
ഓൺലൈൻ ഗെയിമുകളിൽ മുഴുകിയിരുന്ന മകനെ വിലക്കാൻ ഇന്‍റർനെറ്റ് കഫേകളിൽ കയറി ബലം പ്രയോഗിച്ച് പുറത്തിറക്കിയിരുന്ന ഒരു അമ്മ, ഇന്ന് അതേ ഗെയിമിംഗ് ലോകത്തെ തരംഗമായി മാറിയിരിക്കുകയാണ്. ദക്ഷിണ ചൈനയിലെ മെയിഷൂ സ്വദേശിയായ 60 -കാരി ഷാങ് ജുവാന്‌ജുവാൻ ആണ് ഓൺലൈൻ ഗെയിമുകളുടെ ലൈവ് സ്ട്രീമിംഗിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
ഇന്‍റർനെറ്റ് ലോകത്ത് 'ജുവാൻ അമ്മായി' എന്ന പേരിൽ അറിയപ്പെടുന്ന ഇവരുടെ ഗെയിമിംഗ് ലൈവ് സ്ട്രീമുകൾ കാണാൻ ഇന്ന് പതിനായിരക്കണക്കിന് ആളുകളാണുള്ളത്. പ്രാഥമിക വിദ്യാഭ്യാസം മാത്രം പൂർത്തിയാക്കിയ ഷാങ്, ജീവിത മാർഗ്ഗത്തിനായി സെയിൽസ്, ചൈൽഡ് കെയർ തുടങ്ങി വിവിധ ഇടങ്ങിലായി മണിക്കൂർ അടിസ്ഥാനത്തിൽ ജോലികൾ ചെയ്തിരുന്നു. പത്ത് വർഷം മുമ്പാണ് ഇവർ വിരമിച്ചത്. ഏകദേശം ഇരുപത് വർഷം മുമ്പ് ഹൈസ്കൂളിൽ പഠിക്കുമ്പോൾ മകൻ സുവോഡെയ്ക്ക് ഗെയിമുകളോട് കടുത്ത ആസക്തിയുണ്ടാവുകയും പഠനത്തിൽ പിന്നോക്കം പോവുകയും ചെയ്തു. അന്ന് മകനെ ഓൺലൈൻ ഗെയിമുകളിൽ നിന്നും പിന്തിരിപ്പിക്കാൻ ഏറെ പാടുപെട്ടിരുന്നു ഷാങ്, ഒടുവിൽ മകന് ഇത്തരം ഗെയിമുകളോട് തോന്നുന്ന അമിത ആസക്തിയുടെ കാരണം അറിയാൻ ഷാങ് തീരുമാനിച്ചു. അങ്ങനയാണ് അവർ ഓൺലൈൻ ഗെയിമുകൾ കളിക്കാൻ തീരുമാനിക്കുന്നത്.
Auntie Juan is not for roaming parks in a pack with other aunties doing their choreographed dances. She haven’t learned how to play Mahjong either. Instead, she took up gaming from her son during COVID and is now a streamer who occasionally forgets cooking food for her family if… https://t.co/E19oejThi2
— Angelica 🌐⚛️🇹🇼🇨🇳🇺🇸 (@AngelicaOung) January 30, 2026
ആദ്യ ഘട്ടത്തിൽ മകന്‍റെ തന്നെ സഹായത്തോടെയാണ് ഷാങ് ഗെയിമിംഗിലെ പ്രാഥമിക പാഠങ്ങൾ പഠിച്ചെടുത്തത്. കാഴ്ചശക്തിയുടെ കുറവും വേഗതക്കുറവും തുടക്കത്തിൽ വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ പിന്മാറാൻ തയ്യാറാകാതിരുന്ന ഷാങ്, നിരന്തരമായ പരിശീലനത്തിലൂടെ തന്‍റെ ഗെയിമിംഗ് കഴിവുകൾ മെച്ചപ്പെടുത്തി. 2022-ഓടെ ഷാങ് തന്‍റെ ഗെയിമിംഗ് ലൈവ് സ്ട്രീമിംഗ് ആരംഭിച്ചു. വളരെ ലളിതമായ ഉപകരണങ്ങൾ ഉപയോഗിച്ച് പ്രൊഫഷണൽ കളിക്കാരെപ്പോലെ കളിച്ച് അത്ഭുതപ്പെടുത്തുന്ന ഇവരുടെ വീഡിയോകൾ അതിവേഗമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഇതുവരെ 8,000-ത്തിലധികം മണിക്കൂറുകൾ ഗെയിമിംഗിൽ ചിലവഴിച്ചിട്ടുള്ള ഇവർ പ്രധാനമായും ഷൂട്ടിംഗ് ഗെയിമുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ 2024 ഡിസംബറിൽ പ്രശസ്തമായ 'കൗണ്ടർ - സ്ട്രൈക്ക്: ഗ്ലോബൽ ഒഫൻസീവ്' എന്ന ഇ - സ്പോർട്സ് മത്സരത്തിലേക്ക് ക്ഷണിക്കപ്പെട്ടതോടെയാണ് ജുവാൻ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിയത്.