
പണിയെടുത്താൽ കൃത്യമായി ശമ്പളം നൽകുക എന്നതാണ് മാന്യത. എന്നാൽ, രാജിവച്ചു എന്നതിന്റെ പേരിൽ ജീവനക്കാരിക്ക് ശമ്പളം നൽകാൻ തയ്യാറാവാത്ത ഒരു മെഡിക്കല്‍ ഷോപ്പ് ഉടമയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. നിങ്ങൾ ഇവിടെ ജോലി ചെയ്യാൻ തയ്യാറല്ല എങ്കിൽ നിങ്ങൾക്ക് കാശ് തരേണ്ടത് എന്റെ ഉത്തരവാദിത്തമല്ല എന്നാണ് ഇയാൾ യുവതിയോട് പറയുന്നത്.
ശമ്പളം തരാൻ തയ്യാറാകാത്ത സ്ഥാപന ഉടമയോട് താൻ ഇവിടെ ജോലി ചെയ്തതിന്റെ ശമ്പളമെങ്കിലും തരൂ എന്നാണ് യുവതി ആവശ്യപ്പെടുന്നത്. എന്നാൽ, അപ്പോൾ തന്നെ സ്ഥാപന ഉടമ അത് നിഷേധിക്കുകയാണ്. കാരണം ചോദിക്കുമ്പോൾ ഉടമ പറയുന്നത് അവൾക്കായി താനൊരു സ്കൂട്ടർ വാങ്ങിയിരുന്നു അതുകൊണ്ടാണ് ശമ്പളം നൽകാത്തത് എന്നാണ്. അതുപോലെ ഒരുമാസം മാത്രം ജോലി ചെയ്യാൻ താൻ പറഞ്ഞോ എന്നും ഇയാൾ ചോദിക്കുന്നതും കേൾക്കാം.
സർ, എനിക്ക് വയ്യ എന്ന് ജീവനക്കാരി പറയുമ്പോൾ അതെന്റെ വിഷയമല്ല. നിങ്ങൾ കാരണം ലക്ഷം രൂപ വരുന്ന സ്കൂട്ടറാണ് താൻ വാങ്ങിയത്, തന്റെ ആ നഷ്ടം നികത്തുമോ എന്നും ഇയാൾ ചോദിക്കുന്നുണ്ട്. സ്കൂട്ടറിന്റെ പേരും പറഞ്ഞ് താൻ ജോലി ചെയ്തതിന്റെ ശമ്പളം നിഷേധിക്കുന്നത് ശരിയല്ല എന്നാണ് യുവതി പറയുന്നത്. എന്നാൽ, കെമിസ്റ്റ് ഉടമ അവരോട് പുറത്ത് പോകാൻ പറയുന്നു. അവസാനം അവർ ഭീഷണിപ്പെടുത്തുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇത് തന്റെ ഒരുമാസത്തെ കഠിനാധ്വാനത്തിന്റെ കൂലിയാണ്. താൻ പരാതി നൽകും എന്ന് പറയുന്നിടത്ത് വീഡിയോ അവസാനിക്കുന്നു.
വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു. ഇത്തരം സ്ഥാപന ഉടമകൾക്കെതിരെ നടപടിയെടുക്കുന്ന തരത്തിലുള്ള നിയമങ്ങൾ എന്തെങ്കിലും ഉണ്ടോ എന്നാണ് മിക്കവരും ചോദിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: