
ഓരോ മതവും അതാത് കാലത്തെ നീതി സംഹിതയെ അടിസ്ഥാനമാക്കിയാണ് രൂപം കൊണ്ടിട്ടുള്ളത്. സമൂഹം കാലാനുവര്‍ത്തിയായ മാറ്റത്തെ ഉള്‍ക്കൊള്ളുമ്പോഴും പലപ്പോഴും മതമേലധ്യക്ഷന്മാര്‍ യാഥാസ്ഥിതിക മൂല്യങ്ങളെ കൂടെ കൂട്ടുന്നു. മതഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത്തരം തീരുമാനങ്ങളിലേക്ക് മതാധ്യക്ഷന്മാര്‍ എത്തിചേരുന്നതും. എന്നാല്‍, ലോകമെമ്പാടും മനുഷ്യന്‍ ഏറെ വൈവിധ്യത്തോടെയും വൈജാത്യത്തോടെയുമാണ് ജീവിച്ചുവന്നിട്ടുള്ളതെന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരമൊരു സവിശേഷത മനുഷ്യനുള്ളതിനാല്‍ തന്നെ ലോകവ്യാപകമായ മതങ്ങള്‍ക്കെല്ലാം പ്രധാനപ്പെട്ട ഒരു ആരാധാരീതിയുണ്ടാകുമെങ്കിലും ഓരോ ദേശത്തെ ആരാധനാ ക്രമത്തിലും മറ്റ് ജീവിതചര്യകളിലും കാതലായ വ്യത്യാസങ്ങളും കാണാം. ഇത്തരം വൈരുദ്ധ്യങ്ങളിലൂടെയാണ് മനുഷ്യന്‍ കാലാനുവര്‍ത്തിയാകുന്നതും.
ഈ വൈരുദ്ധ്യങ്ങള്‍ പലപ്പോഴും അതത് ദേശത്തെ നിയമസംഹിതയ്ക്ക് മുന്നില്‍ പ്രശ്നവത്ക്കരിപ്പെട്ടുന്നതും സ്വാഭാവികമായ പ്രക്രിയയാണ്. ഇത്തരമൊരു പ്രശ്നം കഴിഞ്ഞ ദിവസം സുപ്രീം കോടതിയ്ക്ക് മുന്നിലുമെത്തി. അത് മുസ്ലീം നമസ്കാരത്തെ ചൊല്ലിയായിരുന്നു. ഫർഹ അൻവർ ഹുസൈൻ ഷെയ്ഖാണ് പരാതിക്കാരി. ഇന്ത്യയിലെ മുസ്ലീം സ്ത്രീകളുടെ പള്ളികളിലേക്കുള്ള പ്രവേശനം തടയുന്നത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നായിരുന്നു ഫർഹ അൻവർ ഹുസൈൻ ഷെയ്ഖ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. ഇതേ തുടര്‍ന്ന് ഈ വിഷയത്തില്‍ സുപ്രീം കോടതി വാദം കേള്‍ക്കുകയാണ്. ഇസ്ലാമിക തത്വങ്ങളില്‍ അധിഷ്ഠിതമായി മുസ്ലിം സ്ത്രീകള്‍ക്കും അന്തസുള്ള ജീവിതത്തിന് അര്‍ഹതയുണ്ടെന്ന് ഫര്‍ഹ അന്‍വര്‍ ഹര്‍ജിയില്‍ പറയുന്നു.
കൂടുതല്‍ വായിക്കാന്‍: വായിക്കാന്‍ പുസ്തകം സൗജന്യമായി നല്‍കിയ പ്രൊഫസറെ താലിബാന്‍ അറസ്റ്റ് ചെയ്തു; പിന്നാലെ ക്രൂരമര്‍ദ്ദനം
കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് (എഐഎംപിഎൽബി) സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. മതഗ്രന്ഥങ്ങൾ, സിദ്ധാന്തങ്ങൾ, വിശ്വാസങ്ങൾ എന്നിവ അനുസരിച്ച് പൊതുസ്ഥലങ്ങളിൽ പുരുഷന്മാരും സ്ത്രീകളും സ്വതന്ത്രമായി ഇടകലരുന്ന സാഹചര്യം ഇല്ലെങ്കിൽ നമസ്കരിക്കാൻ സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കാൻ അനുവാദമുണ്ടെന്നായിരുന്നു എഐഎംപിഎൽബി സുപ്രീം കോടതിയെ അറിയിച്ചത്. ഒരു പള്ളിയിലും ലിംഗഭേദം സ്വതന്ത്രമായി ഇടകലരുന്നതിന് അനുമതി നൽകുന്ന ഒരു മതഗ്രന്ഥവും ഇല്ലെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.
മക്കയിലെ കഅബയ്ക്ക് ചുറ്റും നമസ്‌കരിക്കുമ്പോൾ, നമസ്‌കാര സമയത്ത് ആരാധന നടത്തുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും ഇടയിൽ വേർപിരിയാൻ ബാരിക്കേഡുകൾ സ്ഥാപിച്ച് താൽക്കാലിക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താറുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മക്കയിൽ, മസ്ജിദ് അൽ-ഹറാമിന് സമീപം നിരവധി പള്ളികളുണ്ട്, അവിടെ മുഹമ്മദ് നബിയുടെ കാലം മുതൽ, ലിംഗഭേദം അനുവദനീയമല്ലെന്നും സത്യവാങ്മൂലം ചൂണ്ടിക്കാണിക്കുന്നു. മിക്കവാറും എല്ലാ പള്ളികളിലും പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ പ്രവേശന കവാടമുണ്ടെന്നും വുദുവിനും ശുചിമുറിക്കുമുള്ള ഇടങ്ങൾ പോലും വെവ്വേറെയാണ്.
മുസ്ലീം സ്ത്രീകൾ ഒരു ജമാഅത്തിൽ ദിവസവും അഞ്ച് നേരം നമസ്‌കരിക്കണമെന്ന് ഇസ്‌ലാം നിർബന്ധമാക്കിയിട്ടില്ല. മാത്രമല്ല സ്ത്രീകൾക്ക് ജമാഅത്തിൽ ആഴ്‌ചതോറും വെള്ളിയാഴ്ച നാമം അർപ്പിക്കുന്നതും നിർബന്ധമല്ല. എന്നാല്‍ മുസ്ലീം പുരുഷന്മാർക്ക് ഇതെല്ലാം നിര്‍ബന്ധമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അതോടൊപ്പം ഇസ്ലാമിന്‍റെ സിദ്ധാന്തങ്ങൾ അനുസരിച്ച്, പള്ളിയിലോ വീട്ടിലോ അവളുടെ ഇഷ്ടപ്രകാരം പ്രാർത്ഥിക്കുന്നതിന് അവൾക്ക് ഒരേ മതപരമായ പ്രതിഫലത്തിന് (സവാബ്) അർഹതയുള്ളതിനാൽ മുസ്ലീം സ്ത്രീയെ വ്യത്യസ്തമായി പ്രതിഷ്ഠിക്കുന്നുവെന്നും സത്യവാങ്മൂലം പറയുന്നു. മാത്രമല്ല പല പള്ളികളിലെയും പുരുഷന്മാരുടെയും സ്ത്രീകളുടെയും അറകൾ തമ്മിലുള്ള വേർതിരിവ് മുസ്ലീം സ്ത്രീകൾക്ക് സുരക്ഷിതവുമായ ഇടം നല്‍കുന്നു. ഇത് അവർക്ക് സമാധാനത്തോടെ പ്രാർത്ഥിക്കാനും ഒപ്പം ആത്മീയ പ്രവർത്തനങ്ങളിൽ ഏര്‍പ്പെടാനും അനുവദിക്കുന്നുവെന്നും സത്യവാങ്മൂലം ചൂണ്ടിക്കാട്ടുന്നു.
കൂടുതല്‍ വായിക്കാന്‍: കാലിപ്പാണോ? ബംഗളൂര് വാ തല്ലിപ്പൊളിക്കാം!