'ഞാന്‍ ജാട്ട് ആണ്, 10 പേരെയും വിളിച്ചോണ്ട് വരും'; 350 രൂപ ആവശ്യപ്പെട്ട് തൊഴിൽ ഉടമയ്ക്ക് ഭീഷണി

Published : Jun 11, 2025, 10:03 AM IST
Threaten phone call

Synopsis

ജോലി ലഭിച്ചിട്ടും എത്താതെ പണം ആവശ്യപ്പെടുന്ന ജോലിക്കാരന്‍. പണം നല്‍കിയില്ലെങ്കില്‍ ഓഫീസില്‍ വന്ന് പ്രശ്നമുണ്ടാക്കുമെന്ന് ഭീഷണിയും. എന്താണ് ചെയ്യേണ്ടതെന്ന് യുവാവിന്‍റെ ചോദ്യം.

 

സര്‍ക്കാര്‍ ജോലിക്ക് കയറണമെങ്കില്‍ നിരവധി പരിശോധനകൾ ആവശ്യമാണ്. സര്‍ട്ടിഫിക്കറ്റ് പരിശോധന മുതല്‍ പോലീസ് വെരിഫിക്കേഷന്‍ വരെ ജോലിയുടെ രീതി അനുസരിച്ച് പരിശോധന നീളുന്നു. എന്നാല്‍, എല്ലാ സ്ഥാപനത്തിലും പ്രത്യേകിച്ച് സ്വകാര്യ സ്ഥാപനങ്ങളില്‍ അത്തരം വിശദമായ പരിശോധനകൾ നടക്കമെന്നില്ല. ഇത് സ്ഥാപനത്തില്‍ പിന്നീട് പല പ്രശ്നങ്ങൾക്കും കാരണമാകുന്നു. അത്തരമൊരു അനുഭവത്തിലൂടെ കടന്ന് പോകേണ്ടി വന്ന ഒരു യുവാവ് താന്‍ നേരിട്ട ഭീഷണിയെ കുറിച്ച് റെഡ്ഡില്‍ തുറന്നെഴുതി. ജോലി കിട്ടിയതിന് ശേഷം ജോലിക്ക് ഹാജരാകാതെ, താൻ ഇന്നയാളാണെന്നും ആളെയും കൂട്ടി കടയിലേക്ക് വരുമെന്നും പറഞ്ഞായിരുന്നു ആ ഭീഷണിയെന്ന് യുവാവ് റെഡ്ഡിറ്റിലെഴുതി.

ദില്ലിയിലെ അച്ഛന്‍റെ ഫര്‍ണിച്ചർ ഷോറൂമിലേക്ക് അക്കൗണ്ടിന്‍റെ ജോലിക്കായി പുതിയൊരു ആളെ എടുത്തതായിരുന്നു പ്രശ്നങ്ങളുടെ തുടക്കമെന്ന് യുവാവ് എഴുതുന്നു. നൗക്രിയുടെ വെബ്സൈറ്റ് വഴിയാണ് അക്കൗണ്ടന്‍റിനെ കണ്ടെത്തിയത്. ജോലി എളുപ്പമാക്കുകയെന്നതായിരുന്നു ഉദ്ദേശമെങ്കിലും സംഭവിച്ചത് നേരെ വിപരീതമായിരുന്നുവെന്ന് യുവാവ് എഴുതുന്നു. പുതിയ അക്കൗണ്ടന്‍റ് ജോലിക്ക് കയറിയത് മുതല്‍ പ്രശ്നങ്ങളായിരുന്നു. ആദ്യം തന്നെ പറഞ്ഞ ദിവസം ജോലിക്ക് എത്തിയില്ല. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് മൂന്നാല് ദിവസം വൈകി. ഒടുവില്‍ ജോലിക്കെത്തിയ ആദ്യ ദിവസം തനിക്ക് എത്തിച്ചേരാനായില്ലെന്നും യുവാവ് എഴുതി. അന്ന് ഫോണില്‍ വിളിച്ച് ജോലിക്കായെത്തിയതല്ലെന്നും തന്നെ കാണാനായി വന്നതാണെന്നുമാണ് പറഞ്ഞത്.

 

 

പിറ്റേന്ന് രാവിലെ പുതിയ അക്കൗണ്ടന്‍റ് ഓഫീസിലെത്തി. ചില ജോലികളൊക്കെ ചെയ്തു. പിന്നാലെ 500 രൂപ വേണമെന്നും അൾട്രാസൗണ്ട് സ്കാനിംഗ് ചെയ്യാനുണ്ടെന്നും പറഞ്ഞു. ആ ആവശ്യം തനിക്ക് വിജിത്രമായി തോന്നി. ആരാണ് തൊഴിലുടമയോട് അത്തരമൊരു ആവശ്യം ഉന്നയിക്കുക? മാത്രമല്ല, ഇടയ്ക്കിടെ തന്നെ വിളിച്ച് 500 രൂപ അക്കൗണ്ടിലേക്ക് ഇടാനും എവിടെയോ കുടിങ്ങിക്കിടക്കുകയാണെന്നും വീട്ടിലെത്തിയിട്ട് തരാമെന്നുമൊക്കെ പറഞ്ഞിരുന്നു. അതെല്ലാം നിരസിച്ചെന്നും പക്ഷേ, ചികിത്സയ്ക്കായി ചോദിച്ചതിനാല്‍ 500 രൂപ താന്‍ നല്‍കിയെന്നും യുവാവ് എഴുതി. തുടർന്ന് മൂന്ന് ദിവസത്തേക്ക് അയാളെ പിന്നെ കണ്ടില്ല. നാലാം നാൾ വീണ്ടും വിളിച്ചു,

ജോലി ചെയ്യാന്‍ കഴിയില്ലെന്നും തന്‍റെ ദിവസ ശമ്പളമായ 850 രൂപയില്‍ ബാക്കിയുള്ള 350 രൂപ വേണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, അത് നല്‍കാന്‍ താന്‍ തയ്യാറാകാതിരുന്നതിന് പിന്നാലെ അയാൾ ഭീഷണി തുടങ്ങി. 'ഞാനൊരു ജാട്ട് ആണ്. നാളെ നിങ്ങളുടെ ഓഫീസിന് മുന്നില്‍ 10 പേരെയും കൊണ്ട് വരുമെന്ന് പറഞ്ഞായി ഭീഷണി. ഇതും പറഞ്ഞ് അയാൾ തന്നെ നിരവധി തവണ വിളിച്ചെന്നും യുവാവെഴുതി. ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോൾ എന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹം നെറ്റിസണ്‍സിനോട് ചോദിച്ചു. ഒരാളെ ജോലിക്കെടുക്കുമ്പോൾ ഇത്തരം അബദ്ധങ്ങൾ പറ്റാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

നിരവധി പേരാണ് അയാൾക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മറുപടിയെഴുതിയത്. സംഭവം പോലീസിനെ അറിയിക്കാനായിരുന്നു ചിലരുടെ നിര്‍ദ്ദേശം. ഒപ്പം ജോലിക്ക് ആളെയെടുക്കുമ്പോൾ തൊഴിൽ കരാറുകളില്‍ ഒപ്പ് വെയ്ക്കണമെന്നും മറ്റ് ചിലര്‍ ഉപദേശിച്ചു. ഇത്തരം ആളുകളെ അടുപ്പിക്കരുതെന്നും എത്രയും പെട്ടെന്ന് മറ്റൊരാളെ നിയമിക്കാനുമായിരുന്നു മറ്റ് ചിലരുടെ ഉപദേശം. കോൾ റെക്കോർഡ് ചെയ്ത് പരാതി കൊടുക്കാനായിരുന്നു ചിലര്‍ നിര്‍ദ്ദേശിച്ചത്.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?