വളർത്തുപൂച്ചകളെ പുറത്ത് കൊണ്ടുപോകുന്നത് വിലക്കി ഈ പ്രദേശം! 23000 രൂപ വരെ പിഴയും...

By Web TeamFirst Published Apr 22, 2022, 4:09 PM IST
Highlights

പൂച്ചയെ തുടലിൽ കെട്ടി നടത്തിക്കാൻ ശ്രമിക്കുന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. എന്നാൽ, വളർത്തു പൂച്ചകളെ അങ്ങനെ പഠിപ്പിച്ച് എടുക്കാവുന്നതേയുള്ളുവെന്ന് ഒരു ഉടമ പറയുന്നു.

വളർത്തുപൂച്ചകളെ വീടിന് പുറത്ത് കൊണ്ടുപോകുന്നത് വിലക്കി ഓസ്‌ട്രേലിയ(Australia)യിലെ കാൻബെറ(Canberra). ഇനി മുതൽ തുടലിൽ കെട്ടിയാൽ മാത്രമേ ഉടമകൾക്ക് പൂച്ചകളെ പുറത്ത് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. കാൻ‌ബെറയിലെ 17 ഇടങ്ങളിൽ പൂച്ചകളെ പുറത്തേക്ക് കൊണ്ടുപോകുന്നത് ഇതിനകം നിരോധിച്ചിരിക്കുന്നു. എന്നാൽ, ജൂലൈ ഒന്ന് മുതൽ സർക്കാർ നഗരത്തിലുടനീളം ആ നിയമം നടപ്പിലാക്കും. നിയമം തെറ്റിക്കുന്നവർക്ക് 23000 രൂപ വരെ പിഴ അടക്കേണ്ടി വരും. വളർത്തു പൂച്ചകളിൽ നിന്ന് വന്യജീവികളെ സംരക്ഷിക്കാൻ വേണ്ടിയാണ് പ്രധാനമായും ഇത്തരമൊരു നിയമം കൊണ്ട് വന്നിരിക്കുന്നത്.

ആക്റ്റ് ക്യാറ്റ് പ്ലാൻ 2021-2031 പറയുന്നത് പുതിയ നിയമങ്ങൾ പൂച്ചകളെ കൂടുതൽ കാലം ആരോഗ്യകരമായി ജീവിക്കാനും, വന്യജീവികളെ സംരക്ഷിക്കാനും സഹായിക്കുമെന്നതാണ്. ജൂലൈ 1 -ന് ശേഷം നിലവിൽ വരുന്ന ഈ നിയമം പ്രഖ്യാപിത പ്രദേശത്തെ ഉടമകൾക്ക് മാത്രമേ ബാധകമാവുകയുള്ളൂ എന്ന് ഗതാഗത, നഗര സേവന മന്ത്രി ക്രിസ് സ്റ്റീൽ വിശദീകരിച്ചു. 'പല കാൻബറെക്കാർക്കും വളർത്തുപൂച്ചകൾ സ്വന്തം കുടുംബാംഗങ്ങളെ പോലെയാണ്. അവ ആരോഗ്യത്തോടെ സന്തോഷത്തോടെ ജീവിച്ച് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു' അദ്ദേഹം പറഞ്ഞു. പുതിയ ഉടമകൾ അവരുടെ വളർത്തുമൃഗത്തെ ആദ്യമായി രജിസ്റ്റർ ചെയ്യുമ്പോൾ ഒരു നിശ്ചിത തുക ഫീസായി നൽകേണ്ടതുണ്ട്. പിന്നീട് പൂച്ചകളുടെ വിശദാംശങ്ങൾ വർഷം തോറും അപ്ഡേറ്റ് ചെയ്താൽ മാത്രം മതിയാകും.
 
വളർത്തുപൂച്ചകളാൽ കൊല്ലപ്പെടുന്ന മറ്റ് മൃഗങ്ങളുടെ എണ്ണം കുറയ്ക്കാൻ ഈ നയം സഹായിക്കുമെന്ന് പരിസ്ഥിതി മന്ത്രി റെബേക്ക വാസരോട്ടി പറഞ്ഞു. കൂടാതെ നഷ്ടപ്പെട്ടതോ ഉപേക്ഷിക്കപ്പെട്ടതോ ആയ പൂച്ചകളുടെ എണ്ണ കുറയ്ക്കാനും ഇത് വഴി സാധിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. 'ഓരോ വർഷവും, ഇങ്ങനെ അലഞ്ഞ് നടക്കുന്ന കാൻബെറ പൂച്ചകൾ 61,000 ഓളം പക്ഷികൾ അതുപോലെ സസ്തനികൾ, ഉരഗങ്ങൾ, തവളകൾ എന്നിവയെ വേട്ടയാടുന്നതായി കണക്കാക്കപ്പെടുന്നു' അവർ പറഞ്ഞു.

പൂച്ചയെ തുടലിൽ കെട്ടി നടത്തിക്കാൻ ശ്രമിക്കുന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. എന്നാൽ, വളർത്തു പൂച്ചകളെ അങ്ങനെ പഠിപ്പിച്ച് എടുക്കാവുന്നതേയുള്ളുവെന്ന് ഒരു ഉടമ പറയുന്നു. സിഡ്‌നിയിലെ അധ്യാപികയായ അന്ന കോർമോണ്ടി തന്റെ പൂച്ചയ്ക്ക് ഒമ്പത് ആഴ്ച പ്രായമുള്ളപ്പോൾ മുതൽ തുടലിൽ നടക്കാൻ പരിശീലിപ്പിച്ചു. കൊവിഡ് കാലത്തെ ലോക്ക്ഡൗൺ സമയത്ത് വീട്ടിൽ നിന്ന് ജോലി ചെയ്യുമ്പോൾ തനിച്ചായി പോയ അവൾക്ക് ഒരു കൂട്ട് വേണമെന്ന് തോന്നിയതോടെയാണ് പൂച്ചയെ എടുത്ത് വളർത്താൻ തുടങ്ങിയത്. അറ്റലസ് എന്നതിന് പേരും ഇട്ടു. അറ്റ്‌ലസിനെ നടക്കാൻ കൊണ്ടുപോകുന്നത് രസമുള്ള ഒരു അനുഭവമാണ് എന്ന് അവൾ പറയുന്നു. പൂച്ചകളുടെ ആരോഗ്യത്തിനും അത് വളരെ നല്ലതാണെന്നും അവൾ കൂട്ടിച്ചേർത്തു. എന്നാൽ പൂച്ചകളെ നേരത്തെ തന്നെ പരിശീലിപ്പിക്കേണ്ടതുണ്ടെന്ന് കോർമോണ്ടി പറയുന്നു. 

click me!