
അമേരിക്കയിലെ ടെക്സസിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍റ് ശൃംഖലയ്‌ക്കെതിരെ ദമ്പതികൾ കോടിക്കണക്കിന് രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെ മറ്റൊരു ഭക്ഷ്യസുരക്ഷാ കേസ് കൂടി ലോക ശ്രദ്ധ നേടുകയാണ്. റെസ്റ്റോറന്‍റിൽ നിന്ന് വാങ്ങിയ ഫ്രൈഡ് ചിക്കനിൽ കോണ്ടം പോലെയുള്ള വസ്തു കണ്ടെത്തിയെന്നാണ് ദമ്പതിമാരുടെ ആരോപണം. 15 ലക്ഷം ഡോളറിലധികം (ഏതാണ്ട് 14 കോടിയോളം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ദമ്പതികൾ നിയമനടപടിക്ക് ഒരുങ്ങുന്നതെന്ന് റിപ്പോർട്ട്.
ഹൂസ്റ്റണിലെ ഒരു ഔട്ട്‌ലെറ്റിൽ നിന്ന് ഓർഡർ ചെയ്ത ഫ്രൈഡ് ചിക്കനിൽ കോണ്ടം പോലുള്ള വസ്തു കണ്ടെത്തിയെന്ന് ആരോപിച്ച് യുഎസ് ദമ്പതികളാണ് ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്‍റ് ശൃംഖലയായ പോപ്പീസിനെതിരെ കോടതിയിൽ പരാതി നൽകിയത്. ജസ്റ്റിൻ ഹോവാർഡും ഡാനിയേൽ മക്കിന്നൺ എന്നീ ദമ്പതിമാരാണ് പരാതിക്കാർ. ദമ്പതികൾ കോടതിയിൽ സമർപ്പിച്ച ഹർജിയനുസരിച്ച്, ജൂലൈ 25 ന് സൗത്ത് സാം ഹ്യൂസ്റ്റൺ പാർക്ക്‌വേ വെസ്റ്റിലെ പോപ്പീസ് ഔട്ട്‌ലെറ്റിൽ നിന്ന് ദമ്പതികൾ ചിക്കൻ വാങ്ങി. കുടുംബത്തോടൊപ്പം ഈ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ചിക്കന്‍റെ ഉള്ളിൽ കാഴ്ചയിൽ കോണ്ടം പോലുള്ള അസാധാരണമായ ഒരു വസ്തു ശ്രദ്ധയിൽപ്പെട്ടത്. സംഭവം, മാനസീക പ്രശ്നത്തിനും ആരോഗ്യഭീതിക്കും ഇടയാക്കിയെന്ന് പരാതിക്കാർ പറയുന്നു. പുറത്ത് നിന്നുള്ള ഒരു വസ്തു കഴിക്കുന്ന ഭക്ഷണത്തിൽ കണ്ടെത്തിയതോടെ ഭക്ഷണത്തിന്‍റെ മറ്റുഭാഗങ്ങളും മലിനമായിരിക്കാമെന്നി ആശങ്കപ്പെട്ടെന്നും പരാതിക്കാർ ഹർജിയിൽ ഉന്നയിച്ചു.
A condom was found inside a piece of fried chicken at Popeyes
Family was eating chicken in Popeyes and found a condom in the food when they went up to the employees the employees turned around and started laughing.
The allegations have not been independently verified, and… pic.twitter.com/LsdgPNWNQV— Gitmo (Health is a Wealth) 🇺🇸🇮🇱 (@Gitmo99) July 30, 2026
ഭക്ഷണത്തിൽ നിന്നും കിട്ടിയ വസ്തുവുമായി റെസ്റ്റോറന്‍റിൽ തിരിച്ചെത്തി പരാതി അറിയിച്ചപ്പോൾ ജീവനക്കാർ അത് ഗൗരവമായി കാണാൻ തയ്യാറായില്ലെന്ന് മാത്രമല്ല, പരാതിക്കാരെയും പരാതിയെയും പരിഹസിച്ച് സംസാരിച്ചെന്നും ദമ്പതികൾ പരാതിയിൽ ആരോപിച്ചു. പിന്നാലെ റെസ്റ്റോറന്‍റുകാർ ഭക്ഷണം മാറ്റിനൽകാൻ മാത്രമാണ് ശ്രമിച്ചതെന്നും, നിരന്തരം ആവശ്യപ്പെട്ട ശേഷമാണ് ഭക്ഷണത്തിന്‍റെ പണം തിരികെ നൽകാൻ തയ്യാറായതെന്നും ഹർജിയിൽ പറയുന്നു. റെസ്റ്റോറന്‍റിന്‍റെ ഭാഗത്ത് നിന്നും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്നും ജീവനക്കാർക്ക് ആവശ്യമായ മേൽനോട്ടവും പരിശീലനവും നൽകിയില്ലെന്നും പരാതിയിൽ ആരോപിച്ചു.
സംഭവത്തിൽ റെസ്റ്റോറന്‍റ് ശൃംഖലയുടെ മാതൃകമ്പനിയെയും പ്രാദേശിക ഫ്രാഞ്ചൈസി സ്ഥാപനത്തെയും ദമ്പതികൾ കേസിൽ പ്രതിചേർത്തു. മാതൃ കമ്പനിയായ ബർഗർ കിംഗ്, ബ്രാൻഡ്സ് ഇന്‍റർനാഷണൽ, പോപ്പീസ് ലൂസിയാന കിച്ചൺ, പ്രാദേശിക ഫ്രാഞ്ചൈസി ഓപ്പറേറ്ററായ ആമാന ബിസിനസ്സസ് എന്നിവയ്‌ക്കെതിരെയാണ് കേസ്. ശാരീരിക അസ്വസ്ഥത, മാനസിക ആഘാതം, ചികിത്സാ ചെലവ്, മറ്റ് സാമ്പത്തിക നഷ്ടങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് കനത്ത നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആരോപണങ്ങൾ കോടതിയുടെ പരിഗണനയിലായതിനാൽ അന്തിമമായ വസ്തുതകൾ നിയമനടപടികൾ പൂർത്തിയായ ശേഷമേ വ്യക്തമാകൂ.