
മിഠായി പ്രേമികൾക്ക് ഒരു തൊഴിലവസരം. മിഠായി കഴിച്ച് മാസം ലക്ഷങ്ങൾ സമ്പാദിക്കാം. കാനേഡിയൻ മിഠായി കമ്പനിയായ കാൻഡി ഫൺഹൗസാണ് ജോലി വാഗ്ദാനം ചെയ്തിരിക്കുന്നത്. ചോക്ലേറ്റ് ബാറുകൾ മുതൽ ലൈക്കോറൈസ് വരെയുള്ള മിഠായികൾ കമ്പനി കച്ചവടം ചെയ്യുന്നു. കാനഡയിലെ ഒന്റാറിയോയിലെ മിസിസാഗ പട്ടണത്തിലാണ് കമ്പനി സ്ഥിതി ചെയ്യുന്നത്. അവരാണ് ഇപ്പോൾ ചീഫ് കാൻഡി ഓഫീസറെ തിരയുന്നത്. മാസം ശമ്പളമായി അവർ നൽകുന്നത് 100,000 കനേഡിയൻ ഡോളറാണ്. അതായത് ഏകദേശം 61 ലക്ഷം രൂപ.
കൂടാതെ, വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാം. എല്ലാവർക്കും അല്ല, ന്യൂജേഴ്‌സി, നെവാർക്ക്, കാനഡയിലെ ടൊറന്റോ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാം. നല്ല ജോലി, നല്ല ശമ്പളം, അതും വീട്ടിലിരുന്ന്. ഹോ, ഇത്രയൊക്കെ സൗകര്യം പോരെ? ജൂലൈയിൽ ലിങ്ക്ഡിനിലായിരുന്നു ജോലിയുടെ വിശദാംശങ്ങൾ പോസ്റ്റു ചെയ്തത്. ലോകത്തിലെ ആദ്യത്തെ ചീഫ് കാൻഡി ഓഫീസറായിരിക്കും ഇതെന്ന് പരസ്യത്തിൽ അവർ പറയുന്നു. ഇനി എന്താണ് ഒരു ചീഫ് കാൻഡി ഓഫിസറുടെ ചുമതലകൾ എന്ന് നോക്കാം. കമ്പനി ബോർഡ് മീറ്റിംഗുകൾ നടത്തുക, മിഠായികൾ രുചിക്കുക, പുതിയ ഉൽപ്പന്നങ്ങൾക്ക് ഓഫിസറുടെ സീൽ വച്ച് അംഗീകാരം നൽകുക, നിലവിലുള്ളവ പരിശോധിക്കുക തുടങ്ങിയ ചുമതലകളാണ് ഇതിൽ ഉൾപ്പെടുന്നത്. ഇനി മറ്റൊരു സംശയം ഉണ്ടാകുന്നത് പ്രായത്തെ കുറിച്ചായിരിക്കും. അതും ഒരു പ്രശ്‌നമല്ല. അഞ്ച് വയസ്സ് മുതൽ മുകളിലേയ്ക്ക് അപേക്ഷിക്കാം. എന്നാൽ അപേക്ഷകർ കുട്ടികളാണെങ്കിൽ, മാതാപിതാക്കളുടെ അനുമതി ആവശ്യമാണ്. അതുപോലെ മധുരം ഇഷ്ടപ്പെടുന്ന ഒരാളായിരിക്കണം ഇതിനപേക്ഷിക്കാൻ എന്ന് പ്രത്യേകം പറയേണ്ടതില്ലലോ.
തിരഞ്ഞെടുക്കുന്നവർ 18 വയസ്സിന് താഴെയുള്ളവരല്ലെങ്കിൽ, ആഴ്ചയിൽ 40 മണിക്കൂർ ജോലി ചെയ്യാനുള്ള ഓപ്‌ഷൻ ഉണ്ടായിരിക്കും. ഈ സാഹചര്യത്തിൽ അവരുടെ ഷെഡ്യൂൾ അനുസരിച്ച് സ്ഥാനം മാറും. ഒരു ചീഫ് കാൻഡി ഓഫീസർ പ്രതിമാസം 3,500 മിഠായികൾ കഴിക്കേണ്ടിവരുമെന്ന സോഷ്യൽ മീഡിയ അവകാശവാദം തെറ്റാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജമീൽ ഹെജാസി പറഞ്ഞു. അങ്ങനെ നോക്കുകയാണെങ്കിൽ ഒരു ദിവസം 117 എണ്ണം വച്ച് കഴിക്കേണ്ടി വരും. അത് വളരെ കൂടുതലായിരിക്കും, അദ്ദേഹം കൂട്ടിച്ചേർത്തു. ഒരാൾക്ക് കഴിക്കാൻ സാധിക്കുന്ന പഞ്ചസാരയുടെ അളവിനേക്കാളും അഞ്ചിരട്ടിയിൽ കൂടുതലായിരിക്കും അത്.
അതുപോലെ തന്നെ, എത്ര നാൾ വേണമെങ്കിലും, ജോലിയിൽ തുടരാൻ കഴിയും. അഞ്ചു വയസ്സുകാരനും, വേണമെങ്കിൽ ജീവിതകാലം മുഴുവൻ CCO പദവിയിൽ തുടരാം. കൂടാതെ, തിരഞ്ഞെടുത്ത അപേക്ഷകന് "വിപുലമായ ഡെന്റൽ കവറേജ്" ഉണ്ടായിരിക്കുമെന്നും കമ്പനി പറയുന്നു. ജോലിയ്ക്ക് മുതിർന്നവരെ കൂടാതെ നിരവധി കുട്ടികളും അപേക്ഷിച്ചിട്ടുണ്ട്. പല രക്ഷിതാക്കളും തങ്ങളുടെ കുട്ടികൾ അപേക്ഷ പൂരിപ്പിക്കുന്നത് ചിത്രീകരിക്കുകയും വീഡിയോകൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. കമ്പനിക്ക് ഇൻസ്റ്റാഗ്രാമിൽ 340,000 ഫോളോവേഴ്‌സും ടിക്-ടോക്കിൽ മൂന്ന് ദശലക്ഷം ഫോളോവേഴ്‌സുമുണ്ട്.