10 വർഷമായി കാണാതായ പൂച്ച തിരിച്ചെത്തി, അതും ഉടമയുടെ 30-ാം പിറന്നാളിന് തൊട്ടുമുമ്പ്! ചാർളിയുടെ കഥ വൈറൽ

Published : Oct 09, 2026, 10:45 PM IST
Charlie

Synopsis

യുകെയിൽ മൂന്ന് വയസ്സുള്ളപ്പോൾ കാണാതായ 'ചാർളി' എന്ന വളർത്തുപൂച്ച പത്ത് വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തി. മൈക്രോചിപ്പ് പരിശോധനയിലൂടെയാണ് പൂച്ചയെ കണ്ടെത്തി ഉടമകൾക്ക് കൈമാറിയത്. ഉടമയായ ലൂസിയുടെ മുപ്പതാം പിറന്നാളിന് തൊട്ടുമുമ്പാണ് ഈ സന്തോഷവാർത്ത കുടുംബത്തെ തേടിയെത്തിയത്.

മൂന്ന് വയസ്സുള്ളപ്പോൾ കാണാതായ വളർത്തുപൂച്ച ഒരു ദശാബ്ദത്തിന് ശേഷം തിരിച്ചെത്തി. അതും ഉടമയുടെ 30 -ാം പിറന്നാളിന് തൊട്ടുമുമ്പ് എത്തിയ ഒരു ഫോൺകോൾ കുടുംബത്തിന് സമ്മാനിച്ചത് വിശ്വസിക്കാനാകാത്ത സന്തോഷം. പത്ത് വർഷമായി കാണാതായ വളർത്തുപൂച്ച തിരിച്ചെത്തിയപ്പോൾ കുടുംബം അമ്പരന്നെന്ന് റിപ്പോർട്ടുകൾ. യുകെയിലെ വെയിൽസിൽ ലൂസി റോബർട്ട്‌സണും സഹോദരി ഹന്ന ഡേവിസും വളർത്തിയിരുന്ന 'ചാർളി' എന്ന പൂച്ചയാണ് ഒരു ദശാബ്ദത്തിനുശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയത്. ലൂസിയുടെ 30 -ാം പിറന്നാളിന് തൊട്ടുമുമ്പാണ് ചാർളിയെ കണ്ടെത്തിയെന്ന സന്തോഷവാർത്ത കുടുംബത്തെ തേടിയെത്തിയത്.

മൂന്നാം വയസിലെ ഒളിച്ചോട്ടം

2016 ഏപ്രിലിലായിരുന്നു ചാർളിയെ അവസാനമായി കണ്ടത്. അന്ന് മൂന്ന് വയസ്സുണ്ടായിരുന്ന ചാർളി പുറത്തുകറങ്ങി നടക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഒരു പൂച്ചയായിരുന്നു. ന്യൂബ്രിഡ്ജിൽനിന്ന് അബർകാർണിലേക്ക് താമസം മാറിയതിന് പിന്നാലെയാണ് ചാർളിയെ കാണാതായതെന്ന് കുടുംബം പറയുന്നു. മാസങ്ങളോളം കുടുംബം തിരച്ചിൽ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

ഉടമയെ കണ്ടെത്തിയത് മൈക്രോചിപ്പിലൂടെ

വർഷങ്ങൾക്കുശേഷം പ്രദേശവാസിയായ ഒരാൾ കുറ്റിക്കാട്ടിൽ കഴിയുന്ന ചാർളിയെ കണ്ടെത്തുകയായിരുന്നു. തെരുവ് പൂച്ചയാണെന്ന് കരുതി ആഴ്ചകളോളം ഭക്ഷണം നൽകിയശേഷം ഇയാൾ പൂച്ചയെ മൃഗാശുപത്രിയിലെത്തിച്ചു. തുടർന്ന് മൈക്രോചിപ്പ് പരിശോധിച്ചപ്പോഴാണ് ഉടമയുടെ വിവരങ്ങൾ ലഭിച്ചത്. ഇതോടെ ഹന്നയ്ക്ക് മൃഗാശുപത്രിയിൽ നിന്ന് ഫോൺകോൾ എത്തി. അപ്പോഴേക്കും കഴിഞ്ഞ് പോയത് 10 വർഷങ്ങൾ! പത്ത് വർഷമായി കാണാതായ പൂച്ചയെ കണ്ടെത്തിയെന്ന വാർത്ത വിശ്വസിക്കാനായില്ലെന്ന് ഹന്ന മാധ്യമങ്ങളോട് പറഞ്ഞു. ചാർളിയെ നഷ്ടപ്പെട്ടപ്പോൾ അപകടത്തിൽപ്പെട്ടിരിക്കാമെന്ന ആശങ്കയിലായിരുന്നു കുടുംബം.

മാറ്റമില്ലാതെ പഴയ സ്നേഹം

ഇപ്പോൾ 13 വയസ്സുള്ള ചാർളിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. പത്ത് വർഷത്തിനിടെ എന്താണ് സംഭവിച്ചതെന്ന് കുടുംബത്തിന് ഇപ്പോഴും അറിയില്ല. എന്നാൽ ഉടമകളെ കണ്ടയുടൻ ചാർളി അവരെ തിരിച്ചറിഞ്ഞത് കുടുംബത്തെ ഏറെ സന്തോഷിപ്പിച്ചു. അവൻ വീട്ടിലെ മറ്റ് വളർത്തുമൃഗങ്ങളുമായി ഇണങ്ങിവരാനുള്ള ശ്രമം തുടരുകയാണ്. ഭക്ഷണവും സ്നേഹവും ശ്രദ്ധയും ആസ്വദിക്കുന്ന ചാർളി ഇപ്പോൾ കുടുംബത്തിന്‍റെ പ്രിയതാരമായി മാറിക്കഴിഞ്ഞെന്നും റിപ്പോർട്ടുകൾ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

എഐ റോബോട്ടിലും ലിംഗവിവേചനം; ഒരേ ജോലി എന്നിട്ടും സ്ത്രീകൾക്ക് പ്രതിഫലക്കാര്യത്തിൽ 10.25% കുറവെന്ന് പഠനം
അതിജീവിതർക്കും മനുഷ്യാവകാശ സംരക്ഷകർക്കുമായി നോബൽ പുരസ്‌കാരം സമർപ്പിച്ച് നവി പിള്ള