ഇംഗ്ലീഷ് അര്‍ത്ഥമില്ലാത്ത, അശാസ്ത്രീയമായ ഭാഷ; എന്‍സിബിസി ചെയര്‍പേഴ്‍സണ്‍

Published : Sep 26, 2019, 02:52 PM ISTUpdated : Sep 26, 2019, 03:06 PM IST
ഇംഗ്ലീഷ് അര്‍ത്ഥമില്ലാത്ത, അശാസ്ത്രീയമായ ഭാഷ; എന്‍സിബിസി ചെയര്‍പേഴ്‍സണ്‍

Synopsis

 ''ഹിന്ദി രാജ്യത്തിന് അപകടകരമാണെന്ന് പറയുന്നവരുണ്ട്. ഹിന്ദി കാരണം ഈ രാജ്യം കഷ്ണങ്ങളായി തകരുമെന്ന് ചിലർ പറയുന്നു. അപ്പോൾ എന്‍റെ ചോദ്യം ഇതാണ്: ഇംഗ്ലീഷ് രാജ്യത്തെ ഒന്നിപ്പിക്കുമോ? ” എന്നും സാഹ്നി ചോദിച്ചു.

ഇംഗ്ലീഷിനെ പോലെ അര്‍ത്ഥരഹിതവും അശാസ്ത്രീയവുമായ മറ്റൊരു ഭാഷയില്ലെന്ന് നാഷണല്‍ കമ്മീഷന്‍ ഫോര്‍ ബാക്ക്വേര്‍ഡ് ക്ലാസസ് (NCBC) ചെയര്‍പേഴ്സണ്‍ ഭഗ്‍വന്‍ ലാല്‍ സാഹ്നി. ബുധനാഴ്ച ദില്ലിയില്‍ സംഘടിപ്പിച്ച 'രാഷ്ട്രനിര്‍മ്മിതിയില്‍ ഹിന്ദിയുടെ പ്രാധാന്യം' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിയര്‍, ദേര്‍ എന്നിവ മാത്രം ബന്ധിപ്പിച്ചാണ് ഇംഗ്ലീഷില്‍ വാക്കുകളുണ്ടാക്കുന്നത്. യാതൊരു അടിസ്ഥാനവും ഈ ഭാഷക്കില്ലെന്നും ഭഗ്‍വന്‍ ലാല്‍ പറഞ്ഞു. 

''ഇംഗ്ലീഷ് പോലെ അർത്ഥശൂന്യവും അശാസ്ത്രീയവുമായ മറ്റൊരു ഭാഷയില്ലെന്ന് എനിക്ക് പറയാൻ കഴിയും. ഇംഗ്ലീഷ് എങ്ങനെ കണ്ടെത്തിയെന്ന് നിങ്ങൾക്കറിയാമോ? സോളമന്‍റെ ആളുകൾ ഇംഗ്ലണ്ടിനെ ആക്രമിച്ചു. അങ്ങനെയാണ് സോളമന്റെ ഭാഷയും ഇവിടെ നിന്നുള്ള ചില ഭാഷയും സംയോജിപ്പിച്ച് ഇംഗ്ലീഷ് രൂപപ്പെടുത്തിയത്'' എന്നാണ് സാഹ്നി പറഞ്ഞത്. 

ഭരണഘടന നിർമാതാക്കൾ തങ്ങളുടെ രാജ്യത്തെയും വേദയുഗം പോലെ പഴക്കമുള്ള പൈതൃകത്തെയും മനസ്സിലാക്കിയിട്ടില്ലെന്നും സാഹ്നി ആരോപിച്ചു. ''എനിക്ക് പറയാൻ ആഗ്രഹമില്ല എങ്കിലും ഞാന്‍ പറയുകയാണ്. നമ്മുടെ ഭരണഘടനാ നിർമ്മാതാക്കൾക്ക് നമ്മുടെ രാജ്യത്തെ മനസ്സിലായിട്ടില്ല. ഇന്ത്യ, അതായത് ഭാരത്, നിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രമാണ് എന്നും നെഹ്‌റു പറഞ്ഞു. എന്നാൽ ഇന്ത്യ ഒരു പഴയ രാജ്യമാണ്, വേദയുഗം മുതൽ തന്നെ അതുണ്ട്'' എന്നും സാഹ്നി പറഞ്ഞു.

ഹിന്ദിയെ നിർബന്ധിത ഭാഷയാക്കണമെന്നും വികാരഭരിതനായി സാഹ്നി പറഞ്ഞു. ''ഹിന്ദി രാജ്യത്തിന് അപകടകരമാണെന്ന് പറയുന്നവരുണ്ട്. ഹിന്ദി കാരണം ഈ രാജ്യം കഷ്ണങ്ങളായി തകരുമെന്ന് ചിലർ പറയുന്നു. അപ്പോൾ എന്‍റെ ചോദ്യം ഇതാണ്: ഇംഗ്ലീഷ് രാജ്യത്തെ ഒന്നിപ്പിക്കുമോ?'' എന്നും സാഹ്നി ചോദിച്ചു.

നാഷണൽ കമ്മീഷൻ ഫോർ ബാക്ക്‌വേർഡ് ക്ലാസ് ആക്റ്റ് -1993 റദ്ദാക്കിയ ശേഷം എൻ‌സി‌ബി‌സിക്ക് കഴിഞ്ഞ വർഷം പാർലമെന്റ് ഭരണഘടനാപരമായ പദവി നൽകിയിരുന്നു. ഒ‌ബി‌സികളുടെ കേന്ദ്ര പട്ടികയിൽ‌ ഒരു കമ്മ്യൂണിറ്റിയെ ഉൾ‌പ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്നതിന്‌ മുമ്പ്‌ ശുപാർശ ചെയ്യാൻ‌ കഴിയുന്ന എൻ‌സി‌ബി‌സിക്ക് ഇപ്പോൾ ഒരു സിവിൽ കോടതിയുടെ അധികാരമുണ്ട്. 

PREV
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!