വിമാനത്തിനുള്ളില്‍ പ്രതീക്ഷിക്കാത്ത അതിഥി, പഠിച്ചപണി പതിനെട്ടും നോക്കി, പിടികൂടാനായില്ല, യാത്ര വൈകിയത് 2 ദിവസം

Published : Feb 13, 2025, 04:19 PM IST
വിമാനത്തിനുള്ളില്‍ പ്രതീക്ഷിക്കാത്ത അതിഥി, പഠിച്ചപണി പതിനെട്ടും നോക്കി, പിടികൂടാനായില്ല, യാത്ര വൈകിയത് 2 ദിവസം

Synopsis

എയർലൈൻ ജീവനക്കാരും എൻജിനീയർമാരും ചേർന്ന് പൂച്ചയെ പിടികൂടാൻ രണ്ടുദിവസം അക്ഷീണപരിശ്രമം നടത്തിയെങ്കിലും പൂച്ച പിടി കൊടുത്തില്ല. ഒടുവിൽ വാതിൽ തുറന്നിട്ട് പൂച്ച തനിയെ ഇറങ്ങിപ്പോകാൻ കാത്തിരിക്കുകയായിരുന്നു.

വിമാനത്തിനുള്ളിൽ കയറിപ്പറ്റിയ പൂച്ച വില്ലനായതോടെ എയർലൈൻ അധികൃതർ രണ്ടുദിവസത്തേക്ക് വിമാനം റദ്ദാക്കി. റോമിൽ നിന്ന് ജർമ്മനിയിലേക്ക് പറക്കേണ്ടിയിരുന്ന Ryanair വിമാനത്തിനാണ് ഈ അപ്രതീക്ഷിത പ്രതിസന്ധി നേരിടേണ്ടി വന്നത്.

ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് വിമാനം പറക്കുന്നതിന് തൊട്ടുമുമ്പാണ് എയർലൈൻ ജീവനക്കാർ ഇത്തരത്തിൽ ഒരു പ്രതിസന്ധി നേരിട്ടത്. ബോയിംഗ് 737 വിമാനത്തിലാണ് ഒളിച്ചിരുന്ന പൂച്ചയെ കണ്ടെത്തിയത്. ഏറെ നേരത്തെ പരിശോധനയ്ക്കും പരിശ്രമത്തിനും ഒടുവിലാണ് പൂച്ചയെ വിമാനത്തിനുള്ളിൽ കണ്ടുപിടിച്ചത്. ‌‌

യാത്രക്കാർക്കുള്ള നിർദ്ദേശം നൽകാനായി എത്തിയ എയർലൈൻ ജീവനക്കാരിയാണ് പൂച്ചയുടെ കരച്ചിൽ വിമാനത്തിനുള്ളിൽ നിന്നും കേട്ടത്. തുടർന്ന് വിമാനത്തിൻ്റെ ഇലക്ട്രിക്കൽ ബേയിൽ നിന്നും പൂച്ചയെ കണ്ടെത്തുകയായിരുന്നു. പക്ഷേ പൂച്ച പിടികൊടുക്കാൻ തയ്യാറാകാതെ വന്നതോടെ ജീവനക്കാർ വലഞ്ഞു. സംഭവദിവസം നടത്തേണ്ടിയിരുന്ന സർവീസ് റദ്ദ് ചെയ്തു. 

വിമാനത്തിന്റെ വളരെ സെൻസിറ്റീവായ ഭാഗങ്ങളിലേക്ക് പൂച്ച നുഴഞ്ഞു കയറിയതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്. പൂച്ചയുമായി വിമാനം പറന്നുയർന്നാൽ ഗുരുതരമായ സാങ്കേതിക തകരാറുകൾക്ക് കാരണമായേക്കാം എന്ന് ഭയന്നാണ് എയർലൈൻ അധികൃതർ സർവീസുകൾ റദ്ദാക്കിയത്. 

എയർലൈൻ ജീവനക്കാരും എൻജിനീയർമാരും ചേർന്ന് പൂച്ചയെ പിടികൂടാൻ രണ്ടുദിവസം അക്ഷീണപരിശ്രമം നടത്തിയെങ്കിലും പൂച്ച പിടി കൊടുത്തില്ല. ഒടുവിൽ വാതിൽ തുറന്നിട്ട് പൂച്ച തനിയെ ഇറങ്ങിപ്പോകാൻ കാത്തിരിക്കുകയായിരുന്നു. ആ പരീക്ഷണം ഒടുവിൽ വിജയം കണ്ടു. തുറന്നിട്ട വാതിലിലൂടെ പുറത്തിറങ്ങിയ പൂച്ച റൺവേയിലൂടെ നടന്നുനീങ്ങി. യാത്രക്കാർക്ക് കാര്യമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടൊപ്പം തന്നെ വിമാന കമ്പനിക്കും വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് ഈ പൂച്ച വരുത്തിവെച്ചത്.

ഇതാദ്യമായല്ല ഇത്തരത്തിൽ ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 2021 -ൽ സുഡാനിലെ ഖാർത്തൂമിൽ നിന്ന് ഖത്തറിലേക്ക് പറന്ന വിമാനത്തിന്റെ കോക്പിറ്റിൽ പൂച്ചയെ കണ്ടതിനെ തുടർന്ന് വിമാനം അടിയന്തരമായി ലാൻഡ് ചെയ്യേണ്ടിവന്നു. വിമാനം പറന്നുയർന്ന് ഏകദേശം 30 മിനിറ്റുകൾക്കുശേഷമാണ് അന്ന് പൂച്ചയെ കണ്ടത്. അന്ന് അപകടകാരിയായി മാറിയ പൂച്ച പൈലറ്റിനെ ആക്രമിക്കുകയും ചെയ്തിരുന്നു.

അവിശ്വസനീയം ഈ മടങ്ങിവരവ്! ഒരിക്കൽ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമായി, വീണ്ടും തിരികെവന്ന 5 ജീവികൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ