
മുംബൈയിലെ വെർസോവ പ്രദേശത്ത് തെരുവ് നായയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് പ്രദേശവാസികൾ ഒരു യുവാവിനെ മർദ്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രദേശവാസികൾക്കെതിരെ നെറ്റിസെന്‍സ് രൂക്ഷമായ വിമർശനം അഴിച്ച് വിട്ടു. നിയമം നടപ്പാക്കാനാണ് പോലീസും കോടതിയുമെന്നും നാട്ടുകാരല്ല അത് ചെയ്യേണ്ടതെന്നുമായിരുന്നു നെറ്റിസെന്‍സ് അഭിപ്രായപ്പെട്ടത്.
ശിവാലി ഛേത്രി എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് പങ്കുവച്ച വീഡിയോയിൽ, മർദ്ദനത്തിന് ഇരയായി ഷർട്ടൊക്കെ കീറിയ നിലയിൽ ഒരാളെ കാണാം. സംഭവത്തിന്‍റെ നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്. നാട്ടുകാർ മർദ്ദിക്കുമ്പോൾ ഇയാൾ തന്‍റെ പ്രവർത്തിയിൽ ക്ഷമ ചോദിക്കുന്നതാണ് ഒരു വീഡിയോയിലുള്ളത്. മറ്റൊരു വീഡിയോയിൽ ഇയാളുടെ ബാഗിൽ നിന്നും കോണ്ടം പാക്കറ്റുകൾ, ഫോൺ ചാർജർ, മറ്റ് വസ്തുക്കൾ എന്നിവ കാണിക്കുന്നു. നായയെ അയാൾ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്നത് കണ്ടെന്ന് ഒരു പെണ്‍കുട്ടി അവകാശപ്പെട്ടുന്നതായിരുന്നു മറ്റൊരു വീഡിയോ. പ്രതി മദ്യപിച്ചിരുന്നെന്നും ഇതിന് ശേഷമാണ് നായയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും വീഡിയോയിൽ പറയുന്നു. അതേസമയം നാട്ടുകാർ ഇയാളെ വലിയ വടികളും മറ്റും ഉപയോഗിച്ച് മർദ്ദിക്കുന്നതും വീഡിയോകളിൽ കാണാം.
വീഡിയോ വ്യപകമായി പങ്കുവയ്ക്കപ്പെട്ടതോടെ നെറ്റിസെന്‍സ് രൂക്ഷമായാണ് പ്രതികരിച്ചത്. ആ പ്രദേശത്ത് പോലീസ് സ്റ്റേഷനോ സർക്കാരോ കോടതിയോ ഒന്നും ഇല്ലേയെന്ന് ഒരു കൂട്ടം സമൂഹ മാധ്യമ ഉപയോക്താക്കൾ ചോദിച്ചപ്പോൾ മറ്റൊരു കൂട്ടർ അയാൾ അത് എന്തുകൊണ്ടും അർഹിക്കുന്നുവെന്നായിരുന്നു കുറിച്ചത്. മറ്റ് ചിലർ വീഡിയോ മുംബൈ പോലീസിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനും മൃഗ സംരക്ഷക പ്രവർത്തകനുമായ സുധീർ കുഡാൽക്കർ, പ്രശസ്ത ആക്ടിവിസ്റ്റ് വിജയ് രംഗാരെ എന്നിവരെ ടാഗ് ചെയ്ത് നടപടി ആവശ്യപ്പെട്ടു. പ്രതിക്ക് കർശന ശിക്ഷ നൽകണമെന്നും ഇനി ഇത് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ചിലർ ആവശ്യപ്പെട്ടു.