
ഉത്തർപ്രദേശിലെ ഹാപൂരിൽ ഹെല്‍മറ്റ് പോലുമില്ലാതെ കൊച്ച് കുഞ്ഞുങ്ങടക്കം ആറ് കുട്ടികളുമായി ഇരുചക്ര വാഹനത്തിൽ എത്തിയ ആളെ കണ്ട് തൊഴുത് നില്‍ക്കുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഭാരത് സമാചാർ എന്ന എക്സ് ഹാന്‍റിലില്‍ നിന്നാണ് ചിത്രം പങ്കുവയ്ക്കപ്പെട്ടത്.
വൈറൽ ചിത്രത്തില്‍ ബൈക്കിന്‍റെ ടാങ്കിന് മുകളിലായി രണ്ട് കൊച്ച കുട്ടികളെ കാണാം. അതില്‍ മുന്നിലിരിക്കുന്ന കുഞ്ഞ് ഹാന്‍റിൽ ബലമായി പിടിച്ചിരിക്കുന്നു. അതിന്‍റെ പിന്നിലായി അതിനെക്കാൾ ചെറിയൊരു കുഞ്ഞാന്‍ മുന്നിലെ കുട്ടിക്കും പിന്നിലെ ബൈക്ക് ഓടിക്കുന്ന യുവാവിനും ഇടയില്‍ പെട്ട് ഈ കുഞ്ഞ് ഏറെ കഷ്ടപ്പെടുന്നുവെന്ന് ചിത്രങ്ങളില്‍ വ്യക്തം. യുവാവിന് പിന്നിലായി പല പ്രയത്തിലുള്ള നാല് കുട്ടികളാണ് ഇരിക്കുന്നത്. ഏറ്റവും പിന്നിലുള്ള കുട്ടി എപ്പോൾ വേണമെങ്കിലും താഴെ പോകുമെന്ന അവസ്ഥയിലാണ്. ഇവരുടെ മുന്നിലായി തൊഴുത് നില്‍ക്കുന്ന രണ്ട് ട്രാഫിക്ക് ഉദ്യോഗസ്ഥരെയും കാണാം.
ഇരുചക്രവാഹനത്തിൽ അമിതഭാരം കയറ്റൽ, ജീവൻ അപകടത്തിലാക്കൽ, അടിസ്ഥാന ഗതാഗത സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കൽ എന്നിവയുൾപ്പെടെ ഒന്നിലധികം നിയമലംഘനങ്ങൾ നടത്തിയ കുറ്റത്തിന് യുവാവിനെ പോലീസ് ഉദ്യോഗസ്ഥര്‍ 7,000 രൂപ പിഴ ചുമത്തിയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ചിത്രം വൈറലായതിന് പിന്നാലെ കുട്ടികളുടെ ജീവൻ അപകടത്തിലാക്കിയ യുവാവിനെതിരെ നിരവധി പേര്‍ രംഗത്തെത്തി.