മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) അടുത്ത 4-5 വർഷത്തിനുള്ളിൽ വൈറ്റ് കോളർ തൊഴിൽ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നൽകി. എഐയുടെ വളർച്ചയ്ക്കനുസരിച്ച് മാറാൻ സർക്കാരുകൾ സജ്ജരല്ലെന്നും അദ്ദേഹം പറഞ്ഞു. 

ലോകത്തെ സാങ്കേതിക വിദ്യയുടെ ഗതി മാറ്റിമറിക്കാൻ പോകുന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) വിപ്ലവത്തിൽ വൈറ്റ് കോളർ തൊഴിൽ മേഖല വലിയ പ്രതിസന്ധി നേരിടുമെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിന്‍റെ മുന്നറിയിപ്പ്. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്.

വൈറ്റ് / ബ്ലൂ കോളർ ജോലികളെ ബാധിക്കും

അടുത്ത നാല് മുതൽ അഞ്ച് വർഷത്തിനുള്ളിൽ എഐയുടെ കടന്നുകയറ്റം തൊഴിൽ വിപണിയെ സങ്കീർണ്ണമാക്കുമെന്നും എന്നാൽ, ഈ സാഹചര്യത്തെ നേരിടാൻ ലോക രാജ്യങ്ങളിലെ സർക്കാരുകൾ സജ്ജരല്ലെന്നും ബിൽ ഗേറ്റ്സ് ചൂണ്ടിക്കാട്ടി. സോഫ്റ്റ്‌വെയർ വികസനം, ലോജിസ്റ്റിക്സ്, കോൾ സെന്‍ററുകൾ തുടങ്ങിയ മേഖലകളിൽ എഐ ഇതിനോടകം തന്നെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും കുറഞ്ഞ വൈദഗ്ധ്യം ആവശ്യമുള്ള ജോലികൾ മാറ്റിസ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. അടുത്ത 4 മുതൽ 5 വർഷത്തിനുള്ളിൽ വൈറ്റ് കോളർ ജോലികളെയും (ഓഫീസ് ജോലികൾ) തുടർന്ന് ബ്ലൂ കോളർ ജോലികളെയും ഇത് കാര്യമായി ബാധിക്കും. കൃത്യമായ നയരൂപീകരണം നടത്തിയില്ലെങ്കിൽ, എ.ഐ സമ്പത്തും അവസരങ്ങളും ചുരുക്കം ചിലരിലേക്ക് മാത്രം ഒതുക്കുകയും സാമ്പത്തിക അസമത്വം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

സർക്കാരുകൾ പിന്നിൽ

ആഗോളതലത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുമ്പോൾ ഇന്ത്യ - അമേരിക്ക ബന്ധം ലോകക്രമത്തിൽ ഒരു സുരക്ഷിത കേന്ദ്രമായി മാറുമെന്ന് ബിൽ ഗേറ്റ്സ് നിരീക്ഷിച്ചു. ഇന്ത്യയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും എഐ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിലെ വേഗതയും രാജ്യത്തിന് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഐയുടെ അതിവേഗത്തിലുള്ള വളർച്ചയ്ക്കൊപ്പം മാറാൻ സർക്കാരുകൾക്ക് ഇനിയും സാധിച്ചിട്ടില്ല. ജനങ്ങൾക്ക് പുനർപരിശീലനം നൽകുക, നികുതി വ്യവസ്ഥകളിൽ മാറ്റം വരുത്തുക തുടങ്ങിയ കാര്യങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ ഏകോപിപ്പിച്ചുള്ള തീരുമാനങ്ങൾ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എഐ ആരോഗ്യ - വിദ്യാഭ്യാസ മേഖലകളിൽ വലിയ മുന്നേറ്റമുണ്ടാക്കുമെങ്കിലും മാറ്റങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാരുകൾ പിന്നിലാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.