ഇന്ത്യയിലുമുണ്ട് ഗ്രെറ്റയെ പോലെ ഒരു പെണ്‍കുട്ടി; നമുക്ക് വേണ്ടി നിങ്ങളെന്ത് ചെയ്തുവെന്ന് ചോദ്യം ചെയ്തവള്‍...

By Web TeamFirst Published Sep 26, 2019, 12:39 PM IST
Highlights

ഇന്ത്യയിലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുകയും അവ തടയുന്നതിനായി എന്ത് കരുതലാണ് രാജ്യമെടുത്തത് എന്ന ചോദ്യമുയര്‍ത്തുകയും ചെയ്തു അന്ന് റിഥിമ. 

പാരിസ്ഥിതിക പ്രശ്നങ്ങള്‍ ലോകത്തെയാകെ ആശങ്കയിലാഴ്ത്തുമ്പോള്‍ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്, ഇനി വരുന്ന ഒരു തലമുറയ്ക്ക് വേണ്ടി നമ്മളെന്താണ് കരുതിവെച്ചിട്ടുള്ളത് എന്നത്. ആഗോളതാപനമടക്കം ലോകത്തിന്‍റെ ഭാവി ചോദ്യചിഹ്നമാക്കുമ്പോഴാണ് ഇവിടെ ഗ്രെറ്റ തുംബര്‍ഗ് എന്ന പതിനാറുകാരിയടക്കം ലോകനേതാക്കളെ ചോദ്യം ചെയ്യുന്നത്. 'നമ്മുടെ ഭാവി സുരക്ഷിതമാക്കാന്‍ നിങ്ങളെന്താണ് ചെയ്‍തത്' എന്ന ചോദ്യത്തില്‍ നിന്ന് ആര്‍ക്കും ഒളിച്ചോടുക സാധ്യമല്ല. യു എന്‍ കാലാവസ്ഥ അടിയന്തര ഉച്ചകോടിയില്‍ ഗ്രെറ്റ എന്ന സ്വീഡിഷ് പെണ്‍കുട്ടിയുടെ വാക്കുകള്‍ ലോകത്തെയാകെ ചിന്തിപ്പിക്കുന്നതാണ്. പരിസ്ഥിതി സംരക്ഷണ പോരാട്ടത്തിലൂടെ ശ്രദ്ധേയായ ഈ പതിനാറുകാരിയായ സാമൂഹ്യപ്രവര്‍ത്തകയെ ആംനെസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ പരമോന്നത പുരസ്കാരം നല്‍കിയും ആദരിച്ചിരുന്നു. ലോകത്താകെ പരിസ്ഥിതിക്ക് വേണ്ടിയുള്ള ശബ്ദങ്ങളുടെ മുഖമാവുകയാണ് ഗ്രെറ്റ. 

കുട്ടികളുടെ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്ര കൺവെൻഷനിൽ ജർമ്മനി, ഫ്രാൻസ്, ബ്രസീൽ, അർജന്‍റീന, തുർക്കി എന്നീ രാജ്യങ്ങള്‍ക്കെതിരെ കേസ് നല്‍കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള 16 യുവ കാലാവസ്ഥാ പ്രവർത്തകരാണ് ഈ അഞ്ച് രാജ്യങ്ങൾക്കെതിരെ കേസ് നല്‍കിയത്. കാരണം, ഈ രാജ്യങ്ങളാണ് ഏറ്റവും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നതെന്ന് ഈ പ്രവർത്തകർ വിശ്വസിക്കുന്നു. ലോകനേതാക്കൾ തെറ്റായി പ്രവർത്തിച്ചതിന്‍റെ ഫലം വരും തലമുറകളുടെ ഭാവി അപകടത്തിലാക്കുമെന്ന് ഈ നിവേദനത്തിൽ പറയുന്നു. ഈ 16 കാലാവസ്ഥാ പ്രവർത്തകരിൽ ഒരാളാണ് ഇന്ത്യക്കാരിയായ 11 വയസ്സുകാരി റിഥിമ പാണ്ഡേ. ഉത്തരാഖണ്ഡില്‍ നിന്നുള്ള റിഥിമ സ്വന്തം രാജ്യത്തിനെതിരെ നേരത്തെ കേസ് നല്‍കിയ ആളാണ്. അന്നവള്‍ക്ക് ഒമ്പത് വയസ്സായിരുന്നു പ്രായം. 2017 മാര്‍ച്ചില്‍ നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിനൊപ്പം ചേര്‍ന്നാണ് അവള്‍ കേസ് ഫയല്‍ ചെയ്‍തത്. 

ഇന്ത്യയിലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുകയും അവ തടയുന്നതിനായി എന്ത് കരുതലാണ് രാജ്യമെടുത്തത് എന്ന ചോദ്യമുയര്‍ത്തുകയും ചെയ്തു അന്ന് റിഥിമ. കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാനോ പാരിസ് എഗ്രിമെന്‍റിലെ കാര്യങ്ങള്‍ നടപ്പില്‍ വരുത്താനോ ഉള്ള നടപടികള്‍ ഇന്ത്യാ ഗവണ്‍മെന്‍റ് സ്വീകരിക്കുന്നില്ല എന്ന് കാണിച്ചായിരുന്നു റിഥിമ പരാതി നല്‍കിയത്. 

2017 -ല്‍ ദ ഇന്‍ഡിപെന്‍ഡന്‍റിന് നല്‍കിയ അഭിമുഖത്തില്‍ റിഥിമ പറഞ്ഞത് ഇങ്ങനെയാണ്. ''കടുത്ത കാലാവസ്ഥയ്ക്ക് കാരണമാകുന്ന ഗ്രീന്‍ ഹൗസ് വാതകങ്ങള്‍ നിയന്ത്രിക്കുന്നതിനും കുറയ്ക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നതിൽ എന്‍റെ സർക്കാർ പരാജയപ്പെട്ടു. ഇത് എന്നെയും ഭാവിതലമുറയെയും ബാധിക്കും. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന് എന്റെ രാജ്യത്തിന് വളരെയധികം കഴിവുണ്ട്. എന്നാല്‍, സർക്കാര്‍ ഇക്കാര്യത്തില്‍ നിഷ്‌ക്രിയത്വം കാണിച്ചു. അതുകാരണമാണ് ഞാൻ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്” എന്നാണ്.  ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കണം, വനം, മണ്ണ്, പുല്‍പ്രദേശങ്ങള്‍, കണ്ടല്‍ എന്നിവയെല്ലാം സംരക്ഷിക്കണമെന്നും റിഥിമ ആവശ്യപ്പെട്ടു.  1986 -ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിൽ ഇവയെല്ലാം  ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ട്രൈബ്യൂണൽ പറഞ്ഞതിനാലാണ് അവളുടെ കേസ് തീർപ്പാക്കിയത്.

പരിസ്ഥിതി പ്രവര്‍ത്തകന്‍ തന്നെയാണ് റിഥിമയുടെ അച്ഛന്‍ ദിനേശ് പാണ്ഡേയും. ഉത്തരാഖണ്ഡിലെ ഒരു എന്‍ജിഒയില്‍ പ്രവര്‍ത്തിക്കുകയാണ് ദിനേശ് പാണ്ഡേ. 2013 -ല്‍ ഉത്തരാഖണ്ഡിലുണ്ടായ വെള്ളപ്പൊക്കമാണ് പരിസ്ഥിതിക്ക് വേണ്ടിയുള്ള പോരാട്ടത്തിനിറങ്ങുന്നതിന് അവള്‍ക്ക് കരുത്തായി മാറിയത്. ആ പ്രകൃതി ദുരന്തം അവളുടെ വഴി കാണിച്ചുകൊടുത്തു. അന്ന്, അയ്യായിരത്തിലധികം പേരാണ് ഉത്തരാഖണ്ഡില്‍ കൊല്ലപ്പെട്ടത്. 

തനിക്ക് വേണ്ടി മാത്രമല്ല അവളുടെ പോരാട്ടം. ഇനിയിവിടെ പിറക്കാനിരിക്കുന്നവര്‍ക്ക് വേണ്ടിയാണ്. ''എനിക്ക് ഒരു നല്ല ഭാവിയുണ്ടാവണം. നമുക്കെല്ലാവര്‍ക്കും ഒരു നല്ല ഭാവി വേണം. ഇനി വരുന്നൊരു തലമുറയിലെ എല്ലാവര്‍ക്കും നല്ല ഭാവിയുണ്ടാകണം. അതിനുവേണ്ടിയാണ് എന്‍റെ പോരാട്ടം...'' എന്നാണ് റിഥിമ പറയുന്നത്. 


 

click me!