
ഹിന്ദുമത വിശ്വാസ പ്രകാരം 144 വർഷത്തിലൊരിക്കൽ നടത്തി വരുന്ന ഉത്സവമാണ് മഹാകുംഭ മേള. ജനുവരി 13 -ന് ആരംഭിച്ച ഉത്സവം ഫെബ്രുവരി 26 വരെ നീണ്ടുനിൽക്കും. ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ ദിവസവും മഹാ കുംഭമേളയിൽ പങ്കെടുക്കാനും ത്രിവേണി സംഗമത്തിൽ കുളിക്കാനുമായി ഇവിടേക്ക് ഓരോ ദിവസവും എത്തുന്നത്. എന്നാൽ, നേരിട്ട് ത്രിവേണി സംഗമത്തിൽ മുങ്ങിക്കുളിക്കാൻ സാധിക്കാത്തവർക്കായി അസാധാരണമായ ഒരു സേവനം ഇപ്പോൾ ഉയർന്നു വന്നിരിക്കുകയാണ്. ഒരു പ്രാദേശിക സംരംഭകനാണ് ഇതിന് പിന്നിൽ.
സംഗതി എന്താണെന്ന് വച്ചാല്‍, മഹാകുംഭമേളയ്ക്ക് നേരിട്ട് എത്താൻ സാധിക്കാത്തവർക്കായി 'ഡിജിറ്റൽ സ്നാൻ' (ഹോളി ഡിപ്പ്) സേവനമാണ് ഇദ്ദേഹം വാഗ്ദാനം ചെയ്യുന്നത്. ഓൺലൈനായി പണവും ചിത്രവും അയച്ചു കൊടുത്താൽ ആ ചിത്രവുമായി ത്രിവേണി സംഗമത്തിൽ ഇദ്ദേഹം മുങ്ങിക്കുളിക്കും. ഈ പ്രതീകാത്മക ചടങ്ങിന് ഒരു വ്യക്തിക്ക് 1,100 രൂപയാണ് നിരക്ക്. ഡിജിറ്റൽ സ്നാൻ നടത്തേണ്ടവരുടെ ചിത്രം ഇദ്ദേഹത്തിന്‍റെ വാട്സാപ്പിലേക്കും പണം ഓൺലൈൻ പെയ്മെൻറ് ആയും നൽകണം. വാട്സപ്പിൽ എടുക്കുന്ന ചിത്രങ്ങളുടെ കോപ്പി പ്രിൻറ് എടുത്താണ് ഇദ്ദേഹം ഈ ചടങ്ങ് നടത്തുന്നത്.
Read More: പശുക്കുട്ടിയെ വിഴുങ്ങിയ പെരുമ്പാമ്പ് ഛർദ്ദിച്ചു; മരിച്ച കുഞ്ഞിന്‍റെ അടുത്തുനിന്നും മാറാതെ തള്ളപ്പശു
പ്രയാഗ്‌രാജ് ആസ്ഥാനമായുള്ള ഒരു മനുഷ്യനാണ് ഇത്തരത്തിൽ ഒരു സേവനം വാഗ്ദാനം ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തത്. പ്രയാഗ് രാജ് എന്‍റര്‍പ്രൈസസ് എന്ന തന്‍റെ കമ്പനിയാണ് ഈ ഡിജിറ്റല്‍ സ്നാനം നല്‍ക്കുന്നതെന്നും അദ്ദേഹം വീഡിയോയില്‍ അവകാശപ്പെട്ടു. എന്നാൽ, വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിലർ ഇദ്ദേഹത്തിൻറെ സേവന വാഗ്ദാനം സ്വീകരിച്ചെങ്കിലും ചുരുക്കം ചിലർ 'പുതിയ തട്ടിപ്പ്' എന്ന് വിശേഷിപ്പിച്ച് വിമർശിച്ചു. വിശ്വാസങ്ങളെ കച്ചവടമാക്കരുത് എന്നും നിരവധിപേർ അഭിപ്രായപ്പെട്ടു. നിങ്ങൾ സനാധാന ധര്‍മ്മത്തെ പരിഹസിക്കുകയാണോ? നിങ്ങൾക്ക് നാണമില്ലേ എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ ചോദിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സാംസ്കാരിക സമ്മേളനമായാണ് മഹാ കുംഭമേള 2025 അറിയപ്പെടുന്നത്. ശരാശരി ഒരു കോടിയിലധികം ഭക്തർ ത്രിവേണി സംഗമത്തിൽ ദിനംപ്രതി മുങ്ങി കുളിക്കുന്നുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ അവകാശപ്പെടുന്നത്.