ഓക്സിജന്റെ അളവ് കുറയും, ഭൂമിയിൽ ജീവനുകളില്ലാതെയാവും?

Published : Oct 13, 2021, 01:10 PM IST
ഓക്സിജന്റെ അളവ് കുറയും, ഭൂമിയിൽ ജീവനുകളില്ലാതെയാവും?

Synopsis

ഭൂമി ഇല്ലാതാക്കുന്നതിന് ഇനി കുറച്ച് ബില്യൺ വർഷങ്ങൾ മാത്രമേയുള്ളൂവെന്ന് അതിൽ പറയുന്നു. തീ, കൂട്ടിയിടി, അന്യഗ്രഹ ആക്രമണം എന്നിവയൊന്നുമല്ല വില്ലൻ, ഓക്സിജൻ കുറയുന്നതാണെന്നും പഠനത്തിൽ പറയുന്നു.  

ഭൂമിയിൽ(Earth) ജീവൻ നിലനിൽക്കാൻ ഓക്സിജൻ(Oxygen ) അത്യാവശ്യമാണെന്ന് നമുക്കറിയാം. എന്നാൽ, ഓക്സിജന്റെ അളവ് ഭൂമിയിൽ കുറഞ്ഞുവരികയാണെന്നത് വലിയ ഒരു ആശങ്കയാണ്. കാലാവസ്ഥാ വ്യതിയാനമാണ് ഭൂമിയിൽ ഓക്സിജൻ കുറഞ്ഞുവരാനുള്ള ഒരു പ്രധാന കാരണം. മാത്രവുമല്ല, ഇങ്ങനെ പോയാൽ ഓക്സിജൻ പൂർണമായും ഇല്ലാതാകുമെന്നും ശാസ്ത്രജ്ഞർ ഒരു പഠനത്തിൽ പറയുന്നു.    

ഒരു കാലത്ത് നമ്മുടെ ഭൂമി വെറും തരിശായിരുന്നു. ഓക്സിജൻ ഇല്ലാത്ത, മീഥെയ്ൻ സമ്പുഷ്ടമായിരുന്നു ഇവിടം. അന്ന് കാലത്ത് ഭൂമിയിൽ ഉണ്ടായിരുന്ന സയനോബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികൾക്ക് നിലനിൽക്കാൻ ഓക്സിജൻ ആവശ്യമില്ലായിരുന്നു. അതിനാൽ അവ അവയുടെ ദൈനംദിന പ്രവൃത്തികളുടെ ഭാഗമായി ഉല്പാദിപ്പിച്ചിരുന്ന ഓക്സിജനെ പുറത്ത് വിടുകയാണ് ചെയ്തിരുന്നത്. ഏകദേശം 2.3 ബില്യൺ വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച "ഗ്രേറ്റ് ഓക്സിഡേഷൻ ഇവന്റ്" ആണ് ഭൂമിയിൽ ഇന്ന് കാണുന്ന രീതിയിലുള്ള ജൈവ മാറ്റത്തിന് കാരണമായത്. ഇതോടെ ഓക്സിജൻ വേണ്ടാത്ത സൂക്ഷ്മജീവികൾ ഇല്ലാതാവുകയും, ഓക്സിജൻ സ്വീകരിക്കുന്ന സൂക്ഷ്മജീവികൾ വർദ്ധിക്കുകയും ചെയ്തു. ക്രമേണ പരിണാമം സംഭവിച്ച് ഇന്ന് കാണുന്ന തരത്തിൽ ജീവൻ രൂപാന്തരപ്പെടുകയായിരുന്നു. 

ഇപ്പോൾ ആഗോളതാപനം മൂലം ഭൂമിയിലെ ഓക്സിജന്റെ അളവ് കുറയുന്നത് വലിയ ആശങ്കയ്ക്ക് ഇടനൽകുന്നു. നിലവിൽ, ഭൂമിയുടെ അന്തരീക്ഷത്തിന്റെ 20 ശതമാനവും ഓക്സിജനാണ്. ഗ്രഹത്തിലെ സസ്യങ്ങൾ ധാരാളം ഓക്സിജൻ ഉത്പാദിപ്പിക്കുന്നു. ഇത് എല്ലാ ജീവികളെയും ശ്വസിക്കാൻ സഹായിക്കുന്നു. എന്നാൽ, ഭാവിയിൽ ഭൂമിയിലെ ചില അപകടകരമായ സ്ഥലങ്ങളിൽ ഓക്സിജന്റെ അളവ് കുറയുമെന്ന് ശാസ്ത്രജ്ഞർ പ്രവചിക്കുന്നു. ഓക്സിജൻ ഉണ്ടാകുന്നതിന് മുൻപുള്ള അവസ്ഥയിലേക്ക് ഗ്രഹം വീണ്ടും എത്തിച്ചേരുമെന്ന് പറയപ്പെടുന്നു. തുടർന്ന്, ഭൂമിയിൽ ഓക്സിജന് പകരം ഉയർന്ന അളവിൽ മീഥെയ്നായിരിക്കും ഉണ്ടാവുക. ദ ഫ്യൂച്ചർ ലൈഫ്‍സ്പാൻ ഓഫ് എർത്ത്സ് ഓക്സിജനേറ്റഡ് അറ്റ്‍മോസ്ഫിയർ (The future lifespan of Earth’s oxygenated atmosphere) എന്ന നേച്ചർ ജിയോസയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. സമീപഭാവിയിൽ അത് സംഭവിച്ചില്ലെങ്കിലും, മാറ്റം വരുമ്പോൾ, അത് വളരെ വേഗത്തിൽ സംഭവിക്കുമെന്ന് പഠനത്തിൽ വിശദീകരിക്കുന്നു.

ഭൂമി ഇല്ലാതാക്കുന്നതിന് ഇനി കുറച്ച് ബില്യൺ വർഷങ്ങൾ മാത്രമേയുള്ളൂവെന്ന് അതിൽ പറയുന്നു. തീ, കൂട്ടിയിടി, അന്യഗ്രഹ ആക്രമണം എന്നിവയൊന്നുമല്ല വില്ലൻ, ഓക്സിജൻ കുറയുന്നതാണെന്നും പഠനത്തിൽ പറയുന്നു.  വാസയോഗ്യമായ ഒരു ഗ്രഹത്തിലും അന്തരീക്ഷ ഓക്സിജൻ എന്നന്നേക്കുമായി നിലനിൽക്കില്ലെന്നും, ഒടുവിൽ അത് അപ്രത്യക്ഷമാവുക തന്നെ ചെയ്യുമെന്നും ശാസ്ത്രജ്ഞർ പഠനത്തിൽ അവകാശപ്പെട്ടു. ഇതിന് ശേഷം ഗ്രഹത്തിലെ ഉപരിതല ജലവും നഷ്ടമാകും. സൂര്യനിൽ നിന്നുള്ള റേഡിയേഷൻ മൂലം സമുദ്രങ്ങളും 2 ബില്യൺ വർഷങ്ങൾക്ക് ശേഷം അപ്രത്യക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഓക്സിജന്റെ അളവ് കുറയുന്നതുമൂലം, ഇത് സംഭവിക്കുന്നതിനുമുമ്പ് തന്നെ ജീവൻ അപ്രത്യക്ഷമാവും. ഭൂമിയിൽ നിന്ന് മറ്റ് ഗ്രഹങ്ങളിലേക്ക് കുടിയേറാൻ പുതിയ വഴികൾ ശാസ്ത്രജ്ഞർ തേടുന്നത് ഒരുപക്ഷേ വെറുതെയായിരിക്കില്ല.  

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ