
ഇതൊരു കുളത്തിന്റെ കഥയാണ്. ഇതിലിറങ്ങിയാല്‍ ആരായാലും പിടഞ്ഞുമരിക്കും.
ചെങ്കടലിനടിയിലാണ് ശാസ്ത്രജ്ഞര്‍ ഈ മരണക്കുളം കണ്ടെത്തിയത്. അതിനകത്ത് പെട്ടാല്‍ മരണം സുനിശ്ചിതം. ചെങ്കടലിന്റെ അടിത്തട്ടിലുള്ള പത്തടി നീളമുള്ള ഈ കുളത്തിന് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേരാണ് 'ഡെത്ത് പൂള്‍'.
ചെങ്കടലിനിടയിലെ ഈ കുളത്തില്‍ ഉപ്പുവെള്ളമാണ് ഉള്ളത്. ഓക്‌സിജന്‍ തീരെയില്ലാത്ത ഈ കുളത്തില്‍ ലവണാംശം വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഭൂരിഭാഗം കടല്‍ജീവികള്‍ക്കും മനുഷ്യര്‍ക്കും ഇത് മാരകമാണ്. അകപ്പെടുന്ന ജീവികളെ നിമിഷങ്ങള്‍ക്കുള്ളില്‍ നിശ്ചലമാകാനും, കൊല്ലാനും കുളത്തിന് കഴിവുണ്ട്. മിയാമി യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് മരണക്കുളം കണ്ടെത്തിയത്. ടീമിന്റെ ഭാഗമായിരുന്ന പ്രൊഫസര്‍ സാം പുര്‍ക്കിസ്, ഉപ്പുവെള്ളക്കുളത്തില്‍ ഓക്‌സിജന്‍ തീരെയില്ലെന്നും, ഏത് കടല്‍ജീവിയെയും പെട്ടെന്ന് തന്നെ സ്തംഭിപ്പിക്കാനോ കൊല്ലാനോ കുളത്തിന് കഴിവുണ്ടെന്നും വിശദീകരിക്കുന്നു.
റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഗവേഷകര്‍ കുളം കണ്ടെത്തിയത്. കടലിന്റെ ഉപരിതത്തില്‍ നിന്നും 1,770 മീറ്റര്‍ താഴ്ചയിലാണ് കുളം സ്ഥിതി ചെയ്യുന്നത്. ഇത്രയും ആഴത്തില്‍ സാധാരണ ജീവന്‍ നിലനില്‍ക്കില്ല. അതുകൊണ്ട് ജലജീവികളെ അവിടെ കണ്ടെത്താന്‍ പ്രയാസമാണ്. എന്നാലും, ഉപ്പ് കുളങ്ങളില്‍ സൂക്ഷ്മജീവികളുടെ സാന്നിധ്യം നമുക്ക് കാണാം. ഈ ഉപ്പ് കുളങ്ങള്‍ ജൈവ വൈവിധ്യത്താല്‍ സമ്പന്നമാണെന്ന് സാം പറയുന്നു.
എന്നാല്‍, ആഴക്കടലിലെ ഈ കുളം നിരവധി കടല്‍ ജീവികള്‍ക്ക് ഒരു മരണക്കെണിയാണ്. അകപ്പെട്ടാല്‍ തീര്‍ന്നു. ഉപ്പ് വെള്ളമായത് കൊണ്ട് അവയുടെ മൃതദേഹം അഴുകുകയുമില്ല. എട്ട് വര്‍ഷം മുന്‍പ് ചത്തുപോയ ഒരു ഞണ്ടിനെ ഇവിടെനിന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അതിന്റെ ശരീരത്തിലുള്ള മൃദുവായ കോശങ്ങള്‍ ഇപ്പോഴും അഴുകി പോയിട്ടില്ല എന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞു. എന്നാല്‍ ഓക്‌സിജന്റെ അഭാവവും ലവണാംശത്തിന്റെ മാരകമായ അളവും മാത്രമല്ല കുളത്തെ അപകടകരമാക്കുന്നത്. ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള നിരവധി വിഷ രാസവസ്തുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
എന്നാല്‍ ഈ ഉപ്പുവെള്ള കുളം കൊണ്ട് പ്രയോജനമുള്ള ജീവികളുമുണ്ട് കടലില്‍. ഉദാഹരണത്തിന്, ചിപ്പികള്‍. പലപ്പോഴുംഅവ കുളങ്ങളുടെ അരികുകളിലാണ് വസിക്കുന്നത്. കാരണം അവയ്ക്ക് ഉപ്പുവെള്ള കുളങ്ങളില്‍ കാണപ്പെടുന്ന മീഥേന്‍ ഉപയോഗിച്ച് കാര്‍ബണ്‍ ഷുഗര്‍ ഉണ്ടാക്കാന്‍ സാധിക്കുന്നു. തീവ്രമായ പരിതസ്ഥിതിയിലും ജീവിക്കാന്‍ സാധിക്കുന്ന സൂക്ഷ്മാണുക്കളുടെ ഒരു വലിയ സമൂഹത്തെയാണ് തങ്ങള്‍ കണ്ടെത്തിയിരിക്കുന്നതെന്ന് സാം പറയുന്നു.
ഇത് ഭൂമിയിലെ ജീവികളെ കുറിച്ച് മാത്രമല്ല, സൗരയൂഥത്തിലോ, അതിനപ്പുറമോ ഉള്ള ജീവന്റെ സാന്നിധ്യം തിരയാന്‍ ഗവേഷകരെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ, ഭൂമിയില്‍ സമുദ്രം എങ്ങനെ രൂപപ്പെടുമെന്ന് കണ്ടെത്താനും ഈ പഠനം സഹായകമാകുമെന്ന് വിദഗ്ധര്‍ കരുതുന്നു.