വ്വത ലാവ തീര്‍ത്ത കുന്നുകള്‍ക്കിടയില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന വീടിന്റെ സൃദൃശ്യം പുറത്തുവന്നത്.
വിരമിച്ച ഡാനിഷ് ദമ്പതികളായ റെയിനര്‍ കോക്, ഇന്‍ജ് എന്നിവരുടെതാണ് ഈ വീട്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഇവര്‍ ദൂരെ മറ്റൊരു പട്ടണത്തിലാണ് കഴിയുന്നത്.
കൊവിഡിനു ശേഷം ഇവര്‍ ഈ വീട്ടിലേക്ക് വന്നിട്ടേയില്ല. ദമ്പതികളെ വിവരമറിയിച്ചതായി ഈ വീട് നിര്‍മിച്ച ആഡ മൊനികെന്‍ഡാം അറിയിച്ചു.
''അങ്ങോട്ടിപ്പോള്‍ പോവാന്‍ കഴിയില്ലെങ്കിലും വീട് രക്ഷപ്പെട്ടു എന്നത് അത്ഭുതകരമാണ്''-ആഡ മൊനികെന്‍ഡാം പറഞ്ഞു.
ഇതേ അത്ഭുതമാണ് പ്രദേശവാസികളും ഈ ചിത്രം കാണുന്നവരും പങ്കുവെയ്ക്കുന്നത്. ഈ വീടിനു ചുറ്റുമുള്ള വീടുകളെല്ലാം ലാവാപ്രവാഹത്തില്‍ ചാമ്പലായി
ഇവിടെയുള്ളവര്‍ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളിലാണ്. പതിനായിരത്തിലേറെ പേരെ സര്‍ക്കാര്‍ ഇതിനകം കുടിയൊഴിപ്പിച്ചു.
ഇവരില്‍ പലരുടെയും വീടുകളും സ്ഥലങ്ങളുമാണ് അഗ്‌നിപര്‍വ്വത ലാവ വിഴുങ്ങിയത്. ഇവര്‍ക്ക് താമസിക്കുന്നതിനായി സര്‍ക്കാര്‍ വലിയ വീടുകളും കെട്ടിടങ്ങളും വിലയ്ക്കു വാങ്ങിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ഇപ്പോഴും അഗ്‌നിപര്‍വ്വതം കത്തിക്കൊണ്ടിരിക്കുകയാണ്. അഗ്‌നി പര്‍വ്വത ലാവ ഇപ്പോഴും ഒഴുകിക്കൊണ്ടിരിക്കുകയാണ്.
അഗ്‌നിപര്‍വ്വത വിസ്‌ഫോടനത്തിനിടെ ഉണ്ടാവുന്ന മാരകമായ രാസമാലിന്യങ്ങള്‍ ഈ ലാവയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
അഗ്‌നിപര്‍വ്വത വിസ്‌ഫോടനത്തിനിടെ ഉണ്ടാവുന്ന ലാവ കടലിലേക്ക് എത്തിയാല്‍, മാരകമായ മലിനീകരണം ഉണ്ടാവുമെന്നാണ് ആശങ്ക.
മെല്ലെയാണ് ഇപ്പോള്‍ ലാവാ പ്രവാഹമെന്നും കടലിലേക്ക് എത്തുമോ എന്ന് ഉറപ്പില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്.