കർണ്ണാടകയിലെ ലക്കുണ്ടിയിൽ പുരാവസ്തു ഖനനത്തിനിടെ പാമ്പുകളെ കണ്ടെത്തിയത് ഗ്രാമവാസികളിൽ ഭീതി പടർത്തി. നിധിക്ക് കാവലിരിക്കുന്ന പാമ്പുകളെന്ന വിശ്വാസം ശക്തമായതോടെ വിദഗ്ദ്ധരെത്തി ഇത് മിഥ്യയാണെന്ന് വിശദീകരിച്ചു.
കർണ്ണാടകയിലെ ഗദഗ് ജില്ലയിലെ ചരിത്ര പ്രസിദ്ധമായ ലക്കുണ്ടി ഗ്രാമത്തിൽ ഖനനത്തിനിടെ പാമ്പുകളെ കണ്ടെത്തിയത് ഗ്രാമവാസികളിൽ ഭീതി പടർത്തി. ലക്കുണ്ടിയിൽ പഴയകാല സംസ്കാരത്തിന്‍റെ അവശേഷിപ്പുകൾ തേടിയാണ് ഖനനം നടക്കുന്നത്. ഇവിടെ നിധിയുണ്ടെന്ന് പരമ്പരാഗത വിശ്വാസം നിലനിന്നിരുന്നു. ഇതിനിടെ കോട്ടെ വീരഭദ്രേശ്വര ക്ഷേത്ര പരിസരത്ത് മൂന്നാം ദിവസത്തെ ഖനനത്തിനിടെ ഒരു പാമ്പിനെ കണ്ടെത്തിയത് നാട്ടുകരിൽ ഒരേ സമയം ഭക്തിയും ഭയവും ജനിപ്പിച്ചു. പിന്നാലെ ഗ്രാമങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക് വാർത്ത പടർന്നു.
പത്താം നൂറ്റാണ്ടിലെ ക്ഷേത്രം
ലക്കുണ്ടി ഉത്ഖനനത്തിനിടെ ഒരു വീടിനുള്ളിൽ പത്താം നൂറ്റാണ്ടിലെ ഈശ്വര ക്ഷേത്രം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് പുരാവസ്തു വകുപ്പ് ഖനന പ്രവർത്തനങ്ങൾ സജീവമാക്കിയത്. അതേസമയം പ്രദേശത്ത് നിധി തേടിയെത്തിയവർ ദാരുണമായി കൊല്ലപ്പെട്ടിട്ടുണ്ടെന്ന വിശ്വാസം നേരത്തെ ഗ്രാമത്തിലുണ്ടായിരുന്നു. ഇതിന് പിന്നാലെ പാമ്പുകളെ കണ്ടെത്തിയത് വലിയ ഭീതിയാണ് ഗ്രാമവാസികളിൽ ഉയർത്തിയത്. ഇതോടെ ഫോറസ്റ്റ് എൻവയോൺമെന്റ് വൈൽഡ്‌ലൈഫ് സൊസൈറ്റി അംഗങ്ങളും മൈസൂരിലെ പ്രശസ്ത പാമ്പ് പിടിത്തക്കാരനായ സ്നേക്ക് ശിവരാജുവും സ്ഥലത്തെത്തി.
നിരവധി തലയുള്ള പാമ്പ്
പ്രദേശവാസികൾ കരുതുന്നത് പോലെ മുടിയുള്ള പാമ്പ് അല്ലെങ്കിൽ നിരവധി തലകളുള്ള പാമ്പ് എന്നത് വെറും മിഥ്യയാണെന്ന് സ്നേക്ക് ശിവരാജു ഗ്രാമവാസികളോട് പറഞ്ഞു. പാമ്പുകൾക്ക് നിധിയ്ക്ക് കാവലിരിക്കാൻ കഴിയുന്നുവെന്നത് വെറും മിഥ്യയാണെന്നും 20 വർഷത്തെ അനുഭവത്തിൽ ഇത്തരമൊരു സംഭവം കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാമ്പിനെ കണ്ടാൽ അതിനെ ആക്രമിക്കരുതെന്നും മറിച്ച് പാമ്പു പിടിത്തക്കാരെ വിവരം അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചാലൂക്യ കാലഘട്ടത്തിലെ വസ്തുക്കൾ
അതേസമയം പ്രദേശത്ത് നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയ ചരിത്രാവശിഷ്ടങ്ങൾ പത്താം നൂറ്റാണ്ടിലെ കല്യാണി ചാലൂക്യ കാലഘട്ടത്തിലെതാണെന്ന് പുരാവസ്തു ഗവേഷകർ അറിയിച്ചു. ശിവലിംഗ പീഠം, ജലപാത്രം തുടങ്ങിയ പുരാതന പുരാവസ്തുക്കൾ ഇവിടെ നിന്നും കണ്ടെത്തി. ഭൂമിക്കടിയിൽ ഇതിലും വലിയ ശിലാ ശില്പങ്ങൾ നിലനിൽക്കാനുള്ള സാധ്യതയുണ്ടെന്നും പുരാവസ്തു ഗവേഷകർ കണക്ക് കൂട്ടുന്നു. അതേസമയം ഖനനപ്രവർത്തനങ്ങൾ വീരഭദ്രേശ്വര മേളയെ തടസ്സപ്പെടുത്തുമെന്നും പ്രദേശത്ത് സംഘർഷം സൃഷ്ടിക്കുമെന്നും ഗ്രാമവാസികൾ പറഞ്ഞു. ഇതോടെ സംസ്ഥാന സർക്കാർ പ്രദേശം അതീവ സെൻസിറ്റീവ് ആയി പ്രഖ്യാപിക്കുകയും പൊതുജനങ്ങൾക്ക് പ്രവേശനത്തിനും ചിത്രീകരണത്തിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.


