അന്ന് ഒമ്പതാം ക്ലാസില്‍ പഠനം നിര്‍ത്തി പണിക്ക് പോയി, ഇന്ന് ടെക്സ്റ്റ് ബുക്കുകളുടെ കവറുകള്‍ ഇദ്ദേഹത്തിന്‍റെ സൃഷ്ടിയാണ്

By Web TeamFirst Published May 22, 2019, 5:00 PM IST
Highlights

ക്ലാസിന് ചേരാനുള്ള പണമായപ്പോള്‍ അദ്ദേഹം ക്ലാസിന് ചേര്‍ന്നു. അപ്പോഴും തൊഴിലുകള്‍ ചെയ്യുന്നത് നിര്‍ത്തിയില്ല അറുമുഖം.. രാത്രി എട്ട് മണി മുതല്‍ രാവിലെ അഞ്ച് മണി വരെ അദ്ദേഹം ജോലി ചെയ്തു. 

സ്കൂളിലെ ടെക്സ്റ്റ് ബുക്കുകളുടെ കവറുകള്‍ ഓര്‍മ്മയുണ്ടോ? ഓര്‍മ്മയില്ലെങ്കില്‍ അതിന് പ്രധാന കാരണം, അത് ഒട്ടും ആകര്‍ഷണീയമല്ല എന്നതായിരുന്നു. പക്ഷെ, തമിഴ് നാട്ടിലെ കതിര്‍ അറുമുഖം ഇതിന് ഒരു അപവാദമാണ്. അത്രയേറെ മനോഹരമായ കവറുകളാണ് കതിര്‍ അറുമുഖം ടെക്സ്റ്റ്ബുക്കുകള്‍ക്ക് വേണ്ടി തയ്യാറാക്കുന്നത്. തമിഴ് നാട് സ്റ്റേറ്റ് ബോര്‍ഡാണ് ടെക്സ്റ്റ്ബുക്കുകള്‍ റീഡിസൈന്‍ ചെയ്യാന്‍ അറുമുഖത്തെ ഏല്‍പ്പിച്ചത്. എന്നാല്‍ രസകരമായ കാര്യം, പാതിവഴിയില്‍ വച്ച് സ്കൂള്‍ പഠനം അവസാനിപ്പിച്ചയാളാണ് കതിര്‍ അറുമുഖം എന്നതാണ്. ഒമ്പതാം ക്ലാസില്‍ വച്ചാണ് അറുമുഖം പഠനം അവസാനിപ്പിച്ചത്. 

ക്ലാസില്‍ ഒരുമിച്ച് പഠിച്ചിരുന്നവരെല്ലാം ഇതിന് ശേഷം എന്ത് പഠിക്കും, എവിടെ പഠിക്കും എന്നൊക്കെ ആലോചിച്ചിരിക്കുമ്പോഴാണ് കതിര്‍ അറുമുഖം സ്കൂള്‍ പഠനം ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നത്. അത് ഒട്ടും എളുപ്പമായിരുന്നില്ല. ഈറോഡിനടുത്തുള്ള അരചല്ലൂര്‍ എന്ന ഗ്രാമത്തിലായിരുന്നു അറുമുഖന്‍റെ വീട്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ്, പത്താം ക്ലാസ് ജയിച്ചു കഴിഞ്ഞാല്‍ കോളേജില്‍ ചേരാനുള്ള അവസ്ഥ തനിക്ക് ഇല്ലെന്ന് വേദനയോടെ അറുമുഖം മനസിലാക്കുന്നത്. മാത്രവുമല്ല, തനിക്ക് തെരഞ്ഞെടുക്കാനുള്ള വഴി ആര്‍ട്ട് ആണെന്നും അന്ന് അറുമുഖം മനസ്സിലാക്കിയിരുന്നു. അച്ഛന്‍റെ മരണശേഷം അറുമുഖന്‍റെ അമ്മ കൂലിപ്പണിയെടുത്താണ് രണ്ട് ആണ്‍മക്കളേയും വളര്‍ത്തിയത്. 

വരയിലേക്കുള്ള വഴി...
ഓരോ വര്‍ഷവും സ്കൂളില്‍ സംഘടിപ്പിക്കുന്ന ആര്‍ട്ട് ക്യാമ്പുകള്‍ അറുമുഖത്തിന്‍റെ ഏറ്റവും പ്രിയപ്പെട്ട ഓര്‍മ്മയാണ്. വര അവന് ധ്യാനം പോലെയായിരുന്നു. പക്ഷെ, ഭാവിയില്‍ വര കൊണ്ട് ജീവിക്കാനാവില്ലെന്നും അവന് ബോധ്യമുണ്ടായിരുന്നു. അങ്ങനെയാണ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റ് പഠിക്കാം എന്ന് അറുമുഖം തീരുമാനിക്കുന്നത്. പക്ഷെ, അത് പഠിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത അറുമുഖത്തിന് ഇല്ലായിരുന്നു. സ്കൂള്‍ ഉപേക്ഷിച്ച ശേഷം ചെറിയ ചെറിയ ജോലികള്‍ക്ക് പോവുകയായിരുന്നു അറുമുഖം. അങ്ങനെയാണ് ഈറോഡിലുള്ള ഒരു ഡിസൈന്‍ കമ്പനിയില്‍ ചായ നല്‍കുന്ന ജോലി ചെയ്ത് തുടങ്ങുന്നത്. 

''എന്‍റെ വീട്ടില്‍, ഞങ്ങള്‍ക്ക് മൂന്ന് പേര്‍ക്ക് ജീവിക്കാനുള്ള ഏക വരുമാനം അമ്മ പണിയെടുത്ത് കൊണ്ടു വരുന്ന 80 രൂപ മാത്രമായിരുന്നു. എനിക്ക് അമ്മയെ സഹായിച്ചേ തീരുമായിരുന്നുള്ളൂ അപ്പോഴും പക്ഷെ, എന്‍റെ സ്വപ്നങ്ങളെ ഉപേക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. അവയെ ഞാന്‍ മുറുകെ പിടിച്ചു'' - അറുമുഖം പറയുന്നു. 

ഡിസൈനിങ്ങ് കമ്പനിയില്‍ ചായ കൊടുക്കുന്ന സമയത്താണ് ഗ്രാഫിക് ഡിസൈനിങ്ങിനെ കുറിച്ച് അറുമുഖം മനസിലാക്കുന്നത്. ഗ്രാഫിക് ടീമിലുള്ളവര്‍ക്ക് ചായ കൊടുത്ത് ഇടവേളകളില്‍ ഗ്രാഫിക് ഡിസൈനിങ്ങ് വിശദമായി മനസിലാക്കി വന്നു അറുമുഖം. 

അതിനിടയില്‍ ഗ്രാഫിക് ഡിസൈനിങ് ക്ലാസിനെ കുറിച്ച് അറിഞ്ഞെങ്കിലും 4000 രൂപയായിരുന്നു ഫീസ്. അറുമുഖത്തിനെ സംബന്ധിച്ച് അത് വളരെ വലിയൊരു തുകയായിരുന്നു. അതുകൊണ്ട് തന്നെ ജോലി ചെയ്യുന്നത് തുടര്‍ന്നുകൊണ്ടിരുന്നു.. 

ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുടെ വീടുകള്‍ പെയിന്‍റ് ചെയ്യുക, നിര്‍മ്മാണ തൊഴിലുകള്‍ക്ക് പോവുക, പത്രം വിതരണം ചെയ്യുക തുടങ്ങി ഒരുപാട് തൊഴിലുകള്‍ അറുമുഖം ആ സമയത്ത് ചെയ്തു. 

അപ്പോഴും ആര്‍ട്ടിസ്റ്റാവുക എന്ന സ്വപ്നത്തെ വിടാതെ പിടിച്ചു അറുമുഖം.. ഒറ്റ ദിവസം കൊണ്ട് ആര്‍ട്ടിസ്റ്റായിത്തീരാനാവില്ലെന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. അതിന് ഒരുപാട് പരിശ്രമം ആവശ്യമുണ്ടെന്നും.. അതിനായി പരിശ്രമിച്ചു അദ്ദേഹം.. 

ക്ലാസിന് ചേരാനുള്ള പണമായപ്പോള്‍ അദ്ദേഹം ക്ലാസിന് ചേര്‍ന്നു. അപ്പോഴും തൊഴിലുകള്‍ ചെയ്യുന്നത് നിര്‍ത്തിയില്ല അറുമുഖം.. രാത്രി എട്ട് മണി മുതല്‍ രാവിലെ അഞ്ച് മണി വരെ അദ്ദേഹം ജോലി ചെയ്തു. അതിന് ശേഷം രാവിലെ ആറ് മണിക്ക് ക്ലാസിന് പോയി. ക്ലാസിലിരിക്കുന്നതിനായി ഓരോ ദിവസവും 20 കിലോമീറ്റര്‍ വരെ യാത്ര ചെയ്താണ് അറുമുഖം ക്ലാസിലെത്തിയിരുന്നത്. മാത്രവുമല്ല, അറുമുഖത്തിനോട് അധ്യാപകര്‍ ഫീസ് ഇന്‍സ്റ്റാള്‍മെന്‍റുകളായി അടച്ചാല്‍ മതി എന്ന് പറയുകയും ചെയ്തിരുന്നു. മൂന്ന് മാസത്തെ കോഴ്സ് ആറ് മാസങ്ങളെടുത്താണ് അറുമുഖം പൂര്‍ത്തിയാക്കിയത്. 

ഒരുപാട് പേര്‍ സ്വപ്നത്തിലേക്കെത്താന്‍ അറുമുഖത്തിനെ സഹായിച്ചു. അതിലൊരാളായിരുന്നു കുക്കൂ ഫോറസ്റ്റ് സ്കൂളിലെ ശിവരാജ്.. പുസ്തകങ്ങളുടെ ലോകത്തേക്ക് അറുമുഖത്തിനെ കൈപിടിച്ചു നടത്തുന്നത് അദ്ദേഹമായിരുന്നു. 

വാന്‍ഗോഗിന്‍റെ പുസ്തകങ്ങള്‍ ആദ്യമായി അറുമുഖത്തിന് സമ്മാനിക്കുന്നത് ശിവരാജാണ്. വിവിധ ആര്‍ട്ട് ഗാലറികളില്‍ അറുമുഖത്തിനെ കൊണ്ടുപോവുന്നതും അദ്ദേഹം തന്നെയാണ്. ഒരു ആര്‍ട്ടിസ്റ്റ് അറുമുഖത്തിന്‍റെ വര്‍ക്കുകള്‍ ഇഷ്ടപ്പെടുകയും തമിഴ് നാട്ടിലെ ഒരു മാഗസിനില്‍ ജോലി വാങ്ങാന്‍ സഹായിക്കുകയും ചെയ്തത് അദ്ദേഹത്തിന്‍റെ ജീവിതത്തിലെ വഴിത്തിരിവായി. അഞ്ച് വര്‍ഷക്കാലം അവിടെ കവര്‍ ഡിസൈനറായി ജോലി ചെയ്തു അറുമുഖം. പിന്നീട്, പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങള്‍ക്ക് കവര്‍ ചെയ്യാനുള്ള അവസരം ലഭിച്ചു തുടങ്ങി അദ്ദേഹത്തിന്. 

2018 -ലാണ്, തമിഴ് നാട് ടെക്സ്റ്റ് ബുക്ക് കോര്‍പറേഷനില്‍ നിന്നും ഐ എ എസ് ഓഫീസര്‍ ടി ഉദയചന്ദ്രന്‍ അറുമുഖനെ വിളിക്കുന്നത്. 

അദ്ദേഹം കുട്ടികളുടെ പുസ്തകങ്ങള്‍ക്ക് കവര്‍ ഡിസൈന്‍ ചെയ്യുന്നതിന് ഒരു ആര്‍ട്ടിസ്റ്റിനെ തിരയുകയായിരുന്നു. അങ്ങനെ ഒമ്പതാം ക്ലാസില്‍ വെച്ച് പഠനമുപേക്ഷിക്കേണ്ടി വന്ന അറുമുഖം ടെക്സ്റ്റ്ബുക്കുകള്‍ക്ക് കവര്‍ ചെയ്ത് തുടങ്ങി. ഒന്നു മുതല്‍ 12 വരെ ക്ലാസിലുള്ള കുട്ടികള്‍ക്കായി നാന്നൂറിലേറെ കവറുകള്‍ ഡിസൈന്‍ ചെയ്ത് കഴിഞ്ഞു അദ്ദേഹം. എങ്ങനെയാണ് ഇത്ര ആകര്‍ഷകമായ കവറുകള്‍ ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ വളരെ സിംപിളാണ് അദ്ദേഹത്തിന്‍റെ ഉത്തരം. 'ഞാന്‍ ഒരു കുഞ്ഞിനെ പോലെ ചിന്തിക്കുകയും അവര്‍ക്കിഷ്ടപ്പെടുന്ന ഡിസൈനുകള്‍ തയ്യാറാക്കുകയും ചെയ്യുന്നു...' എന്നാണത്. 

വലിയ ഫീസ് നല്‍കി ആര്‍ട്ട് പഠിക്കാന്‍ ശേഷിയില്ലാത്ത കുട്ടികള്‍ക്കായി ക്ലാസുകളെടുക്കുക, തമിഴ് ഫോണ്ടുകള്‍ വികസിപ്പിച്ചെടുക്കുക തുടങ്ങിയ സ്വപ്നങ്ങളുമുണ്ട് അറുമുഖത്തിന്. 

click me!