'ബ്ലിങ്കിറ്റ് പക്ഷേ, പോലീസ് പതിപ്പ്'; ഉച്ചഭാഷിണി പരാതിയിൽ പത്ത് മിനിറ്റിനുള്ളിൽ നടപടിയുമായി ദില്ലി പോലീസ്!

Published : Apr 04, 2026, 03:16 PM IST
Delhi police

Synopsis

അർദ്ധരാത്രിയിൽ ഉച്ചഭാഷിണി പ്രവർത്തിപ്പിച്ചതിനെതിരെ ലഭിച്ച പരാതിയിൽ 10 മിനിറ്റിനുള്ളിൽ നടപടിയെടുത്ത് ദില്ലി പോലീസ്. സംരംഭകനായ ആകാശ് ബൻസാൽ തന്‍റെ അനുഭവം പങ്കുവെച്ചതോടെ, പോലീസിന്‍റെ അതിവേഗ നടപടിക്ക് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രശംസയാണ് ലഭിക്കുന്നത്.

 

ർദ്ധരാത്രിയിൽ നിയമം ലംഘിച്ച് പ്രവർത്തിപ്പിച്ച ഉച്ചഭാഷിണികൾക്കെതിരെ മിന്നൽ വേഗത്തിൽ നടപടിയെടുത്ത ദില്ലി പോലീസിന് സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രശംസ. ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംരംഭകനായ ആകാശ് ബൻസാലാണ് തന്‍റെ അനുഭവം എക്സിലൂടെ പങ്കുവെച്ചത്. പുലർച്ചെ ഒരു മണിയോടെ വലിയ ഉച്ചത്തിൽ ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കുന്നെന്ന പരാതിയിലാണ് പോലീസിന്‍റെ അതിവേഗ നടപടി.

പരാതി, 10 മിനിറ്റിനുള്ളിൽ പരിഹാരം

സംഭവം ഇങ്ങനെ, കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെ പ്രദേശത്ത് ഉച്ചഭാഷിണികൾ ഉച്ചത്തിൽ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ആകാശ് ഉടൻ തന്നെ പോലീസ് കൺട്രോൾ റൂമിൽ (100) വിവരമറിയിച്ചു. വെറും നാല് മിനിറ്റിനുള്ളിൽ തന്നെ പട്രോളിംഗ് ഓഫീസറുടെ ഫോൺ കോൾ അദ്ദേഹത്തിന് ലഭിച്ചു. പത്ത് മിനിറ്റിനുള്ളിൽ പോലീസ് സംഘം സ്ഥലത്തെത്തുകയും ഉച്ചഭാഷിണികൾ നിശബ്ദമാക്കി, പ്രശ്നം പരിഹരിക്കുകയും ചെയ്തു. ഇതിനിടയിൽ സഹായം വാഗ്ദാനം ചെയ്തുകൊണ്ട് മറ്റ് രണ്ട് ഉദ്യോഗസ്ഥർ കൂടി തന്നെ വിളിച്ചതായും ആകാശ് എഴുതി. "ദില്ലി പോലീസിന്‍റെ വലിയൊരു വിജയമാണിത്. ഇത് രണ്ടാം തവണയാണ് എനിക്ക് ഇത്തരമൊരു അനുഭവം ഉണ്ടാകുന്നത്. നിങ്ങളുടെ സേവനത്തിന് നന്ദി," - ആകാശ് ബൻസാൽ തന്‍റെ പോസ്റ്റിൽ കുറിച്ചു.

 

 

ബ്ലിങ്കിറ്റ്, പക്ഷേ, പോലീസ് പതിപ്പ്

ആകാശിന്‍റെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ദില്ലി പോലീസ് തങ്ങളുടെ ഔദ്യോഗിക ഹാൻഡിലിലൂടെ മറുപടി നൽകി. ഇത്തരത്തിലുള്ള അഭിനന്ദനങ്ങൾ തങ്ങൾക്ക് വലിയ പ്രചോദനമാണെന്നായിരുന്നു പോലീസിന്‍റെ മറുപടി. "രാത്രി 10 മണിക്ക് ശേഷം ഉച്ചത്തിലുള്ള ശബ്ദം പുറപ്പെടുവിക്കുന്നത് നിയമലംഘനമാണ്. നിങ്ങളുടെ സമാധാനം ഉറപ്പുവരുത്തുക എന്നതാണ് ഞങ്ങളുടെ മുൻഗണന. അതിനായി എപ്പോഴും ഞങ്ങൾ സന്നദ്ധരാണ്," എന്ന് പോലീസ് വ്യക്തമാക്കി. പോലീസിന്‍റെ ഈ 'സൂപ്പർ ഫാസ്റ്റ്' നടപടിക്ക് വലിയ പിന്തുണയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. പത്ത് മിനിറ്റിൽ സാധനങ്ങൾ ഡെലിവറി ചെയ്യുന്ന ഓൺലൈൻ ആപ്പിനോട് ഉപമിച്ച് "ബ്ലിങ്കിറ്റ്, പക്ഷേ, പോലീസ് പതിപ്പ്" എന്നാണ് ഒരാൾ കുറിച്ചത്. "മികച്ച പ്രവർത്തനം", "അഭിനന്ദനങ്ങൾ" എന്നിങ്ങനെ പോലീസിനെ പുകഴ്ത്തിക്കൊണ്ട് നിരവധിയാളുകൾ രംഗത്തെത്തി. അതേസമയം ലൗഡ് സ്പീക്കർ ഓഫ് ചെയ്യാൻ മാത്രം ഓടിയെത്തിയാൽ മതിയോ ദില്ലിയിലെ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിൽ നടപടി വേണ്ടെയെന്ന് ചിലർ പരിഹസിച്ചു. 

 

PREV
Read more Articles on
click me!

Recommended Stories

അയൽക്കാരനോട് പകരംവീട്ടാൻ 'പ്രേതകഥകൾ'; ചൈനയിലെ വിചിത്രമായ തർക്കം കോടതിയിലേക്ക്
തെരുവ് നായയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് ആരോപണം; മുംബൈയിൽ യുവാവിന് ക്രൂരമർദ്ദനം, വീഡിയോ