
സോഷ്യൽ മീഡിയ വളരെ അധികം പ്രചാരം സിദ്ധിച്ച കാലത്താണ് നാം ജീവിക്കുന്നത്. പലരും തങ്ങളുടെ ജീവിതത്തിലെ ഒഴിവാക്കാനാകാത്ത കാര്യമായിട്ടാണ് സോഷ്യൽ മീഡിയയെ കാണുന്നത്. അതുകൊണ്ട് നിരവധി പ്രയോജനങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ, അതേ സമയം തന്നെ ലൈക്കിനും ഷെയറിനും മറ്റും വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാവുന്ന ആളുകളും ഇന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. അത്തരത്തിൽ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പശ്ചിമ ബംഗാളിൽ നിന്നും വരുന്നത്.
പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ ഐഫോൺ 14 വാങ്ങാൻ വേണ്ടി ദമ്പതികൾ അവരുടെ എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിറ്റു. കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നുമെങ്കിലും നമ്മുടെ രാജ്യത്ത് സംഭവിച്ചതാണ് ഇത്. വിവിധ പ്രദേശങ്ങളിൽ യാത്ര ചെയ്യുമ്പോൾ റീൽസ് നിർമ്മിക്കാൻ വേണ്ടിയാണത്രെ അവർക്ക് ഐഫോൺ 14. ഏതായാലും സംഭവം പൊലീസിനെയും അധികൃതരേയും ഒരുപോലെ ഞെട്ടിച്ചു. കുഞ്ഞിനെ വിറ്റ ദമ്പതികൾക്ക് എതിരെയും കുഞ്ഞിനെ വാങ്ങിയ സ്ത്രീക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കുട്ടിയുടെ അമ്മയായ സതിയെ പൊലീസ് പിടികൂടി. പൊലീസ് പിടിയിലാകുമ്പോൾ വളരെ വിഷമകരമായ അവസ്ഥയിലായിരുന്നു സതി. അതേസമയം കുട്ടിയുടെ അച്ഛനായ ജയദേവ് ഘോഷിനെ ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. അയാൾക്ക് വേണ്ടി സജീവമായി അന്വേഷണം നടക്കുകയാണ്. അയൽക്കാരുടെ സംശയമാണ് കുട്ടിയെ വിറ്റ കാര്യം പുറത്തെത്തിക്കാൻ സഹായിച്ചത്. കുട്ടിയെ കാണാനില്ല എന്ന് അയൽക്കാരോട് പറഞ്ഞെങ്കിലും ദമ്പതികൾക്ക് അതിൽ ആശങ്കയോ വിഷമമോ ഇല്ലാത്തത് അയൽക്കാരെ അത്ഭുതപ്പെടുത്തുകയായിരുന്നു.
ഏകദേശം ഒരുലക്ഷം രൂപ വില വരുന്ന ഐഫോൺ 14 പെട്ടെന്ന് ദമ്പതികൾക്ക് കിട്ടിയതും അയൽക്കാരിൽ സംശയം ജനിപ്പിച്ചു. കാരണം, കുടുംബത്തിന് സാമ്പത്തികമായി പ്രതിസന്ധികൾ ഉള്ള കാലമായിരുന്നു അത്. ഒടുവിൽ, അയൽക്കാരിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്ന് കുട്ടിയുടെ അമ്മ സത്യം തുറന്ന് പറയുകയായിരുന്നു. ഐഫോൺ 14 വാങ്ങാനാണ് തങ്ങൾ കുട്ടിയെ വിറ്റത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തങ്ങൾ യാത്ര പോകാറുണ്ട്. ആ സമയത്ത് റീൽസെടുക്കുന്നതിനും മറ്റുള്ളവരെ കാണിക്കുന്നതിനുമാണ് ഐഫോൺ. അതിനാണ് കുഞ്ഞിനെ വിറ്റത്.
അത് മാത്രമല്ല, എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിറ്റതിന് പിന്നാലെ ഏഴ് വയസ് പ്രായമുള്ള മകളെയും അച്ഛൻ വിൽക്കാൻ ശ്രമിച്ചു. എന്നാൽ, അയൽക്കാർ ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഏതായാലും, ദമ്പതികൾക്കും കുഞ്ഞിനെ വാങ്ങിയ സ്ത്രീക്കും എതിരെ അനേകം വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.