
റോഡില്‍ കുഴഞ്ഞ് വീണ യുവതിയ്ക്ക് സിപിആര്‍ നല്‍കിയ യുവാവിനെതിരെ പീഡന പരാതിയുമായി കാഴ്ചക്കാര്‍. ചൈനയിലെ മധ്യ ഹുനാൻ പ്രവിശ്യയിലെ ഹെങ്‌യാങ്ങിലാണ് സംഭവം. ഹെങ്‌യാങ്ങിലെ തെരുവില്‍ കുഴഞ്ഞ് വീണ യുവതിയെ സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ച 42 -കാരനെതിരെയാണ് പരാതി. ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സിപിആര്‍ നല്‍കുന്നതിനിടെ ഇയാൾ യുവതിയെ അനുചിതമായി സ്പര്‍ശിച്ചുവെന്നാണ് പരാതിയെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യുവതി തെരുവില്‍ കുഴഞ്ഞ് വീണതിന് പിന്നാലെ സമീപത്തുണ്ടായിരുന്ന ഒരു വനിതാ ഡോക്ടർ എത്തുകയും യുവതിയ്ക്ക് സിപിആർ നല്‍കുകയും ചെയ്തു. അല്പ നേരം കഴിഞ്ഞപ്പോൾ ഡോക്ടര്‍ ക്ഷീണിച്ചു. തുടര്‍ന്ന് ഇവര്‍ സഹായിത്തിനായി ആളെ വിളിക്കുകയായിരുന്നു. ഈ സമയം ക്ലിനിക്കൽ മെഡിസിനിലും സിപിആർ പരിശീലനത്തിലും ബിരുദമുണ്ടെന്ന് പറഞ്ഞ് പാൻ എന്നയാൾ മുന്നോട്ട് വന്നു. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം പാന്‍ യുവതിക്ക് ഏതാണ്ട് 10 മിനിറ്റോളം സിപിആര്‍ നല്‍കി. ഇതിനിടെ ഡോക്ടര്‍ ഒരു ആംബുലന്‍സ് വിളിച്ചു. ആംബുലന്‍സ് എത്തുന്നതിന് മുമ്പ് തന്നെ യുവതിയുടെ നാഡിമിടിപ്പ് സാധാരണ നിലയിലായി. അവര്‍ കണ്ണുകൾ തുറന്നു. എങ്കിലും കൂടുതല്‍ പരിശോധനയ്ക്കായി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇവരെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.
ദിവസങ്ങൾക്കുള്ളില്‍ ചൈനീസ് സമൂഹ മാധ്യമത്തില്‍ പാനും വനിതാ ഡോക്ടറും ചേര്‍ന്ന് വീണ് കിടക്കുന്ന ഒരു യുവതിയ്ക്ക് സിപിആര്‍ നല്‍കുന്ന വീഡിയോ വൈറലായി. ഇതോടെയാണ് പാനിനെതിരെ പരാതികള്‍ ഉയര്‍ന്നത്. വീഡിയോ കണ്ട നിരവധി പേര്‍ പാന്‍ യുവതിയെ അനുചിതമായി സ്പര്‍ശിച്ചെന്ന് പരാതി ഉന്നയിച്ചു. വിമർശനം രൂക്ഷമായതോടെ പാന്‍ മാധ്യമങ്ങളെ കണ്ട് തന്‍റെ ഭാഗം വിശദികരിച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
തനിക്ക് ഭയം തോന്നുന്നെന്നും ശിക്ഷിക്കപ്പെടുമെന്ന് അറിയാമായിരുന്നെങ്കില്‍ താന്‍ അവരുടെ ജീവന്‍ രക്ഷിക്കാന്‍ മുന്നോട്ട് വരില്ലായിരുന്നെന്നും പാന്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്‍റെ സിപിആര്‍ രീതി തെറ്റായിരുന്നുവെങ്കില്‍ കൂടെയുണ്ടായിരുന്ന വനിതാ ഡോക്ടര്‍ അത് അപ്പോൾ തന്നെ പറയുമായിരുന്നു. എന്നാല്‍ അങ്ങനെയൊന്ന് സംഭവിച്ചില്ലെന്നും പാന്‍ ചൂണ്ടിക്കാട്ടി. അതേസമയം പാനിനെ അനുകൂലിച്ചും നിരവധി പേരെത്തി. മറ്റുള്ളവര്‍ മാറി നിന്നപ്പോൾ പാനിന്‍റെ ഇടപെടലാണ് യുവതിയുടെ ജീവന്‍ രക്ഷിച്ചതെന്ന് നിരവധി പേരാണ് കുറിച്ചത്.
സംഭവം വിവാദമായപ്പോൾ ഒരു പ്രാദേശിക അധ്യാപക സംഘടന പാനിനെതിരെ ആഭ്യന്തര അന്വേഷണം നടത്തി. പക്ഷേ. ഇയാൾക്കെതിരെ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അതേസമയം സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരും പാനിന്‍റെ ഇടപെടിലിനെ പ്രശംസിച്ച് രംഗത്തെത്തിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം സ്ത്രീകൾക്ക് സിപിആര്‍ കൊടുക്കുന്നത് ലൈംഗിക ആരോപണത്തിന് കാരണമാകുമെന്നതിനാല്‍ പുരുഷന്മാര്‍ പലപ്പോഴും മുന്നോട്ട് വരാന്‍ മടിക്കുന്നെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷനും സെന്‍റ് ജോൺ ആംബുലൻസും നടത്തിയ ഗവേഷണത്തിൽ നേരത്തെ കണ്ടെത്തിയിരുന്നു. പുരുഷന്മാരെ അപേക്ഷിച്ച് (45%) സ്ത്രീകൾക്ക് അടിയന്തര ഘട്ടങ്ങളിൽ സിപിആർ ലഭിക്കുന്ന നിരക്ക് (39%) കുറയുന്നതിന് ഇത്തരം ഭയങ്ങൾ കാരണമാകുമെന്നെന്നും പഠനം ചൂണ്ടിക്കാട്ടി.