
ചൈനീസ് ഗ്രാമത്തിലെ കുടിലിനുള്ളില്‍ യുവതിയെ ചങ്ങലക്കിട്ട സംഭവത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവിശ്യാ മേധാവിയെയും പ്രവിശ്യാ ഗവര്‍ണറെയും പിരിച്ചുവിട്ടു. യുവതിക്കെതിരെ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ മറ്റ് 15 ഉദ്യോഗസ്ഥരെയും ജോലിയില്‍നിന്നും നീക്കം ചെയ്തു. സംഭവത്തില്‍ ഇതുവരെ ഒമ്പത് പേര്‍ വിലയിലായിട്ടുണ്ട്. ഇവര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. യുവതിയുടെ വീഡിയോ വൈറലായതിനു പിന്നാലെ, ചൈനീസ് അധികൃതര്‍ യുവതിക്കെതിരെ പറഞ്ഞത് കള്ളമായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞതായി ചൈനീസ് ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
യുവതിയുടെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ സംഭവം കെട്ടിച്ചമച്ചതാണെന്നും യുവതിക്ക് ഭ്രാന്താണെന്നുമാണ് സുഴൗ നഗരസഭാ അധികൃതര്‍ പറഞ്ഞിരുന്നത്. ചൈനീസ് സോഷ്യല്‍ മീഡിയ ഈ സംഭവം ഏറ്റെടുക്കുകയും അധികൃതര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തുകയും ചെയ്തതിനു പിന്നാലെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. തുടര്‍ന്ന് വീണ്ടും അന്വേഷണം നടക്കുകയും ആദ്യം പറഞ്ഞതിനു വിരുദ്ധമായി യുവതി മനുഷ്യക്കടത്തിന്റെ ഇരയാണെന്ന് അംഗീകരിക്കുകയുമായിരുന്നു അധികൃതര്‍.
തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ യുനാന്‍ സ്വേദശിയായ 44 -കാരിയെയാണ് ചങ്ങലയ്ക്കിട്ട നിലയില്‍ കണ്ടെത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചൈനീസ് ഔദ്യോഗിക മാധ്യമമായ സിസിടിവി റിപ്പോര്‍ട്ട് ചെയ്തു. ഫെങ് കൗണ്ടിയില്‍ വെച്ച് ഇവരെ രണ്ടു തവണ വിറ്റിട്ടുണ്ട്. 1997-ല്‍ അയ്യായിരം യുവാനായിരുന്നു അവളെ വിറ്റത്. അവിടെനിന്നും ഒരു വര്‍ഷത്തിനു ശേഷം എങ്ങനെയോ രക്ഷപ്പെട്ട യുവതിയെ പിന്നീട് ഇപ്പോഴത്തെ ഭര്‍ത്താവിന്റെ പിതാവ് വിലയ്ക്ക് വാങ്ങുകയായിരുന്നു. ഭര്‍ത്താവും മനുഷ്യക്കടത്തുകാരനാണെന്നും ഇയാള്‍ ഇവളെ വീണ്ടും വില്‍ക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോഴത്തെ ബന്ധത്തില്‍ സ്ത്രീയ്ക്ക് എട്ടു കുട്ടികളുണ്ട്. നിരന്തരമായ പ്രസവങ്ങളെ തുടര്‍ന്ന് ഇവരുടെ മനോനില തെറ്റിയതായും ഇവര്‍ക്ക് മനോരോഗ ചികില്‍സ ആരംഭിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
അറസ്റ്റിലായ ഒമ്പതു പേരും മനുഷ്യക്കടത്ത് സംഘത്തിലുള്ളവരാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഈ സ്ത്രീയെ വില്‍ക്കുകയും വാങ്ങുകയും ചെയ്തവരാണ് ഇവര്‍. കൂടുതല്‍ കണ്ണികളിലേക്ക് അന്വേഷണം നീളുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കള്ളക്കഥ കെട്ടിച്ചമച്ച് കേസ് വഴിതെറ്റിച്ചതിനാണ് പ്രവിശ്യാ കമ്യൂണിസ്റ്റ് പാര്‍ട്ടി മേധാവിയെയും ഗവര്‍ണ്ണറെയും പിരിച്ചുവിട്ടത്. സാധാരണ മനുഷ്യരുടെ അവകാശങ്ങളും താല്‍പ്പര്യവും സംരക്ഷിക്കുന്നതില്‍ വീഴ്ചവരുത്തി, തെറ്റായ റിപ്പോര്‍ട്ട് നല്‍കി ഈ കേസിനെ വഴിതെറ്റിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരായ നടപടി. ഇവരെ കൂടാതെ ഈ സ്ത്രീക്കെതിരെ തെറ്റായ റിപ്പോര്‍ട്ട് നല്‍കുകയും കേസ് മൂടിവെക്കാന്‍ ശ്രമിക്കുകയും ചെയ്ത 15 ഉദ്യോഗസ്ഥരെയും ജോലിയില്‍നിന്നും പിരിച്ചുവിട്ടു.
കിഴക്കന്‍ ജിയാങ്‌സു പ്രവിശ്യയിലെ ഒരു ഗ്രാമത്തില്‍ ചപ്പുചവറുകള്‍ നിറഞ്ഞ കുടിലില്‍ പൂട്ടിയിട്ട സ്ത്രീയുടെ ദൈന്യത ജനുവരി ആദ്യം ഒരു യൂ ട്യൂബറാണ് പുറത്തുവിട്ടത്. തണുത്ത് മരവിച്ച അവസ്ഥയില്‍ ഈ യുവതിയെ കഴുത്തില്‍ ചങ്ങലയിട്ട് കോണ്‍ക്രീറ്റ് ഭിത്തിയില്‍ ബന്ധിച്ചിരിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അവര്‍ക്ക് സംസാരിക്കാനൊന്നും കഴിയുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തൊട്ടുപിന്നാലെ ലോകമാധ്യമങ്ങളും ഈ വാര്‍ത്ത ഏറ്റുപിടിച്ചു.
എന്നാല്‍, ഈ സ്ത്രീയ്ക്ക് ഭ്രാന്താണ് എന്നായിരുന്നു അധികൃതരുടെ ആദ്യത്തെ വിശദീകരണം. അതോടെ ഇതിനെതിരെ ചൈനീസ് സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. ഇവരെക്കുറിച്ച് നേരത്തെ പറഞ്ഞ പേരും വിവരങ്ങളുമെല്ലാം തെറ്റായിരുന്നുവെന്നാണ് ഇപ്പോള്‍ അധികൃൃതര്‍ സമ്മതിക്കുന്നത്.
സംഭവം ചര്‍ച്ചയായതിനു പിന്നാലെ പുതിയൊരു വീഡിയോയുമായി ഒരാള്‍ രംഗത്തുവന്നിരുന്നു. താന്‍ ഇവരുടെ ഭര്‍ത്താവാണെന്നും ഈ സ്ത്രീയെ ചങ്ങലയ്ക്കിട്ടത് താനാണെന്നുമാണ് അയാള്‍ വീഡിയോയില്‍ പറഞ്ഞത്. അതില്‍, അയാള്‍ക്കൊപ്പം ഒരു കുട്ടിയും ഉണ്ടായിരുന്നു. കുട്ടിയുടെ അമ്മയാണ് അത് എന്നും സ്ത്രീയില്‍ തനിക്ക് വേറെയും കുട്ടികളുണ്ട് എന്നും അയാള്‍ വിശദീകരിച്ചു. പുറത്തുനിന്നുള്ള ആളുകള്‍ അവളെ പരിഹസിച്ചതിനാലാണ് അവളെ വീട്ടിനകത്ത് പൂട്ടിയിട്ടതെന്ന് ആ വീഡിയോയില്‍ മറ്റു ചിലരും പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ ഇയാളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടു. ഇയാള്‍ മനുഷ്യക്കടത്തുകാരനാണെന്നും നേരത്തെ നിരവധി കേസുകളുണ്ടെന്നും പലരും ചൂണ്ടിക്കാട്ടി. അതോടൊപ്പം ഈ സംഭവത്തില്‍ നടപടി എടുക്കാത്ത അധികൃതര്‍ക്ക് എതിരെയും വിമര്‍ശനം ഉയര്‍ന്നു.
തുടര്‍ന്ന്, പ്രവിശ്യാ ഉദ്യോഗസ്ഥര്‍ ഈ കേസ് അന്വേഷിച്ചു. ആ സ്ത്രീ ഒരു ഭിക്ഷക്കാരിയാണെന്നും മനോരോഗിയാണെന്നുമായിരുന്നു അവര്‍ പറഞ്ഞത്. രണ്ടാമത്തെ വീഡിയോയിലുള്ള ആള്‍ അവരെ 1998 -ല്‍ വിവാഹം കഴിച്ചതായും അവര്‍ വാര്‍ത്താ കുറിപ്പിറക്കി. രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിന് ശേഷം കുടുംബാസൂത്രണ ഉദ്യോഗസ്ഥര്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കിയെന്നും എന്നാല്‍, അത് ഫലപ്രദമായില്ലെന്നും അവര്‍ പറഞ്ഞു. യുവതിയെ പരിശോധിച്ച മനോരോഗ വിദഗ്ദര്‍ യുവതിക്ക് സ്‌കിസോഫ്രീനിയയാണെന്ന് സ്ഥിരീകരിച്ചതായും അധികൃതര്‍ അറിയിച്ചു.
അതോടെയാണ്, അധികൃതര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. ചൈനീസ് സോഷ്യല്‍ മീഡിയയായ വൈബോയില്‍ ലക്ഷക്കണക്കിനാളുകള്‍ ഈ സംഭവത്തില്‍ വ്യക്തമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. അതോടൊപ്പം ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ചൈനീസ് മാധ്യമങ്ങളും ഇക്കാര്യം ഉന്നയിച്ചു.
തുടര്‍ന്നാണ് പുതിയ വിശദീകരണവുമായി അധികൃതര്‍ രംഗത്തുവന്നത്. ഈ സ്ത്രീയുടെ പേര് യാങ്് എന്നായിരുന്നു നേരത്തെ അവര്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍, ഇവരുടെ പേര് സിയാവോ ഹുമെയി എന്നാണെന്നാണ് അധികൃതര്‍ പറയുന്നത്. അവരുടെ ഭര്‍ത്താവെന്ന് അവകാശപ്പെട്ട ഡോംഗ് എന്നയാള്‍ ഒരു പാവം കര്‍ഷകനാണ് എന്നായിരുന്നു ആദ്യം പൊലീസ് പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ അയാള്‍ മനുഷ്യക്കടത്തുകാരനാണെന്നാണ് അവര്‍ പറയുന്നത്.
അധികൃതര്‍ ഇപ്പോള്‍ പറയുന്നത്:
തെക്കുപടിഞ്ഞാറന്‍ യുനാന്‍ പ്രവിശ്യയിലെ വിദൂര ഗ്രാമത്തിലായിരുന്നു ഇവരുടെ വീട്. നേരത്തെ ഒരു വിവാഹം ചെയ്തു. അതില്‍ രണ്ടു കുട്ടികളുണ്ടായിരുന്നു. അതിനുശേഷം മാനസിക പ്രശ്നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് ഇവരെ വിവാഹമോചനം ചെയ്തു. മാതാപിതാക്കളുടെ മരണശേഷം ആരുമില്ലാതായ ഇവരെ അതേ ഗ്രാമത്തിലെ സാംഗ് എന്നൊരു സ്ത്രീയാണ് അവിടെനിന്നും കൂട്ടിക്കൊണ്ടുപോന്നത്. എന്നാല്‍, ഇവരെ നഗരത്തില്‍ കൊണ്ടുപോയി പുതിയ ഒരു ഭര്‍ത്താവിനെ കണ്ടെത്തണമെന്ന് യുവതിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും അങ്ങനെ താന്‍ യുവതിയുമായി ട്രെയിനില്‍ വരുമ്പോള്‍ അവരെ കാണാതായെന്നുമാണ് സാങ് എന്ന സ്ത്രീ പൊലീസിനോട് പറഞ്ഞത്. ഇത് കെട്ടുകഥയാണെന്നും സാങ്് ആണ് ഇവരെ നഗരത്തിലേക്ക് കൊണ്ടുവന്നതെന്നുമാണ് ഇപ്പോള്‍ പൊലീസ് പറയുന്നത്. ഇതിനെ തുടര്‍ന്ന്, സാങ്, അവരുടെ ഭര്‍ത്താവ് എന്നിവര്‍ അറസ്റ്റിലായതായും പൊലീസ് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവ് എന്നവകാശപ്പെട്ട ആളെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യുമെന്നും അവര്‍ അറിയിച്ചു.