
ആംസ്റ്റര്‍ഡാം യാത്ര കഴിഞ്ഞ് സന്തോഷത്തോടെ വീട്ടിലെത്തിയതായിരുന്നു ബംഗളുരുവിലെ ആ ദമ്പതികള്‍.
വീട്ടിലെത്തിയപ്പോള്‍ അവരാകെ ഞെട്ടി. അത് അകത്തുനിന്നും പൂട്ടിയിരിക്കുന്നു. അതോടെ പരിഭ്രാന്തരായ അവര്‍ പൊലീസിനെ വിളിച്ചു. പൊലീസ് എത്തി വാതില്‍ തുറന്നപ്പോള്‍ കണ്ടത്, വീട് കൊള്ളയടിക്കപ്പെട്ടതാണ്. അതോടൊപ്പം, അവര്‍ ഒരു കാര്യം കൂടി കണ്ടെത്തി. പൂജാമുറി അടച്ചിട്ടിരിക്കുന്നു. അതു ചവിട്ടിത്തുറന്നപ്പോള്‍ കണ്ടത് ഒരു മൃതദേഹം! ഒരാള്‍ അവിടെ തൂങ്ങിമരിച്ചിരിക്കുന്നു.
പിന്നീടാണ്, കാര്യങ്ങള്‍ വ്യക്തമായത്. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആള്‍ കവര്‍ച്ചക്കാരനാണ്. രണ്ടു ദിവസം മുമ്പാണ് അയാള്‍ വീട്ടിലെത്തിയത്. വീട് മുഴുവന്‍ കൊള്ളയടിച്ച ശേഷം അയാള്‍ അവിടെത്തന്നെ താമസിച്ചു. ഭക്ഷണം പാകം ചെയ്ത ശേഷം, ഫ്രിഡ്ജില്‍നിന്നും ഒരു വിസ്‌കി ബോട്ടില്‍ കണ്ടെത്തിയ അയാള്‍ നാലഞ്ച് പെഗ് കഴിച്ചു. അതിനു ശേഷം നന്നായൊന്ന് കുളിച്ചശേഷം കിടന്നുറങ്ങി. ഉണര്‍ന്ന ഇയാള്‍ വീണ്ടും മദ്യപിച്ച ശേഷം, ഭക്ഷണമുണ്ടാക്കി കഴിച്ചു. അതിനു ശേഷമാണ്, ഇയാള്‍ പൂജാമുറി അടച്ചിട്ട ശേഷം ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ നിഗമനം.
ബംഗളുരുവിലെ ഇന്ദിരാ നഗറിലാണ് സംഭവം. ഈശ്വര്‍ ലേ ഔട്ടിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന ഐ ടി ്രെപാഫഷനലായ ശ്രീധര്‍ സുമന്ത് റോയിയുടെ വീട്ടിലാണ് കവര്‍ച്ചക്കാരന്‍ തൂങ്ങിമരിച്ചത്. നേരത്തെയും ഭവനഭേദന കേസുകളില്‍ പ്രതിയായ കൊടിഹള്ളി നിവാസിയായ അസം സ്വദേശി ദിലീപ് ബഹദൂര്‍ എന്ന ദിലീപ് കുമാറിന്റെ മൃതദേഹമാണ് ഫ്‌ളാറ്റിനുള്ളില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.
സുമന്ത് റോയിയും ഭാര്യയും ആംസ്റ്റര്‍ഡാം യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സംഭവം. വിമാനത്താവളത്തില്‍നിന്നും ഫ്്‌ളാറ്റിലെത്തിയപ്പോള്‍ അതിന്റെ ഗേറ്റ് അകത്തുനിന്നും പൂട്ടിയിരിക്കുന്നതാണ് അവര്‍ കണ്ടത്. വീടിന്റെ പിന്‍വശത്തു ചെന്നപ്പോള്‍ പുറത്തെ വാതിലും അകത്തുനിന്നും പൂട്ടിയതായി കണ്ടു. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരെയും പൊലീസിനെയും ഇവര്‍ വിവരമറിയിച്ചു. പൊലീസ് വന്ന് വാതില്‍ തുറന്നതിനു ശേഷമാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്്.
വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കളാകെ കൊള്ളയടിക്കപ്പെട്ടിരുന്നു. അകത്തെ പൂജാമുറിയില്‍ കള്ളന്റെ മൃതേദഹവും കണ്ടെത്തി. ഇവിടെ തൂങ്ങി മരിച്ച നിലയിലായിരുന്നു അയാള്‍. വീട്ടിലുണ്ടായിരുന്ന ഭക്ഷണ സാധനങ്ങള്‍ ഇയാള്‍ ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. വിലകൂടിയ വിസ്‌കിയും ഇയാള്‍ എടുത്തു പല തവണയായി കഴിച്ചിരുന്നു. വീട്ടിലെ കുളിമുറിയും ഇയാള്‍ ഉപയോഗിച്ചു. ദമ്പതികളുടെ കിടപ്പുമുറിയില്‍ ഇയാള്‍ കിടന്നതായും പൊലീസ് കണ്ടെത്തി. ഇതിനെല്ലാം ശേഷമാണ് ഇയാള്‍ തൂങ്ങിമരിച്ചതെന്നാണ് പൊലീസ് കരുതുന്നത്. എന്തിനാവും ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.