കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ ഗ്രാമത്തില്‍ കണ്ടെത്തിയ അഞ്ചാമത്തെ പെരുമ്പാമ്പാണ് അത്. ഇതിനകം നിരവധി കന്നുകാലികളുടെ ജീവന്‍ പെരുമ്പാമ്പുകൾ ഇല്ലാതാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാമ്പുകളുടെ കൂട്ടത്തിലെ ഭീകരന്മാരാണ് പെരുമ്പാമ്പുകൾ. എത്ര വലിയ ഇരകളെയും ഞൊടിയിടയിൽ കീഴ്പ്പെടുത്തി വിഴുങ്ങാനുള്ള ഇവയുടെ ശേഷി ഭയപ്പെടുത്തുന്നതാണ്. കഴിഞ്ഞ ദിവസം രാജസ്ഥാനിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഭവത്തിൽ, ഒരു പെരുമ്പാമ്പ് മുഴുവനായി വിഴുങ്ങിയത് ഒരു പശുക്കുട്ടിയെ. പക്ഷേ, അധികം വൈകാതെ തന്നെ പാമ്പ് അതിനെ പുറത്തോട്ട് ഛർദ്ദിച്ചെങ്കിലും പശുക്കുട്ടിയുടെ ജീവൻ നഷ്ടമായി. മരിച്ച് കിടക്കുന്ന പശുക്കുട്ടിയുടെ അടുത്ത് നിന്നും മാറാത്ത തള്ളപ്പശുവിനെയാണ് വീട്ടുമസ്ഥന്‍ ആദ്യം കണ്ടത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പശുക്കുട്ടിയെ പെരുമ്പാമ്പ് പിടിച്ചതാണെന്ന് വ്യക്തമായത്.
രാജസ്ഥാനിലെ രാജ്‌സമന്ദ് മേവാർ ജില്ലയിലെ അമേത് പട്ടണത്തിലാണ് സംഭവം. ഇവിടുത്തെ ഗ്രാമവാസികൾ ഇപ്പോൾ വലിയ ഭീതിയിലാണ് കഴിയുന്നത്. കാരണം, കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടെ ഗ്രാമത്തില്‍ കണ്ടെത്തിയത് അഞ്ചിൽ അധികം പെരുമ്പാമ്പുകളെയാണെന്നത് തന്നെ. ഇതിനോടകം തന്നെ നിരവധി കന്നുകാലികളെ പാമ്പുകൾ ഇരയാക്കി കഴിഞ്ഞു. ഇതുവരെ മനുഷ്യർക്കെതിരെയുള്ള ആക്രമങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും പാമ്പുകളെ പിടികൂടുന്ന കാര്യത്തിൽ വനം വകുപ്പിന്‍റെ അനാസ്ഥയ്ക്കെതിരെ വലിയ പ്രതിഷേധമാണ് പ്രദേശവാസികളുടെ ഭാഗത്ത് നിന്നും ഉയരുന്നത്.
രണ്ട് ദിവസങ്ങൾക്ക് മുൻപ് രാത്രിയിലാണ് പെരുമ്പാമ്പ് കൂട്ടിൽ കെട്ടിയിരുന്ന പശുക്കുട്ടിയെ മുഴുവനായി വിഴുങ്ങിയത്. പക്ഷേ, പശുക്കുട്ടിയുടെ വലിപ്പം കാരണം ദഹിക്കാതെ വന്നതോടെ പാമ്പ് അതിനെ ചർദ്ദിച്ച് പുറന്തള്ളുകയായിരുന്നെന്ന് കരുതുന്നു. പിറ്റേന്ന് രാവിലെയാണ് വീട്ടുകാർ ഈ ഞെട്ടിപ്പിക്കുന്ന കാഴ്ച കണ്ടത്. പശുക്കുട്ടിയുടെ മൃതദേഹത്തിന് അരികെ അതിൻറെ അമ്മ പശു കണ്ണീരോടെ നിൽക്കുന്ന കാഴ്ച അത്യന്തം ഹൃദയഭേദകമാണ് എന്നാണ് സംഭവത്തിന് സാക്ഷികളായ പ്രദേശവാസികൾ പറയുന്നത്.
ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും, നിരവധി തവണ വനം വകുപ്പിനെ അറിയിച്ചിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ലന്നും നാട്ടുകാർ ആരോപിച്ചു. പാമ്പിനെ കണ്ട ഇടങ്ങളിൽ പിടികൂടാൻ ആവശ്യമായ കെണികൾ സ്ഥാപിക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരോട് നാട്ടുകാർ ആവശ്യപ്പെട്ടു. ഉടൻ വേണ്ട സുരക്ഷ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വലിയ ദുരന്തങ്ങൾ സംഭവിക്കുമെന്ന് അവർ ആശങ്ക പ്രകടിപ്പിച്ചു.
