
മാസങ്ങളോളം ശ്രമിച്ചിട്ടും പുതിയൊരു ജോലി കണ്ടെത്താനാകാതെ വന്നതോടെ മാനസികാരോഗ്യം വീണ്ടെടുക്കാനും ദിവസങ്ങൾക്ക് സയമബന്ധിതമായൊരു ഘടന നൽകാനുമായി പാത്രം കഴുകുന്ന ജോലി തെരഞ്ഞെടുത്ത് മുൻ കോർപ്പറേറ്റ് ജീവനക്കാരൻ. മണിക്കൂറിന് 11 ഡോളർ (ഏകദേശം 1,049 രൂപ) വേതനത്തിലാണ് 29 -കാരനായ യുവാവ് റെസ്റ്റോറന്‍റിൽ പാർട്ട് ടൈമായി ജോലി ആരംഭിച്ചത്.
കഴിഞ്ഞ ഏപ്രിലിലാണ് കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്തിരുന്ന യുവാവിന് സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ജോലി നഷ്ടപ്പെടുന്നത്. ഒൻപത് മാസത്തെ വേതനം സെവറൻസ് പാക്കേജായി ലഭിച്ചിരുന്നു. തുടർന്ന് ഇരുന്നൂറിലധികം കമ്പനികളിൽ അപേക്ഷ അയക്കുകയും പതിനഞ്ചിലധികം അഭിമുഖങ്ങളിൽ പങ്കെടുക്കുകയും ചെയ്തെങ്കിലും ഒന്നിലും ജോലി ഉറപ്പാക്കാൻ സാധിച്ചില്ല. തുടർച്ചയായ പരാജയങ്ങളെ തുടർന്ന് കടുത്ത നിരാശയിലേക്കും ഉത്കണ്ഠയിലേക്കും വീണുപോയതായി യുവാവ് തന്‍റെ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
"നാല് മാസത്തെ തൊഴിലില്ലായ്മയ്ക്ക് ശേഷം എന്‍റെ മാനസികാരോഗ്യം കടുത്ത പ്രതിസന്ധിയിലായി. ദിവസങ്ങൾക്ക് ഒരു നിയന്ത്രണമോ ലക്ഷ്യമോ ഇല്ലാതെയായി. പണത്തിന് വേണ്ടിയല്ല ഞാൻ ഈ പാത്രം കഴുകുന്ന ജോലി ചെയ്യുന്നത്. അടുത്ത അഞ്ച് വർഷത്തേക്ക് ജീവിക്കാനുള്ള എമർജൻസി ഫണ്ട് എന്‍റെ പക്കലുണ്ട്. എന്നാൽ, സ്വയം ഒന്നിനും കൊള്ളാത്തവൻ ആണെന്ന തോന്നൽ ഒഴിവാക്കാനും, ദിവസവും കുറച്ചു മണിക്കൂറുകൾ മനസ്സിനെ ശാന്തമാക്കാനുമാണ് ഞാൻ ഈ തൊഴിൽ തെരഞ്ഞെടുത്തത്." യുവാവ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
യുവാവിന്‍റെ കുറിപ്പ് നിമിഷനേരം കൊണ്ടാണ് ഇന്‍റർനെറ്റിൽ വൈറലായത്. ആയിരക്കണക്കിന് ആളുകളാണ് യുവാവിന് പിന്തുണയുമായിയെത്തിയത്. ഉയർന്ന തസ്തികകളിൽ ജോലി ചെയ്തിരുന്ന പലരും കോർപ്പറേറ്റ് മേഖലയിലെ പിരിച്ചുവിടലിന് ശേഷം ജീവിക്കാനായി സാധാരണ ജോലികൾ ചെയ്യേണ്ടി വന്ന സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചു. "ഒരു ജോലിയും ചെറുതല്ല. മാനസികാരോഗ്യം സംരക്ഷിക്കാൻ അധ്വാനിക്കാൻ തയ്യാറായതിൽ ഒരു നാണക്കേടും വിചാരിക്കേണ്ടതില്ല," എന്ന് നിരവധി ഉപയോക്താക്കൾ കുറിച്ചു. ആറ് അക്ക ശമ്പളം വാങ്ങിയിരുന്ന ജോലി പോയതിന് ശേഷം ഭക്ഷണത്തിനായി വരി നിൽക്കേണ്ടി വന്നതും തോട്ടങ്ങളിൽ കള പറിക്കേണ്ടി വന്നതുമായ അനുഭവങ്ങൾ മറ്റ് പലരും പങ്കുവെച്ചു. നമ്മൾ ചെയ്യുന്ന ജോലിയല്ല നമ്മുടെ വ്യക്തിത്വത്തെ നിർണ്ണയിക്കുന്നതെന്നും, വ്യവസ്ഥാപിതമായ ദിനചര്യകൾ ജീവിതത്തിൽ നിലനിർത്തുകയാണ് പ്രധാനം എന്നുമുള്ള ഓർമ്മപ്പെടുത്തലോടെയാണ് സോഷ്യൽ മീഡിയ ഈ കുറിപ്പിനെ ഏറ്റെടുത്തിരിക്കുന്നത്.