
നീന്തല്‍ക്കാരുടെ സ്വപ്നമായ ഇംഗ്ലീഷ് ചാനല്‍ നീന്തുന്നതിനിടെ അഗ്നിശമന സേനാംഗവും ചാരിറ്റി നീന്തല്‍കാരനുമായ ഇയാന്‍ ഹ്യൂസിനെ (42) കാണാതായതായി സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിലെ ഡഡ്‍ലി സ്വദേശിയായ ഇയാന്‍ ഹ്യൂസ് കഴിഞ്ഞ ചൊവ്വാഴ്ച ഡോവറില്‍ നിന്ന് ഒരു സപ്പോര്‍ട്ട് ബോട്ടുമായി സോളോ ചലഞ്ച് ചെയ്യുന്നതിനിടെയാണ് കാണാതായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇയാനെ കാണാതായെന്ന് റിപ്പോര്‍ട്ട് വന്നതിന് പുറകെ സൈനിക ഹെലികോപ്റ്ററുകളും നാവിക സേനയും പോലീസ് ബോട്ടുകളും ഉള്‍പ്പെടെയുള്ള വലിയ സന്നാഹത്തോടെ തിരച്ചില്‍ നടത്തിയിട്ടും ഹ്യൂസിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷൻ, മിഡ്‌ലാൻഡ്‌സ് എയർ ആംബുലൻസ്, ഫയർ ഫൈറ്റേഴ്‌സ് ചാരിറ്റി എന്നിവയ്‌ക്ക് വേണ്ടി 21,000 പൗണ്ട് (ഏതാണ്ട് 21,92,799 ഇന്ത്യന്‍ രൂപ) സമാഹരിക്കാനായിരുന്നു ഹ്യൂസ് ഇംഗ്ലീഷ് ചാനല്‍ നീന്താന്‍ തയ്യാറെടുത്തത്. കാലാവസ്ഥ മോശമായത് കാരണം തന്‍റെ നീന്തൽ വൈകിയതായി വെഡ്‌നസ്ബറി ഫയർ സ്റ്റേഷനില്‍ നിന്നും രണ്ടാഴ്ച മുമ്പ് അദ്ദേഹം ട്വിറ്റ് ചെയ്തിരുന്നു. "ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഇംഗ്ലീഷ് ചാനൽ നീന്താനുള്ള ശ്രമത്തിന് ശേഷം ഞങ്ങളുടെ ക്രൂ മാനേജർമാരിൽ ഒരാളായ ഇയിൻ ഹ്യൂസിനെ കാണാതായെന്ന് സ്ഥിരീകരിക്കുന്നതിൽ ഞങ്ങളുടെ ഹൃദയം തകർന്നു." വെസ്റ്റ് മിഡ്‌ലാൻഡ്‌സ് ഫയർ സർവീസ് ട്വിറ്ററില്‍ കുറിച്ചു. 19 -ാം വയസ് മുതല്‍ അഗ്നിശമന സേനയിലെ സാങ്കേതിക രക്ഷാ യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂസ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.
ഹ്യൂസിനെ കണ്ടെത്താനായി ഫ്രഞ്ച്, ബെൽജിയൻ സൈനിക ഹെലികോപ്റ്ററുകളും നാവികസേനയും പോലീസ് പട്രോളിംഗ് ബോട്ടുകളും ഉൾപ്പെട്ട തിരച്ചിൽ സംഘത്തിന്‍റെ നീണ്ട ശ്രമങ്ങള്‍ക്ക് ശേഷവും ഇയാനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് അഗ്നിശമനസേനയുടെ പ്രസ്താവനയില്‍ പറയുന്നു. ഹ്യൂസിന്‍റെ തിരോധാനം പറഞ്ഞറിയിക്കാനാവാത്ത ദുഃഖമാണെന്ന് ചീഫ് ഫയർ ഓഫീസർ വെയ്ൻ ബ്രൗൺ പറഞ്ഞു. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങൾ ഇയാന്‍റെ കുടുംബത്തിന് എല്ലാ പിന്തുണയും നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു, എന്നാല്‍, രക്ഷാപ്രവര്‍ത്തനത്തിന് തങ്ങളെ ആരും ബന്ധിപ്പെട്ടില്ലെന്നായിരുന്നു റോയല്‍ നാഷ്ണല്‍ ലൈഫ്ബോട്ട് ഇന്‍സ്റ്റിറ്റ്യൂഷന്‍ അറിയിച്ചത്.
ഇംഗ്ലീഷ് ചാനല്‍ 34 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടലിടുക്കാണ്. ഇതിന് മുമ്പ് ഏഴ് മുതല്‍ 27 മണിക്കൂര്‍ വരെയെടുത്താണ് നീന്തല്‍ക്കാര്‍ ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്നിട്ടുള്ളത്. ക്യാപ് ഗ്രിസ്-നെസിൽ നിന്ന് ചൊവ്വാഴ്ച ഒരു നീന്തൽക്കാരനെ കാണാതായതായി ഗ്രിസ്-നെസ് ഓപ്പറേഷണൽ സർവൈലൻസ് ആൻഡ് റെസ്ക്യൂ സെന്‍റര്‍ (CROSS) ആണ് ആദ്യം വിവരം പുറത്ത് വിടുന്നത്. തിരച്ചിലില്‍ പങ്കെടുക്കാനായി ഫ്രഞ്ച്, ബെൽജിയൻ നാവികസേനകളിൽ നിന്ന് ഹെലികോപ്റ്ററുകളും ഫ്രഞ്ച് നേവി പട്രോളിംഗ് ബോട്ടും പുറപ്പെട്ടു. ഇംഗ്ലീഷ് ചാനലിലെ നീന്തല്‍ക്കാരെ നിരീക്ഷിക്കുന്ന ചാനല്‍ സ്വിമ്മിംഗ് ആന്‍റ് പൈലറ്റിംഗ് ഫെഡറേഷന്‍ ഇന്നലെ നടത്തിയ തിരിച്ചിലിന് ശേഷം ഹ്യൂസിനെ കണ്ടെത്താന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ചു.
മദ്യപിക്കാനെത്തിയ യുവതികള്‍ പബിന്‍റെ 'വൈബ്' ലേക്ക് ഉയര്‍ന്നില്ല; 3,433 രൂപ പിഴ ചുമത്തി ചൈനീസ് പബ്!