നേരെ നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ രക്ഷിച്ചെടുത്തു, ഇന്ന് ബോണി ഒരു പൊലീസ് നായ

Published : Mar 25, 2022, 04:20 PM IST
നേരെ നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ രക്ഷിച്ചെടുത്തു, ഇന്ന് ബോണി ഒരു പൊലീസ് നായ

Synopsis

ആദ്യം ഫയർ സർവീസിലെ റിക്കവറി ഡോ​ഗായിട്ടാണ് ബോണി ചേർന്നത്. എന്നാൽ, ഇരുണ്ടതോ അടച്ചിട്ടതോ ആയ മുറികൾ അവളെ വല്ലാതെ ഭയപ്പെടുത്തിയതിനാൽ അവൾ പരീക്ഷയിൽ പരാജയപ്പെട്ടു. 

ആറ് മാസം പ്രായമുള്ളപ്പോഴാണ് ബോണി(Bonnie) എന്ന നായ(Dog)ക്കുഞ്ഞിനെ വെയിൽസി(Wales)ലെ ഒരു ഫാമിൽ നിന്നും രക്ഷപ്പെടുത്തുന്നത്. വളരെ വളരെ മോശം അവസ്ഥയിലായിരുന്നു അപ്പോൾ ബോണി. ഭാരക്കുറവും ചർമ്മപ്രശ്നങ്ങളും കൊണ്ട് അവൾ ബുദ്ധിമുട്ടി. വളരെ വൃത്തിഹീനവും അപകടകരവുമായ സാഹചര്യത്തിലാണ് ബോണിയെ പാർപ്പിച്ചിരുന്നത്. 

എന്നാൽ, രക്ഷപ്പെടുത്തി പുനരധിവസിപ്പിച്ചതിന് ശേഷം അവളുടെ മാറ്റം അതിശയിപ്പിക്കുന്നതായിരുന്നു. അവൾ ആരോ​ഗ്യം വീണ്ടെടുത്തു. സന്തോഷവതിയായി. പിന്നീട് ഒരു പൊലീസ് നായ ആകാനുള്ള പരിശീലനം തുടങ്ങി. ബോണിയെ രക്ഷിക്കാനുള്ള ഓപ്പറേഷനിൽ സൗത്ത് വെയിൽസ് പൊലീസ് നായ്ക്കുട്ടികൾക്കുള്ള ഫാമിൽ നിന്ന് 21 നായ്ക്കളെയാണ് ഏതാണ്ട് സമാനമായ അവസ്ഥയിൽ രക്ഷിച്ചത്. സോമർസെറ്റിലെ ആർഎസ്പിസിഎയുടെ വെസ്റ്റ് ഹാച്ച് അനിമൽ സെന്ററിൽ അതിൽ ചില നായ്ക്കളെ പുനരധിവസിപ്പിച്ചു. 

പൊലീസ് നായയായി ജോലി ചെയ്യാനുള്ള കഴിവ് ബോണിയിലുണ്ട് എന്ന് അവിടുത്തെ ജീവനക്കാർക്കാണ് തോന്നുന്നത്. ഡോഗ് ഹാൻഡ്ലർ പിസി ക്ലെയർ ടോഡ്, അവളുടെ മുതിർന്ന പൊലീസ് നായ പിഡി സ്റ്റെല്ല ദ സ്റ്റാഫി എന്നിവരോടൊപ്പം കഴിഞ്ഞ വർഷം ബോണി പരിശീലനം ആരംഭിച്ചു. ഡിസംബറിൽ പണം, മയക്കുമരുന്ന്, തോക്കുകൾ എന്നിവ തിരയുന്നതിൽ ബോണി പരിശീലനം പൂർത്തിയാക്കി. ബോണിയെ രക്ഷപ്പെടുത്തുകയും അവളുടെ കേസ് അന്വേഷിക്കുകയും ചെയ്ത ആർഎസ്പിസിഎ ഇൻസ്പെക്ടർ ജെമ്മ കൂപ്പർ, മൃഗങ്ങളുടെ ആരോഗ്യസ്ഥിതിയും അവയുടെ ജീവിത ചുറ്റുപാടുകളും തന്നെ ഭയപ്പെടുത്തുന്നു എന്ന് പറയുകയുണ്ടായി. “ആദ്യത്തെ രണ്ട് തൊഴുത്തിൽ നിന്ന് നായ്ക്കളെ പുറത്തെടുത്തപ്പോൾ അവയ്‌ക്ക് ആർക്കും എങ്ങനെ നടക്കണമെന്ന് പോലും അറിയുന്നില്ലായിരുന്നു, അവയെല്ലാം പുറംലോകത്തെ ഭയപ്പെട്ടു” അവർ പറഞ്ഞു. 

ആദ്യം ഫയർ സർവീസിലെ റിക്കവറി ഡോ​ഗായിട്ടാണ് ബോണി ചേർന്നത്. എന്നാൽ, ഇരുണ്ടതോ അടച്ചിട്ടതോ ആയ മുറികൾ അവളെ വല്ലാതെ ഭയപ്പെടുത്തിയതിനാൽ അവൾ പരീക്ഷയിൽ പരാജയപ്പെട്ടു. അത് തന്നെ അത്ഭുതപ്പെടുത്തുന്നില്ല എന്നും അത്തരം ഒരു സ്ഥലത്ത് നിന്നാണ് ബോണി വരുന്നതെന്ന് തനിക്കറിയാമെന്നും ബോണിയുടെ ഹാൻഡ്‍ലർ പറയുന്നു. 

ഏതായാലും നിലവിലെ ജോലിയിൽ ബോണി അടിപൊളി ആയിരിക്കും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. മാത്രമല്ല, അവൾ താൻ കടന്നുവന്ന അവസ്ഥകളും ട്രോമകളും എല്ലാം മറികടന്ന് ഇപ്പോൾ സന്തോഷവതിയാണ് എന്നും പറയുന്നു. 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ