മന്‍മോഹന്‍ സിങ്: തണുപ്പന്‍ ശബ്‍ദത്തിനുള്ളിലെ അടക്കാനാവാത്ത ഊര്‍ജ്ജം...

By Web TeamFirst Published Sep 26, 2019, 1:24 PM IST
Highlights

പക്ഷേ, കഴുക്കോലുകൾ ഒടിഞ്ഞു മേൽക്കൂര നിലം പൊത്താറായ അവസ്ഥയിൽ വീട്ടിൽ വന്നു കേറിയ ആൾക്ക്, തച്ചുപണിയിൽ നല്ല വൈദഗ്ദ്ധ്യമുണ്ടായിരുന്നു. ധനമന്ത്രിയായി ഒരു മാസത്തിനകം ഡോ. മൻമോഹൻ സിങ്ങിന് തന്റെ ആദ്യത്തെ ബഡ്‌ജറ്റ്‌ അവതരിപ്പിക്കേണ്ടി വന്നു.

"എനിക്ക് മുന്നിലുള്ള വെല്ലുവിളികളെ കുറച്ചുകാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നമ്മുടെ പ്രയാണം ക്ലേശകരമാണ്, സുദീർഘമാണ്. എന്നാൽ, വിക്ടർ ഹ്യൂഗോ ഒരിക്കൽ പറഞ്ഞത് ഈ അവസരത്തിൽ ഓർത്തുപോവുകയാണ്. 'ഈ ഭൂമിയിലേക്ക് പിറന്നുവീഴാൻ കാലമായ ഒരു ആശയത്തെയും തടഞ്ഞു നിർത്താൻ ആർക്കുമാവില്ല...' 1991 -ലെ ഓഗസ്റ്റുമാസത്തിൽ ഈ പാർലമെന്റിൽ സന്നിഹിതരായിരിക്കുന്ന അംഗങ്ങളോട് ഞാനും അതുതന്നെയാണ് ആവർത്തിക്കാൻ ആഗ്രഹിക്കുന്നത്. ഇന്ത്യ നാളത്തെ പ്രമുഖ ലോകശക്തികളിൽ ഒന്നായിരിക്കണം എന്നത് അത്തരത്തിൽ ഒരു ആശയമാണ്. ലോകം മുഴുവൻ ആ സത്യത്തിന് കാതോർക്കട്ടെ. ഇന്ത്യ ഉണർന്നിരിക്കുകയാണ്. നമ്മൾ പ്രബലരാകും. നമ്മൾ അതിജീവിക്കും.''

ഈ വരികളിൽ അടക്കാനാകാത്ത ഊർജ്ജമുണ്ടെങ്കിലും, അത് പാർലമെന്റിൽ വായിച്ചത് ഒരു തണുപ്പൻ ശബ്ദമായിരുന്നു. ഇന്ത്യ ഉദാരീകരണമെന്ന സാമ്പത്തികപരിഷ്കാരത്തിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്ന ദുഷ്കരകാലഘട്ടത്തിൽ, രാഷ്ട്രത്തെ കൈപിടിച്ച് നടത്തിയ ധനമന്ത്രിയും, പണ്ഡിതനായ ഒരു സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മൻമോഹൻ സിങ്ങായിരുന്നു അത്. ഇന്ത്യയുടെ ധനസ്ഥിതി വളരെ മോശമായിരുന്നു. ഇന്ത്യൻ സാമ്പത്തികവ്യവസ്ഥയ്ക്ക് ഉദാരീകരണമെന്ന മൃതസഞ്ജീവനി പകർന്നുകൊണ്ട് അതിനെ വളർച്ചയിലേക്ക് നയിക്കാനാണ് പി വി നരസിംഹറാവു എന്ന ഇന്ത്യൻ പ്രധാനമന്ത്രി രായ്ക്കുരാമാനം, വിശേഷിച്ച് ഒരു രാഷ്ട്രീയ പശ്ചാത്തലവുമില്ലാത്ത ഡോ. മൻമോഹൻ സിങിനെ ധനമന്ത്രി പദത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത്. അന്ന് മുന്നണിക്കുള്ളിൽ ആ തീരുമാനം ഏറെ മുറുമുറുപ്പുകൾ ഉണ്ടാക്കിയെങ്കിലും ഇന്ത്യൻ രാഷ്ട്രീയത്തിലെ  ഒരു നാഴികക്കല്ലായി അത് മാറി എന്നത് ചരിത്രം.

അറുപതുകളുടെ തുടക്കത്തിൽ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് ഇക്കണോമിക്‌സിൽ ഡോക്ടറേറ്റ് നേടിയ ശേഷം ഐക്യരാഷ്ട്ര സംഘടനയിൽ പ്രവർത്തിക്കുന്ന കാലത്താണ്, ലളിത് നാരായൺ മിശ്ര എന്ന നെഹ്‌റുവിന്റെ വിശ്വസ്തനായ പാർലമെന്ററി സെക്രട്ടറിയാണ് മൻമോഹനെ വാണിജ്യ-വ്യവസായ വകുപ്പിൽ ഉപദേശകനായി നിയമിക്കുന്നത്. എഴുപതുകളിലും എൺപതുകളിലും ഭാരതസർക്കാരിൽ പല ഉന്നതസ്ഥാനങ്ങളിലും ഡോ. മൻമോഹൻസിങ് പ്രവർത്തിച്ചിട്ടുണ്ട്.  1972 -ൽ അദ്ദേഹം ചീഫ് എക്കണോമിക് അഡ്‌വൈസർ ആയി. 1982 -ൽ റിസർവ് ബാങ്ക് ഗവർണർ, 1985 -ൽ കേന്ദ്ര ആസൂത്രണകമ്മീഷൻ ചെയർമാൻ എന്നീ സ്ഥാനങ്ങൾ അദ്ദേഹം.

1991-ൽ ഇന്ത്യ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരുന്ന കാലത്താണ്, നരസിംഹറാവു  ഡോ. മൻമോഹൻ സിങ്ങിനെ തന്റെ സർക്കാരിൽ ധനമന്ത്രി പദം കൈകാര്യം ചെയ്യാൻ നിയോഗിക്കുന്നത്. ആ കാലം വരെയും നെഹ്‌റു വിഭാവനം ചെയ്ത സോഷ്യലിസ്റ്റിക് നയങ്ങളാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ നയിച്ചിരുന്നത്. പക്ഷേ, രാജ്യത്തിൻറെ സാമ്പത്തികാവസ്ഥ വളരെ മോശമായിരുന്നു. വിദേശകടം, ജിഡിപിയുടെ 23 ശതമാനമായി വളർന്നു. ജിഡിപിയുടെ 55 ശതമാനത്തോളമെത്തി നിൽക്കുന്ന ആഭ്യന്തരകടം. തൊഴിലില്ലായ്മ വർധിച്ചു. നിർമാണ മേഖല കടുത്ത മാന്ദ്യത്തിലേക്ക് കൂപ്പുകുത്തി. ധനകമ്മി 8 ശതമാനം. കറന്റ് അക്കൗണ്ട് കമ്മി 2.5 ശതമാനം. പണപ്പെരുപ്പം കൈവിട്ട അവസ്ഥയിലായി. കഴിഞ്ഞ വർഷത്തേതിന്റെ പാതിയെക്കാൾ കുറഞ്ഞു നിൽക്കുന്നു വിദേശനാണ്യ ശേഖരം. ചുരുക്കത്തിൽ നമ്മുടെ സമ്പദ് വ്യവസ്ഥ കൂപ്പുകുത്തിയ അവസ്ഥ.

പക്ഷേ, കഴുക്കോലുകൾ ഒടിഞ്ഞു മേൽക്കൂര നിലം പൊത്താറായ അവസ്ഥയിൽ വീട്ടിൽ വന്നു കേറിയ ആൾക്ക്, തച്ചുപണിയിൽ നല്ല വൈദഗ്ദ്ധ്യമുണ്ടായിരുന്നു. ധനമന്ത്രിയായി ഒരു മാസത്തിനകം ഡോ. മൻമോഹൻ സിങ്ങിന് തന്റെ ആദ്യത്തെ ബഡ്‌ജറ്റ്‌ അവതരിപ്പിക്കേണ്ടി വന്നു. ഉദാരീകരണം നടപ്പിൽ വരുത്താതെ പ്രതിസന്ധിയിൽ നിന്ന് രക്ഷ നേടാനാകില്ല എന്നുറപ്പുണ്ടായിരുന്നു ആ സാമ്പത്തിക ശാസ്ത്രജ്ഞന്. എന്നാൽ, വളരെ ദുർബലമായ അവസ്ഥയിലുള്ള രാജ്യത്ത് ഉദാരീകരണം ഏൽപ്പിക്കാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങളും വളരെ വലുതായിരുന്നു. അതൊക്കെ കണ്ടറിഞ്ഞ് വേണ്ട മുൻകരുതലുകൾ  സ്വീകരിച്ച് അദ്ദേഹം ഇന്ത്യയെ ഉദാരീകരണത്തിലൂടെ കൈപിടിച്ച് നടത്തി. ലൈസൻസ് രാജിന് അറുതി വരുത്തി ചുവപ്പുനാട പരമാവധി അയച്ച്, രാജ്യത്തെ വിപണികൾ ഉദാരവൽക്കരിക്കപ്പെട്ടു അക്കാലത്ത്.

രൂപയുടെ മൂല്യം കുറച്ച് അന്താരാഷ്ട്ര വ്യാപാര വിനിമയം മെച്ചപ്പെടുത്തി. റിസർവ്ബാങ്കിന്റെ പക്കലുണ്ടായിരുന്ന സ്വർണ്ണശേഖരത്തിന്റെ ഒരു ഭാഗം  ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നാല് ബ്രാഞ്ചുകളിലായി പണയം വെച്ചുകൊണ്ട് അത്യാവശ്യമുള്ള കരുതൽധനം സംഭരിച്ചു. ഇന്ത്യൻ മൂലധനവിപണിയിലേക്ക്  ആദ്യമായി വിദേശ നിക്ഷേപങ്ങളെ ക്ഷണിക്കുന്ന രീതിയിലുള്ള നയപരിഷ്‌കാരം നടപ്പിലാക്കി. ഇറക്കുമതിയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ലൈസൻസിങ്ങ് സംവിധാനത്തിൽ ഉടച്ചുവാർക്കലുകൾ നടത്തുകയും ചെയ്തു. സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI)യ്ക്ക് ഇന്ത്യൻ ഓഹരി വിപണിയുടെ സമ്പൂർണ്ണ നിയന്ത്രണം കൈമാറി. എന്നിട്ടും പരിഹരിക്കാൻ ബാക്കിയുണ്ടായിരുന്ന അടിയന്തര പ്രശ്നങ്ങൾക്ക് പണം കണ്ടെത്താൻ അന്താരാഷ്ട്ര നാണ്യനിധിയിൽ നിന്ന് കടമെടുത്തു.

ഡോ. മന്മോഹൻ സിങ്ങ് പിന്നീട് രണ്ടുവട്ടം ഇന്ത്യൻ പ്രധാനമന്ത്രിയായി. അക്കാലത്തെ അദ്ദേഹത്തിന്റെ നയങ്ങളോട് കടുത്ത വിയോജിപ്പുള്ളവര്‍ ഏറെയുണ്ടായിരുന്നു. എങ്കിലും, ഇന്ത്യൻ സമ്പദ് ഘടന ഒരു വൻതകർച്ചയിലേക്ക് കൂപ്പുകുത്തുന്നതിൽ നിന്ന് രക്ഷിക്കാൻ ധനമന്ത്രി എന്ന നിലയിൽ അദ്ദേഹം കൈക്കൊണ്ട ഫലപ്രദമായ നടപടികളുടെ പേരിൽ അദ്ദേഹത്തെ ബഹുമാനിച്ചവരാണ് അവരും. 

ഇന്ന് അദ്ദേഹത്തിന്റെ എൺപത്തിയേഴാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യങ്ങൾ നേർന്നുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. 
 

Best wishes to our former Prime Minister Dr. Manmohan Singh Ji on his birthday. I pray for his long and healthy life.

— Narendra Modi (@narendramodi)
click me!